അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ എട്ടാം ബാലണ്‍ ഡി ഓര്‍ നേട്ടത്തെകുറിച്ച് സംസാരിച്ചിരിക്കുകയാണ് ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ.
2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന ഫ്രാന്‍സിനെ തോല്‍പ്പിച്ചപ്പോള്‍ തന്നെ മെസി ബാലണ്‍ ഡി ഓര്‍ നേടുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നാണ് എംബാപ്പെ പറഞ്ഞത്.
‘ബാലണ്‍ ഡി ഓര്‍ ലഭിക്കാത്തത് എന്നെ അലട്ടുന്നില്ല. മെസി ആ അവാര്‍ഡിന് അര്‍ഹനാണ്. ലോകകപ്പ് ഫൈനല്‍ രാത്രിയില്‍ അര്‍ജന്റീന ഫ്രാന്‍സിനെ തോല്‍പ്പിച്ചപ്പോള്‍ മെസി ബാലണ്‍ ഡി ഓര്‍ നേടുമെന്നറിയാമായിരുന്നു. എനിക്ക് അത് മികച്ച ഒരു സീസണായിരുന്നു. ഹാലണ്ടിനെപോലെതന്നെ. എന്നാല്‍ മെസി ലോകകപ്പ് വിജയിച്ചപ്പോള്‍ അതില്‍ മാറ്റമുണ്ടായി,’ എംബാപ്പെ വൊയറ്റ്‌ബോള്‍ ന്യൂസിനോട് പറഞ്ഞു.
ലോകകപ്പിന്റെ ഫൈനലില്‍ ഫ്രാന്‍സിനെതിരെ 3-3 എന്ന ആവേശകരമായ സ്‌കോര്‍ ലൈനില്‍ അവസാനിക്കുകയും പെനാല്‍ട്ടി വിധിയെഴുതിയ മത്സരത്തില്‍ അര്‍ജന്റീന വിജയിക്കുകയും ആയിരുന്നു. ഫൈനലില്‍ എംബാപ്പെ ഹാട്രിക് നേടിയിരുന്നു ഒപ്പം എട്ട് ഗോളുകളുമായി ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടും ഫ്രഞ്ച് സൂപ്പര്‍ താരം സ്വന്തം പേരിലാക്കിയിരുന്നു.
അതേസമയം അര്‍ജന്റീനയെ ലോകകിരീടത്തിലേക്ക് നയിക്കുകയും ടൂര്‍ണമെന്റില്‍ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടികൊണ്ട് ഗോള്‍ഡന്‍ ബോളും മെസി സ്വന്തമാക്കിയിരുന്നു.
ക്ലബ്ബ് തലത്തില്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനൊപ്പം ലീഗ് വണ്‍ കിരീടം നേടുകയും പാരീസിനൊപ്പം 41 മത്സരങ്ങളില്‍ നിന്നും 21 ഗോളുകളും 20 അസിസ്റ്റുകളും മെസി നേടിയിരുന്നു. ഈ അവിസ്മരണീയമായ നേട്ടങ്ങളാണ് മെസി എട്ടാം ബാലണ്‍ ഡി ഓറിന് അര്‍ഹനാക്കിയത്.
മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം ഏര്‍ലിങ് ഹാലണ്ടും എംബാപ്പെയും മെസിക്ക് ശക്തമായ പോരാട്ടമാണ് നല്‍കിയത്.
പി.എസ്.ജിക്കൊപ്പം ലീഗ് വണ്‍ കിരീടവും 43 മത്സരങ്ങളില്‍ നിന്നും 41 ഗോളുകളും 10 അസിസ്റ്റുകളും കഴിഞ്ഞ സീസണില്‍ എംബാപ്പെ അക്കൗണ്ടില്‍ ആക്കിയിരുന്നു.
Content Highlight: Kylian mbappe talks about Lionel Messi Ballon d’or win.