| Wednesday, 31st May 2023, 8:44 am

അദ്ദേഹത്തെ പോകാന്‍ അനുവദിക്കരുത്, കരാര്‍ നീട്ടണം; പി.എസ്.ജി പ്രസിഡന്റിനോട് ആവശ്യം ഉന്നയിച്ച് എംബാപ്പെ

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയിലെ നിര്‍ണായക താരമാണ് കിലിയന്‍ എംബാപ്പെ. പല തവണ ക്ലബ്ബ് വിടാന്‍ ശ്രമിച്ചിരുന്നെങ്കിലും മോഹ വില നല്‍കി പാരീസിയന്‍സ് എംബാപ്പെയെ ക്ലബ്ബില്‍ നിലനിര്‍ത്തുകയായിരുന്നു. ക്ലബ്ബില്‍ പ്രഗത്ഭരായ പല താരങ്ങള്‍ ഉണ്ടെങ്കിലും എംബാപ്പെയെ മുന്‍ നിര്‍ത്തിയാണ് പി.എസ്.ജി തന്ത്രങ്ങള്‍ മെനയുന്നത്.

ഈ സീസണിന്റെ അവസാനത്തോടെ പി.എസ്.ജി സൂപ്പര്‍താരം സെര്‍ജിയോ റാമോസിന്റെ കരാര്‍ അവസാനിക്കുകയാണ്. റാമോസിനെ ക്ലബ്ബില്‍ നിന്ന് പോകാന്‍ അനുവദിക്കരുതെന്നും താരത്തിന്റെ കരാര്‍ നീട്ടണമെന്നും ആവശ്യപ്പെട്ട് എംബാപ്പെ പി.എസ്.ജി പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫിയെ സമീപിച്ചിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

എല്‍ നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം ലീഗ് വണ്‍ ചാമ്പ്യന്‍സിനൊപ്പം റാമോസ് നിലനില്‍ക്കണമെന്നാണ് എംബാപ്പെയുടെ ആഗ്രഹം. റാമോസിനും എംബാപ്പെക്കുമിടയില്‍ മികച്ച സൗഹൃദമാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വരുന്ന ജൂണിലാണ് ക്ലബ്ബുമായുള്ള റാമോസിന്റെ കരാര്‍ അവസാനിക്കുക. താരത്തെ ക്ലബ്ബില്‍ നിലനിര്‍ത്തുന്ന കാര്യത്തില്‍ പരിശീലകന്‍ ക്രിസ്റ്റഫ് ഗാള്‍ട്ടിയറിന്റെ ഭാഗത്ത് നിന്ന് ഇതുവരെ നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 37കാരനായ താരത്തെ പി.എസ്.ജി ക്ലബ്ബില്‍ നിലനിര്‍ത്തുകയാണെങ്കില്‍ തന്നെ വേതനം 50 ശതമാനം വെട്ടിക്കുറക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സീസണില്‍ ഇതുവരെ കളിച്ച 44 മത്സരങ്ങളില്‍ നിന്ന് നാല് ഗോള്‍ കോണ്‍ട്രിബ്യൂഷനാണ് താരത്തിന്റെ സമ്പാദ്യം. മുന്‍ റയല്‍ മാഡ്രിഡ് ക്യാപ്റ്റന് പാരീസിയന്‍ ക്ലബ്ബില്‍ രണ്ടാം തവണയും ലീഗ് വണ്‍ ടൈറ്റില്‍ നേടാനായെങ്കിലും പ്രായവും ഫിറ്റ്‌നെസും കണക്കിലെടുത്ത് ക്ലബ്ബില്‍ തുടരാനാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം, ലീഗ് വണ്ണില്‍ കളിച്ച 37 മത്സരങ്ങളില്‍ നിന്ന് 27 ജയവും ആറ് തോല്‍വിയും നാല് സമനിലയും വഴങ്ങി 85 പോയിന്റുമായാണ് പി.എസ്.ജി ടൂര്‍ണമെന്റ് പേരിലാക്കിയത്. അത്രത്തന്നെ മത്സരങ്ങളില്‍ നിന്ന് 24 ജയവും നാല് തോല്‍വിയും ഒമ്പത് സമനിലയും വഴങ്ങി നാല് പോയിന്റ് വ്യത്യാസത്തില്‍ ലെന്‍സാണ് രണ്ടാം സ്ഥാനത്ത്.

ജൂണ്‍ നാലിന് ക്ലെര്‍മോണ്ട് ഫൂട്ടിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights: Kylian Mbappe wants Sergio Ramos to continue with PSG

We use cookies to give you the best possible experience. Learn more