| Friday, 16th August 2024, 2:52 pm

റൊണാൾഡോക്ക് ശേഷം ആ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാവുമോ? പ്രതികരണവുമായി എംബാപ്പെ

സ്പോര്‍ട്സ് ഡെസ്‌ക്

ഇറ്റാലിയന്‍ വമ്പന്‍മാരായ അറ്റ്ലാന്‍ന്റയെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് യുവേഫ സൂപ്പര്‍ കപ്പ് സ്വന്തമാക്കിയിരുന്നു. അറ്റ്ലാന്‍ന്റയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലോസ് ബ്ലാങ്കോസ് ചാമ്പ്യൻമാരായത്.

മത്സരത്തില്‍ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ റയലിനായി അരങ്ങേറ്റം കുറിച്ചിരുന്നു. തന്റെ ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ നേടാനും കിരീടം സ്വന്തമാക്കാനും എംബാപ്പെക്ക് സാധിച്ചു. ഫ്രഞ്ച് സൂപ്പര്‍താരത്തിന്റെ മിന്നും പ്രകടങ്ങള്‍ക്ക് പിന്നാലെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ശേഷം റയല്‍ മാഡ്രിഡിനായി 50 ഗോളുകള്‍ നേടുന്ന താരമായി മാറാന്‍ എംബാപ്പെക്ക് സാധിക്കുമോയെന്ന വലിയ ചോദ്യങ്ങളാണ് ഉയര്‍ന്നുവന്നത്.

ഈ ചോദ്യങ്ങള്‍ക്ക് എംബാപ്പെ പ്രതികരിക്കുകയൂം ചെയ്തു. മൊവിസ്റ്റാറിനോട് സംസാരിക്കുകയായിരുന്നു ഫ്രഞ്ച് സ്ട്രൈക്കര്‍.

‘ഞങ്ങള്‍ റയല്‍ മാഡ്രിഡാണ്. ഞങ്ങള്‍ക്ക് പരിധികളില്ല. എനിക്ക് ഈ സീസണില്‍ 50 ഗോളുകള്‍ നേടാന്‍ കഴിയുമെങ്കില്‍ ഞാന്‍ അത് സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കും. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീം വിജയിക്കുക എന്നതും പ്രകടനങ്ങള്‍ മെച്ചപ്പെടുത്തുക എന്നുമാണ്. അതുകൊണ്ട് തന്നെ ഒരു മികച്ച ടീമായി ഞങ്ങള്‍ കളിക്കും,’ കിലിയന്‍ എംബാപ്പെ പറഞ്ഞു.

2010 മുതല്‍ 2016 വരെയുള്ള സീസണുകളിലാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡില്‍ 50 ഗോളുകള്‍ നേടിയത്. തുടര്‍ച്ചയായ ആറ് സീസണുകളിലും 50 ഗോളുകള്‍ എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചുകൂട്ടി സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു റൊണാള്‍ഡോ നടത്തിയിരുന്നത്. 2014-15 സീസണില്‍ 61 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. ലാ ലിഗയില്‍ റൊണാള്‍ഡോ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ സീസണ്‍ കൂടിയായിരുന്നു ഇത്.

ലോസ് ബ്ലാങ്കോസിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ റയലിന്റെ ജേഴ്സി അണിഞ്ഞുകൊണ്ടാണ് എംബാപ്പെ ആദ്യമായി പ്രത്യക്ഷപ്പെട്ട ചടങ്ങില്‍ റൊണാള്‍ഡോയെ ഫ്രഞ്ച് താരം അനുകരിച്ചിരുന്നു.

2009ല്‍ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ എത്തിയപ്പോള്‍ അന്ന് റൊണാള്‍ഡോ പറഞ്ഞ വാക്കുകള്‍ എംബാപ്പ അനുകരിക്കുകയായിരുന്നു. അന്നത്തെ സ്വീകരണ ചടങ്ങില്‍ റൊണാള്‍ഡോ ചെയ്ത പല നീക്കങ്ങളും ഫ്രഞ്ച് സൂപ്പര്‍ താരം അതേപടി ഇപ്പോള്‍ ലോകത്തിനു മുന്നില്‍ അനുകരിക്കുകയായിരുന്നു.

കളിക്കളത്തിലെ ആദ്യ മത്സരത്തില്‍ തന്നെ ഗോളടിച്ചുകൊണ്ട് എംബാപ്പെ വരവറിയിച്ചപ്പോൾ റൊണാള്‍ഡോയുടെ അതേ പാത റയലിന്റെ തൂവെള്ള ജേഴ്‌സിയില്‍ ഫ്രഞ്ച് സൂപ്പര്‍താരത്തിന് ആവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

അതേസമയം ലാ ലിഗയുടെ പുതിയ സീസണ്‍ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ഓഗസ്റ്റ് 19നാണ് സ്പാനിഷ് ലീഗിലെ റയലിന്റെ ആദ്യ മത്സരം. മല്ലോര്‍ക്കയാണ് കാര്‍ലോ അന്‍സലോട്ടിയുടെയും സംഘത്തിന്റെയും എതിരാളികള്‍.

Content Highlight: Kylian Mbappe Talks About How His First Season in Real Madrid

Latest Stories

We use cookies to give you the best possible experience. Learn more