ഫ്രഞ്ച് ടോപ്പ് ഡിവിഷൻ ഫുട്ബോൾ ലീഗായ ലീഗ് വണ്ണിലെ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് പി.എസ്.ജി.
ഞായറാഴ്ച നടന്ന മത്സരത്തിൽ നൈസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെയാണ് വലിയ പോരാട്ടങ്ങളും അനശ്ചിതത്വവും നിലനിൽക്കുന്ന ലീഗിൽ പി.എസ്.ജി തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തിയത്.
പി.എസ്.ജിയുടെ സൂപ്പർ താരങ്ങളിലൊരാളായ മെസിയുടെ ക്ലബ്ബിലെ കരാർ ഈ ജൂണിൽ അവസാനിക്കുകയാണ്. ശേഷം ക്ലബ്ബുമായി കരാർ പൂർത്തിയാക്കിയില്ലെങ്കിൽ ഫ്രീ ഏജന്റായി മാറുന്ന മെസിയെ സ്വന്തമാക്കാനായി ബാഴ്സലോണ, ഇന്റർ മിലാൻ, ഇന്റർ മിയാമി, അൽ ഹിലാൽ മുതലായ ക്ലബ്ബുകൾ രംഗത്തുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
എന്നാൽ മെസി പാരിസ് ക്ലബ്ബ് വിടാതിരിക്കാൻ എംബാപ്പെ ശ്രമം നടത്തുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളിപ്പോൾ പുറത്ത് വരുന്നുണ്ട്. എൽ നാഷണലാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മെസി പി.എസ്.ജി വിടാതിരിക്കാൻ എംബാപ്പെ താരത്തെ ഉപദേശിക്കുന്നുണ്ടെന്നും പാരിസ് ക്ലബ്ബിൽ തന്നെ തുടരാൻ ഉപദേശിക്കുന്നുണ്ടെന്നുമാണ് എൽ നാഷണലിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്.
പി.എസ്.ജിയിൽ മെസിക്കൊപ്പം ഒത്തിണക്കത്തോടെ കളിക്കാൻ കഴിയുന്ന താരത്തിന് മെസിയുടെ ക്ലബ്ബ് വിട്ട്പോകൽ വലിയ ക്ഷീണം വരുത്തിവെക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അതേസമയം മെസി തന്റെ പഴയ തട്ടകമായ ബാഴ്സയിലേക്ക് തിരിച്ചെത്തണമെന്ന് വലിയ ഒരു വിഭാഗം ബാഴ്സ ആരാധകരും ആഗ്രഹിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
മുൻ ബാഴ്സ പ്രസിഡന്റ് ജോൻ ഗാസ്പാർട്ടും നിലവിലെ പ്രസിഡന്റ് ലപോർട്ടയുമടക്കം മെസിയുടെ ബാഴ്സയിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് സൂചനകൾ നൽകിയിരുന്നു.
നിലവിൽ ലീഗ് വണ്ണിൽ 30 മത്സരങ്ങളിൽ നിന്നും 22 വിജയങ്ങളുമായി 69 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്സ.