| Tuesday, 13th June 2023, 8:20 am

'ഇനി നടക്കില്ല'; കരാറിന്റെ കാര്യത്തില്‍ പി.എസ്.ജിക്ക് മുന്നറിയിപ്പുമായി എംബാപ്പെ

സ്പോര്‍ട്സ് ഡെസ്‌ക്

പി.എസ്.ജിയില്‍ 2025 വരെ തുടരാനാകില്ലെന്ന തീരുമാനം അറിയിച്ച് ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ. അടുത്ത സീസണിന്റെ അവസാനത്തോടെ താന്‍ ക്ലബ്ബ് വിടുമെന്ന് പി.എസ്.ജിയുടെ ഉന്നത ഉദ്യോഗസ്ഥരെ എംബാപ്പെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. 2024ല്‍ പാരീസിയന്‍ ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കുന്ന എംബാപ്പെയെ ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ നിലനിര്‍ത്താന്‍ ആയിരുന്നു പി.എസ്.ജി നേരത്തെ പദ്ധതിയിട്ടിരുന്നത്.

എംബാപ്പെ പി.എസ്.ജി വിടുന്നതോടെ സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറെന്റിനൊ പെരെസിന്റെ സ്വപ്നമാണ് എംബാപ്പെയെ ക്ലബ്ബില്‍ എത്തിക്കുക എന്നത്.

കഴിഞ്ഞ സീസണില്‍ തന്നെ ഇക്കാര്യത്തില്‍ ഫ്‌ളോറെന്റീനൊ പെരെസ് നീക്കം നടത്തിയിരുന്നെങ്കിലും അത് നടന്നില്ല. എന്നാല്‍ വീണ്ടും എംബാപ്പെക്കായി രംഗത്തെത്തിയ പെരെസ് 150 മില്യണ്‍ യൂറോ ( 1320 കോടി രൂപ ) യൂറോയാണ് താരത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്.

സ്പോര്‍ട്സ് മാധ്യമങ്ങളായ മാര്‍ക്കയുടെയും സെന്‍ട്രല്‍ ഡിഫന്‍സ് സൈറ്റിന്റെയും റിപ്പോര്‍ട്ട് പ്രകാരം 2024 ജനുവരിയില്‍ ലോസ് ബ്ലാങ്കോസ് താരത്തെ സ്വന്തമാക്കുകയും അടുത്ത വര്‍ഷം എംബാപ്പെ റയല്‍ മാഡ്രിഡ് ജേഴ്സിയില്‍ കളിക്കുകയും ചെയ്യും.

കഴിഞ്ഞ സീസണിലും എംബാപ്പെയെ സൈന്‍ ചെയ്യാനായി റയല്‍ മാഡ്രിഡ് ശ്രമം നടത്തിയിരുന്നെങ്കിലും ട്രാന്‍സ്ഫര്‍ പ്രക്രിയകളുടെ അവസാന നിമിഷം വമ്പന്‍ ഓഫര്‍ നല്‍കി എംബാപ്പെയെ പി.എസ്.ജി തങ്ങളുടെ ക്ലബ്ബില്‍ നിലനിര്‍ത്തുകയായിരുന്നു. ഇക്കാര്യത്തില്‍ റയല്‍ പരിശീലകന്‍ ആന്‍സലോട്ടിക്ക് താരത്തിനോട് ദേഷ്യമുണ്ടെന്ന് നേരത്തെ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നിരുന്നാലും റയല്‍ മാനേജ്മെന്റിന് എംബാപ്പെയെ ഇപ്പോഴും വാങ്ങാന്‍ താത്പര്യമുണ്ടെന്നും താരത്തെ സൈന്‍ ചെയ്യാനായി ഇപ്പോഴും സ്പാനിഷ് ക്ലബ്ബ് ശ്രമം തുടരുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Kylian Mbappe wants to leave PSG in 2024

We use cookies to give you the best possible experience. Learn more