2024 യൂറോകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കം കുറിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ജൂണ്‍ 14 മുതല്‍ ജര്‍മനിയിലാണ് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം കുറിക്കുന്നത്.
ഇപ്പോഴിതാ യൂറോകപ്പും ലോകകപ്പും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ. ലോകകപ്പിനേക്കാള്‍ ബുദ്ധിമുട്ട് നിറഞ്ഞത് യൂറോകപ്പ് ആണെന്നാണ് എംബാപ്പെ പറഞ്ഞത്. ദി യൂറോപ് ലാന്‍ഡിന് നല്‍കിയ അഭിമുഖത്തിലൂടെ പ്രതികരിക്കുകയായിരുന്നു ഫ്രഞ്ച് സൂപ്പര്‍ താരം.
‘എനിക്ക് ലോകകപ്പിനേക്കാള്‍ ബുദ്ധിമുട്ട് യൂറോ കപ്പ് കളിക്കുമ്പോഴാണ്. ലോകകപ്പില്‍ വളരെയധികം സമ്മര്‍ദ്ദം ഉണ്ടെങ്കിലും യൂറോ കപ്പില്‍ എല്ലാ ടീമുകള്‍ക്കും പരസ്പരം തമ്മില്‍ അറിയാം. ഞങ്ങള്‍ ഇവിടെ എല്ലായിപ്പോഴും പരസ്പരം കളിക്കാറുണ്ട്. ടെക്‌നിക്കലി ഇത് വളരെ മികച്ചതാണ്,’ കിലിയന്‍ എംബാപ്പെ പറഞ്ഞു.
യൂറോകപ്പിനു മുന്നോടിയായി നടന്ന സൗഹൃദമത്സരത്തില്‍ ലക്‌സംബര്‍ഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഫ്രാന്‍സ് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ രണ്ട് അസിസ്റ്റുകളും ഒരു ഗോളും നേടി മിന്നും പ്രകടനമാണ് എംബാപ്പെ നടത്തിയത്. ജൂണ്‍ 10ന് കാനഡയ്ക്കെതിരെയാണ് ഫ്രാന്‍സിന്റെ അടുത്ത സൗഹൃദമത്സരം നടക്കുന്നത്.
അതേസമയം ഫ്രാന്‍സ് മൂന്നാം യൂറോ കപ്പ് കിരീടം ലക്ഷ്യമിട്ട് ആയിരിക്കും ജര്‍മനിയിലേക്ക് പറക്കുക. യൂറോകപ്പില്‍ ഗ്രൂപ്പ് ഡിയിലാണ് എംബാപ്പെയും കൂട്ടരും ഇടം നേടിയത്. പോളണ്ട്, നെതര്‍ലാന്‍ഡ്‌സ്, ഓസ്ട്രിയ എന്നീ ടീമുകളാണ് ഫ്രഞ്ച് പടയ്ക്കൊപ്പം ഗ്രൂപ്പ് ഡിയില്‍ കിരീട പോരാട്ടത്തിനായി മത്സരിക്കുന്നത്.
ജൂണ്‍ 18നാണ് ഫ്രാന്‍സിന്റെ യൂറോകപ്പിലെ ആദ്യ മത്സരം നടക്കുന്നത്. മെര്‍ക്കുറി സ്പീല്‍ അറീനയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഓസ്ട്രിയയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.
Content Highlight: Kylian Mbappe Talks about the Diffrence between Euro Cup and World Cup