| Thursday, 29th June 2023, 12:29 pm

മെസിക്ക് ഇന്റര്‍ മിയാമി നല്‍കിയതിന് സമാനമായ കരാര്‍ വേണം; റയല്‍ മാഡ്രിഡിനോട് കിലിയന്‍ എംബാപ്പെ

സ്പോര്‍ട്സ് ഡെസ്‌ക്

റയല്‍ മാഡ്രിഡില്‍ നിന്ന് തനിക്ക് വരാനിരിക്കുന്ന ഓഫര്‍ ലയണല്‍ മെസിക്ക് ഇന്റര്‍ മിയാമിയില്‍ ലഭിച്ചതിന് സമാനമായിരിക്കണമെന്ന് ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ. വേതനത്തിന് പുറമെ ക്ലബ്ബിന്റെ വരുമാനത്തില്‍ നിന്ന് ഒരു പകുതിയും ടെലിവിഷന്‍ റൈറ്റ്‌സില്‍ നിന്നുള്ള വിഹിതവുമാണ് റയല്‍ മാഡ്രിഡില്‍ നിന്ന് എംബാപ്പെ പ്രതീക്ഷിക്കുന്നത്.

സീസണില്‍ 50 മില്യണ്‍ യൂറോ വേതനം ലഭിക്കുന്ന ഇന്‍ര്‍ മിയാമിയുടെ കരാറിലാണ് മെസി ഒപ്പുവെച്ചിരിക്കുന്നത്. ഇതിനുപുറമെ ഇന്റര്‍ മിയാമിയുടെ വിവിധ ഉറവിടങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നുള്ള വിഹിതവും ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള ഓഹരിയും താരത്തിന് ലഭിക്കും.

2024 വരെയാണ് എംബാപ്പെക്ക് പി.എസ്.ജിയുമായി കരാര്‍ ഉള്ളത്. കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരണമെന്ന് പി.എസ്.ജി എംബാപ്പെയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് സാധ്യമല്ലെന്നും 2024ല്‍ തനിക്ക് ഫ്രീ ഏജന്റായി ക്ലബ്ബ് വിടണമെന്നും എംബാപ്പെ പി.എസ്.ജിക്ക് കത്തെഴുതുകയായിരുന്നു.

താരം തന്റെ തീരുമാനം അറിയിച്ചതോടെ ഈ സീസണില്‍ ക്ലബ്ബ് വിടാന്‍ പി.എസ്.ജി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ക്ലബ്ബ് വിടാന്‍ എംബാപ്പെ തയ്യാറാണെന്നും എന്നാല്‍ കരാറില്‍ പറഞ്ഞതുപ്രകാരം താരത്തിന് നല്‍കാമെന്നേറ്റ ലോയല്‍റ്റി ബോണസ് മുഴുവന്‍ കിട്ടണമെന്ന് അദ്ദേഹം പി.എസ്.ജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ഞാന്‍ പി.എസ്.ജി വിടുമെന്നാണോ? അതിനുള്ള ഉത്തരം നേരത്തെ നല്‍കിയിരുന്നു. അടുത്ത സീസണില്‍ ഞാന്‍ പി.എസ്.ജിയില്‍ തന്നെ തുടരും. ഒരു കത്തെഴുതിയത് കൊണ്ട് ആര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ല. കരാര്‍ അവസാനിച്ചതിന് ശേഷം ക്ലബ്ബില്‍ തുടരാനാകില്ലെന്ന് പറഞ്ഞത് എന്റെ തീരുമാനമാണ്,’ എംബാപ്പെ മാധ്യമങ്ങളോട് പറഞ്ഞു.

ഈ സീസണില്‍ എംബാപ്പെ ക്ലബ്ബ് വിടുകയാണെങ്കില്‍ താരത്തിന്റെ ആഗ്രഹ പ്രകാരം സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡുമായി സൈന്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 14 തവണ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് 150 മുതല്‍ 180 മില്യണ്‍ യൂറോയാണ് എംബാപ്പെക്കിട്ടിരിക്കുന്ന മൂല്യം.

മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറെന്റിനൊ പെരെസിന്റെ സ്വപ്നമാണ് എംബാപ്പെയെ ക്ലബ്ബില്‍ എത്തിക്കുക എന്നത്. കഴിഞ്ഞ സീസണില്‍ എംബാപ്പെയെ സൈന്‍ ചെയ്യാനായി റയല്‍ മാഡ്രിഡ് ശ്രമം നടത്തിയിരുന്നെങ്കിലും ട്രാന്‍സ്ഫര്‍ പ്രക്രിയകളുടെ അവസാന നിമിഷം വമ്പന്‍ ഓഫര്‍ നല്‍കി എംബാപ്പെയെ പി.എസ്.ജി തങ്ങളുടെ ക്ലബ്ബില്‍ നിലനിര്‍ത്തുകയായിരുന്നു. ഇക്കാര്യത്തില്‍ റയല്‍ പരിശീലകന്‍ ആന്‍സലോട്ടിക്ക് താരത്തിനോട് ദേഷ്യമുണ്ടെന്ന് നേരത്തെ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നിരുന്നാലും റയല്‍ മാനേജ്മെന്റിന് എംബാപ്പെയെ ഇപ്പോഴും വാങ്ങാന്‍ താത്പര്യമുണ്ടെന്നും താരത്തെ സൈന്‍ ചെയ്യാനായി ഇപ്പോഴും സ്പാനിഷ് ക്ലബ്ബ് ശ്രമം തുടരുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Kylian Mbappe wants new offer from Real Madrid similar like Messi’s Inter Miami

We use cookies to give you the best possible experience. Learn more