Football
പാരീസില്‍ മെസിക്കൊപ്പമുള്ള പഴയ കൂട്ടുകെട്ട് ഞാന്‍ മിസ് ചെയ്യുന്നു; മനസ് തുറന്ന് എംബാപ്പെ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jan 04, 12:12 pm
Thursday, 4th January 2024, 5:42 pm

ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ മെസിക്കൊപ്പം കളിച്ചിരുന്ന നിമിഷങ്ങളെല്ലാം തനിക്ക് നഷ്ടപ്പെട്ടുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ.

കളിക്കളത്തില്‍ മെസിയോടൊപ്പം മുന്നേറ്റനിരയില്‍ കളിക്കുന്നത് വളരെ പ്രത്യേകതയുള്ള ഒന്നായിരുന്നുവെന്നാണ് എംബാപ്പെ പറഞ്ഞത്.

ട്രോഫി ഡെസ് ചാമ്പ്യന്‍സ് കിരീടം നേടിയതിന് ശേഷം മെസിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഫ്രഞ്ച് സൂപ്പര്‍ താരം.

‘പാരീസില്‍ മെസിക്കൊപ്പം കളിക്കുന്നത് ഞാന്‍ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അദ്ദേഹത്തിനോടൊപ്പം ഇനി കളിക്കാന്‍ സാധിക്കാത്തത് വലിയൊരു നഷ്ടമാണ്. എന്നെപ്പോലുള്ള ഒരു സ്‌ട്രൈക്കര്‍ക്ക് മുന്നേറ്റ നിരയില്‍ കൃത്യമായി സ്‌പെയ്‌സുകള്‍ കണ്ടെത്തി പാസുകള്‍ നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. മെസി കൃത്യമായി നിങ്ങള്‍ക്ക് പന്തുകള്‍ എത്തിച്ചു തരും. ഇദ്ദേഹത്തിന് മാത്രം തരാന്‍ സാധിക്കുന്ന ചില പ്രത്യേക പ്രകടനങ്ങള്‍ കളിക്കളത്തില്‍ ഉണ്ട്,’ എംബാപ്പെ പറഞ്ഞു.

മെസിയും എംബാപ്പെയും 67 മത്സരങ്ങളിലാണ് ഫ്രഞ്ച് വമ്പന്മാര്‍ക്കായി ഒരുമിച്ചു കളിച്ചിട്ടുള്ളത്. ഇതില്‍ ഇരുവരും ചേര്‍ന്ന് 34 ഗോളുകളാണ് നേടിയിട്ടുള്ളത്. മെസി 20 തവണ എംബാപ്പെക്ക് ഗോളടിക്കാന്‍ അവസരം നല്‍കിയപ്പോള്‍ 14 തവണയാണ് എംബാപ്പെ അര്‍ജന്റീനന്‍ നായകന് ഗോളടിക്കാന്‍ അവസരം നല്‍കിയത്.

ബാഴ്സലോണയില്‍ നിന്നും നീണ്ട കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് 2021ലാണ് മെസി പാരീസില്‍ ചേരുന്നത്. ഫ്രഞ്ച് വമ്പന്മാര്‍ക്കൊപ്പം 75 മത്സരങ്ങളില്‍ നിന്നും 32 ഗോളുകള്‍ അര്ജന്റീനന്‍ നായകന്‍ നേടിയിട്ടുണ്ട്. 2023ലാണ് മെസി പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നും മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റര്‍ മയാമിയിലേക്ക് ചേക്കേറുകയായിരുന്നു.

അതേസമയം നിലവില്‍ ഫ്രഞ്ച് ലീഗില്‍ 17 മത്സരങ്ങളില്‍ നിന്നും 12 വിജയവും നാല് സമനിലയും ഒരു തോല്‍വിയും അടക്കം 40 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പാരീസ്.

Content Highlight: Kylian Mbappe talks about Lionel Messi.