ലീഗ് വണ്‍ വമ്പന്‍മാരായ പി.എസ്.ജിയില്‍ വമ്പന്‍ പ്രതിസന്ധികള്‍ ഉടലെടുക്കുന്നു. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ടീമില്‍ നിന്നും പുറത്ത് പോകണമെന്ന് മാനേജ്‌മെന്റിനെ അറിയിച്ചിരിക്കുകയാണ്. രണ്ട് വര്‍ഷത്തേക്ക് താരം കരാര്‍ ഒപ്പിട്ടിട്ടുണ്ടെങ്കിലും വരുന്ന ജനുവരിയില്‍ തനിക്ക് പി.എസ്.ജിയില്‍ നിന്നും പോകണമെന്നാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്.
എംബാപ്പെ ജൂലൈയില്‍ തന്നെ ക്ലബ്ബ് വിടാന്‍ തീരുമാനിച്ചിരുന്നെങ്കിലും ടീം സെലക്ഷനിലടക്കം ഇടപെടാനുള്ള പ്രത്യേക അധികാരങ്ങള്‍ നല്‍കി പി.എസ്.ജി താരത്തെ പിടിച്ചുനിര്‍ത്തുകയായിരുന്നു.
പി.എസ്.ജി വിവിധ വാഗ്ദാനങ്ങള്‍ ചെയ്ത് തന്നെ പറ്റിക്കുകയായിരുന്നുവെന്നും കരാര്‍ പുതുക്കുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ലെന്നും എംബാപ്പെ പറയുന്നു.
മാര്‍ക്കയടക്കമുള്ള വിവിധ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
താരം ഏത് ടീമിലേക്കാവും ചേക്കാറാന്‍ സാധ്യതയുള്ളതെന്നാണ് ഇപ്പോഴുള്ള ചര്‍ച്ച. റയല്‍ മാഡ്രിഡ് ഒഴികെയുള്ള എല്ലാ ടീമുകളിലേക്കും താരത്തിന് സാധ്യത കല്‍പിക്കുന്നുണ്ട്.
ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എംബാപ്പെയെ ടീമിലെത്തിക്കാന്‍ റയല്‍ പരമാവധി ശ്രമിച്ചികരുന്നു. എന്നാല്‍ റയലിന്റെ ശ്രമങ്ങളെ വിലവെക്കാതെ താരം പി.എസ്.ജിയില്‍ തുടരുകയായിരുന്നു.
എന്നാല്‍ എംബാപ്പെയെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു ലോസ് ബ്ലാങ്കോസ് മുന്നോട്ട് പോയത്. ഇനി എംബാപ്പെക്കായി തങ്ങള്‍ ശ്രമിക്കില്ലെന്നും മുന്നേറ്റ നിരയിലേക്ക് സിറ്റിയുടെ നോര്‍വീജിയന്‍ ഇന്റര്‍നാഷണല്‍ എര്‍ലിങ് ഹാലണ്ടിനെ എത്തിക്കാനുമാണ് ഇനി റയലിന്റെ ശ്രമമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാറിയ സാഹചര്യത്തില്‍ തനിക്ക് റയലില്‍ കളിക്കാന്‍ താത്പര്യമുണ്ടെന്ന് എംബാപ്പെ അറിയിച്ചിരുന്നു. എന്നാല്‍ റയല്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി നോക്കേണ്ടത്.
എന്നാല്‍ റയലിന്റെ ചിരവൈരികളായ ബാഴ്‌സയുമായി കൈകോര്‍ക്കാന്‍ എംബാപ്പെ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
എല്‍ നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം താരം ക്ലബ്ബ് പ്രസിഡന്റ് ജോവാന്‍ ലപോര്‍ട്ടയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും രണ്ട് പ്രധാന നിബന്ധകള്‍ അംഗീകരിക്കാന്‍ ടീം തയ്യാറാണെങ്കില്‍ ബാഴ്സയിലേക്കെത്താന്‍ താത്പര്യമുണ്ടെന്നാണ് താരം ബാഴ്സ പ്രസിഡന്റിനെ അറിയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
റയലിന് കിട്ടുന്ന നേരിട്ടുള്ള പണിയായതിനാലും, അവരുടെ ഡ്രീം സൈനിങ്ങായ എംബാപ്പെയെ തന്നെ ടീമിലെത്തിച്ച് റയലിനെ ഞെട്ടിക്കാനുമാവും ബാഴ്സയും ഒരുങ്ങുന്നത്.
കറ്റാലന്‍മാര്‍ ഇതിനോടകം തന്നെ എംബാപ്പെയുമായി ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
താന്‍ ബാഴ്സയിലെത്താനായി രണ്ട് പ്രധാന നിബന്ധനയാണ് എംബാപ്പെ ക്ലബ്ബിന് മുമ്പില്‍ വെച്ചിരിക്കുന്നത്.
മെസിയുമായി ഡ്രസിങ് റൂം പങ്കിടാന്‍ താത്പര്യമില്ല എന്നതാണ് അതില്‍ ഒന്നാമത്തേത്. മെസിയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളില്‍ നിന്നും ബാഴ്സ പിന്‍മാറിയാല്‍ മാത്രമേ താരം കറ്റാലന്‍മാരുടെ പാളയത്തിലെത്തൂ.
പി.എസ്.ജിയിലെ തന്റെ സഹതാരവുമായി അത്ര നല്ല ബന്ധമല്ല എംബാപ്പെക്കുള്ളത്. ഇക്കാരണം കൊണ്ടു തന്നെ താന്‍ ബാഴ്സയിലെത്തുമ്പോള്‍ അവിടെ മെസിയുണ്ടാകരുത് എന്നാണ് താരത്തിന്റെ ആവശ്യം.
2023ല്‍ പി.എസ്.ജിയുമായി കരാര്‍ കഴിയുന്ന മെസിയെ തിരികെ ബാഴ്സയിലെത്തിക്കാന്‍ ക്ലബ്ബിന് പ്ലാനുകള്‍ ഉണ്ടായിരുന്നു. അതിനിടെയാണ് എംബാപ്പെയുടെ ഈ നിബന്ധന ടീമിന് മുമ്പില്‍ വരുന്നത്.
ടീമില്‍ ഏറ്റവും പ്രതിഫലം തനിക്കായിരിക്കണമെന്നും ബാഴ്സയുടെ അണ്‍ ഡിസ്പ്യൂട്ടഡ് സ്റ്റാര്‍ട്ടര്‍ ആവണമെന്നതുമാണ് എംബാപ്പെയുടെ രണ്ടാമത് ഡിമാന്‍ഡ്.
എംബാപ്പെ ബാഴ്സയിലെത്തിയാല്‍ ഫുട്ബോള്‍ ലോകത്ത് ലെവന്‍ഡോസ്‌കിക്ക് ശേഷം സമീപ കാലത്ത് ഏറ്റവും ഇംപാക്ട് ഉണ്ടാക്കുന്ന സൈനിങ് ആവുമെന്ന കാര്യം ഉറപ്പാണ്.
Content highlight: Kylian Mbappe to leave PSG, Reports