| Monday, 2nd September 2024, 5:53 pm

റയൽ മാഡ്രിഡിൽ റൊണാൾഡോയുടെ പിൻഗാമിയായി മാറുമോ? പ്രതികരണവുമായി എംബാപ്പെ

സ്പോര്‍ട്സ് ഡെസ്‌ക്

ലാ ലീഗയില്‍ റയല്‍ ബെറ്റിസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് ഈ സീസണിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ലോസ് ബ്ലാങ്കോസിനായി ഇരട്ട ഗോള്‍ നേടി ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ മിന്നും പ്രകടനമാണ് നടത്തിയത്. ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് എംബാപ്പെ റയലിനായി സ്പാനിഷ് ലീഗില്‍ ഗോള്‍ നേടിയത്.

മത്സരശേഷം റയല്‍ മാഡ്രിഡില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പിന്‍ഗാമിയാവാനുള്ള സാധ്യതകളെക്കുറിച്ച് ഫ്രഞ്ച് സൂപ്പര്‍താരം സംസാരിച്ചു. റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോയുടെ പിന്‍ഗാമിയാകുന്നതിന്റെ സമ്മര്‍ദം തനിക്ക് ഇല്ലെന്നാണ് എംബാപ്പെ പറഞ്ഞത്.

‘റൊണാള്‍ഡോ എന്റെ ആരാധനാപാത്രമാണ്. പക്ഷേ അദ്ദേഹത്തിന്റെ പിന്‍ഗാമി ആകാനുള്ള സമ്മര്‍ദത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. എനിക്ക് കിലിയന്‍ ആയാല്‍ മതി. എനിക്ക് വേണ്ട ഒരേയൊരു സമ്മര്‍ദം എന്നെയും ടീമിനെയും കുറിച്ചാണ്,’ എംബാപ്പെ മാഡ്രിഡ് ഏക്‌സ്ട്രായിലൂടെ പറഞ്ഞു.

റൊണാള്‍ഡോ 2009 മുതല്‍ 2018 വരെയാണ് റയല്‍ മാഡ്രിഡിന്റെ വെള്ള കുപ്പായത്തില്‍ പന്തുതട്ടിയത്. സ്പാനിഷ് വമ്പന്‍മാര്‍ക്കൊപ്പം 438 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ പോര്‍ച്ചുഗീസ് ഇതിഹാസം 450 ഗോളുകളാണ് അടിച്ചുകൂട്ടിയത്.

റയല്‍ മാഡ്രിഡിനൊപ്പം ഒരുപിടി നേട്ടങ്ങള്‍ സ്വന്തമാക്കിയതിനുശേഷം റൊണാള്‍ഡോ ഇറ്റാലിയന്‍ വമ്പര്‍മാരായ യുവന്റസിലേക്കും അവിടെനിന്ന് തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കും ചേക്കേറുകയായിരുന്നു. 2023ലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് സൗദി വമ്പന്മാരായ അല്‍ നസറിലേക്ക് കൂടുമാറിയത്.

നിലവില്‍ ഒരു ചരിത്രനേട്ടത്തിനരികെയാണ് റൊണാള്‍ഡോ. വരാനിരിക്കുന്ന മത്സരങ്ങളില്‍ ഒരു ഗോള്‍ കൂടി നേടിയാല്‍ 900 ഗോളുകളെന്ന പുതിയ നാഴികക്കല്ലിലേക്കും റൊണാള്‍ഡോക്ക് കാലെടുത്തുവെക്കാം.

ഇതിനോടകം തന്നെ പോര്‍ച്ചുഗല്‍ ദേശീയ ടീമിനും ക്ലബ്ബ് തലത്തില്‍ വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കുമായി 899 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. റയല്‍ മാഡ്രിഡിനായി 451 മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനായി 145 യുവന്റസിനായി 101 അല്‍ നസറിനായി 67 പോര്‍ച്ചുഗലിന് 130 സ്പോര്‍ട്ടിങ് ലിസ്ബണിനായി അഞ്ച് എന്നിങ്ങനെയാണ് റൊണാള്‍ഡോ വ്യത്യസ്ത ടീമുകളില്‍ കളിച്ചു നേടിയ ഗോളിന്റെ കണക്കുകള്‍.

അതേസമയം നിലവില്‍ നാല് മത്സരങ്ങളില്‍ നിന്നും രണ്ട് വീതം വിജയവും സമനിലയുമായി എട്ട് പോയിന്റോടെ രണ്ടാം സ്ഥാനത്താണ് റയല്‍. സെപ്റ്റംബര്‍ 15ന് റയല്‍ സോസിഡാഡിനെതിരെയാണ് ലോസ് ബ്ലാങ്കോസിന്റെ അടുത്ത മത്സരം.

Content Highlight: Kylian Mbappe Talks About Cristaino Ronaldo

We use cookies to give you the best possible experience. Learn more