| Sunday, 19th November 2023, 1:44 pm

ചില താരങ്ങള്‍ 800-850 ഗോളുകള്‍ നേടും, ഈ 300 ഗോളുകള്‍ എല്ലാം വെറും കോമഡിയാണ്; മിന്നും പ്രകടനത്തില്‍ എംബാപ്പെ

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോ യോഗ്യത മത്സരത്തില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ജിബ്രാള്‍ട്ടറിനെ 14-0ത്തിന് ഫ്രാന്‍സ് തകര്‍ത്തിരുന്നു. മത്സരത്തില്‍ ഹാട്രിക് നേടി മികച്ച പ്രകടനമാണ് കിലിയന്‍ എംബാപ്പെ കാഴ്ചവെച്ചത്.

ഇതിന് പിന്നാലെ മറ്റൊരു അവിസ്മരണീയ നേട്ടത്തിലേക്കും എംബാപ്പെ നടന്നുകയറി. ഫുട്‌ബോള്‍ കരിയറില്‍ 300 ഗോളുകള്‍ നേടുന്ന താരമെന്ന പുതിയ നാഴികകല്ലിലേക്കാണ് എംബാപ്പെ ചുവടുവെച്ചത്.

ഈ മികച്ച പ്രകടനത്തിന് പിന്നാലെ തന്റെ പ്രകടനങ്ങളെകുറിച്ച് സംസാരിച്ചിരിക്കുകയാണ് എംബാപ്പെ.

‘ഇത് ഫുട്‌ബോളിന്റെ ഭാഗമാണ്. ഫുട്‌ബോള്‍ കരിയറില്‍ 800 മുതല്‍ 850 ഗോളുകള്‍ വരെ നേടിയ താരങ്ങളുണ്ട്. ഇത് നോക്കുമ്പോള്‍ 300 എന്നത് ഒരു തമാശയാണ്. ക്ലബ്ബിനും ദേശീയ ടീമിനും വേണ്ടി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചുകൊണ്ട് മുന്നോട്ട് പോവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ എംബാപ്പെ ടി.എഫ് വണ്ണിനോട് പറഞ്ഞു.

കിലിയന്‍ എംബാപ്പെ തന്റെ ഇരുപത്തിനാലാം വയസില്‍ ആണ് 300 ഗോളുകള്‍ നേടിയതെന്നത് വളരെ ശ്രദ്ധേയമാണ്. ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെന് വേണ്ടി 227 ഗോളുകളും മോണോക്കോക്ക് വേണ്ടി 27 ഗോളുകളും ഫ്രാന്‍സ് സീനിയര്‍ ടീമിനായി 42 ഗോളുകളും ഫ്രാന്‍സ് അണ്ടര്‍ 19 ടീമിനുവേണ്ടി ഏഴ് ഗോളുകളും ആണ് എംബാപ്പെ നേടിയത്.

30′, 74′, 82′ എന്നീ മിനിറ്റുകളില്‍ ആയിരുന്നു എംബാപ്പെയുടെ ഗോളുകള്‍ പിറന്നത്. മത്സരത്തില്‍ മൂന്ന് ഗോളുകള്‍ക്ക് പുറമേ മൂന്ന് അസിസ്റ്റുകളും നേടിക്കൊണ്ട് മിന്നും പ്രകടനമാണ് എംബാപ്പെ നടത്തിയത്.

മത്സരത്തില്‍ 14-0ത്തിന്റെ റെക്കോഡ് വിജയമായിരുന്നു ഫ്രഞ്ച് പട നേടിയത്. അന്താരാഷ്ട്ര ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയം ആയിരുന്നു ഇത്.

ഈ സീസണില്‍ പാരീസിനൊപ്പവും എംബാപ്പെ മികച്ച പ്രകടനമാണ് നടത്തുന്നത്. ഈ സീസണില്‍ പി.എസ്.ജിക്കായി 15 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ എംബാപ്പെ 15 ഗോളുകളും ഒരു അസിസ്റ്റുമാണ് നേടിയിട്ടുള്ളത്.

അതേസമയം റൊണാള്‍ഡോയും മെസിയും തങ്ങളുടെ കരിയറില്‍ 800 ഗോളുകള്‍ പിന്നിട്ടുകഴിഞ്ഞു. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ സെപ്റ്റംബറിലാണ് 850 കരിയര്‍ ഗോളുകള്‍ എന്ന നാഴിക കല്ലിലെത്തിയത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ 850 ഗോളുകള്‍ നേടുന്ന ആദ്യ താരമാവാനും റൊണാള്‍ഡോക്ക് സാധിച്ചു.

എന്നാല്‍ അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസി 1044 മത്സരങ്ങളില്‍ നിന്നും 821 ഗോളുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്.

Content Highlight: Kylian Mbappe talks about his performance after he crossed 300 goals in carrier.

We use cookies to give you the best possible experience. Learn more