റയല്‍ മാഡ്രിഡിലേക്ക് പോകൂ, അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും; പി.എസ്.ജി സൂപ്പര്‍താരത്തിന് സന്ദേശവുമായി മുന്‍ താരം
Football
റയല്‍ മാഡ്രിഡിലേക്ക് പോകൂ, അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും; പി.എസ്.ജി സൂപ്പര്‍താരത്തിന് സന്ദേശവുമായി മുന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 1st April 2023, 11:36 pm

പാരീസ് സെന്റ് ഷെര്‍മാങ് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ ക്ലബ്ബ് വിടുന്നതാണ് നല്ലതെന്ന അഭിപ്രായം പങ്കുവെച്ച് മുന്‍ ലിവര്‍പൂള്‍ ഡിഫന്‍ഡര്‍ ജാമി കാരഗര്‍. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയത് പിന്നാലെ പി.എസ്.ജിയെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു.

പി.എസ്.ജി വിടാന്‍ ഇതാണ് ഉചിതമായ സമയമെന്നും ഇപ്പോള്‍ അങ്ങനെയൊരു നീക്കം നടത്തിയാല്‍ താരത്തിന്റെ ഭാവി സുരക്ഷിതമാകുമെന്നും അദ്ദേഹം പറഞ്ഞു. സി.ബി.എസ് സ്പോര്‍ട്സിനോട് സംസാരിക്കുകയായിരുന്നു കാരഗര്‍.

‘കിലിയന്‍ എംബാപ്പെക്ക് പി.എസ്.ജി വിടാന്‍ ഇതാണ് യഥാര്‍ത്ഥ സമയം. ഉടന്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നത് താരത്തിന് ഗുണം ചെയ്യും. പി.എസ്.ജിയില്‍ തുടരുന്നത് കൊണ്ട് പ്രത്യേകിച്ചൊന്നും നേടാന്‍ ഉണ്ടെന്ന് തോന്നുന്നില്ല,’ കാരഗര്‍ പറഞ്ഞു.

അതേസമയം, ട്രാന്‍സ്ഫര്‍ ജാലകത്തില്‍ എംബാപ്പെയെ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് സ്വന്തമാക്കുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ട്. കരിം ബെന്‍സെമക്ക് പകരക്കാരനായാണ് താരത്തെ റയല്‍ തങ്ങളുടെ ക്ലബ്ബില്‍ എത്തിക്കാന്‍ ശ്രമം നടത്തികൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഈ സീസണിന്റെ അവസാനത്തോടെ എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് പോകുന്നതിനെ പറ്റി പി.എസ്.ജിയിലെ ഉന്നതരുമായി ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എ.എസാണ് വിഷയത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

പാരിസ് ക്ലബ്ബുമായി 2024 വരെയാണ് എംബാപ്പെക്ക് കരാറുള്ളത്. അതിന്‌ശേഷം താരം തന്റെ ഇഷ്ട ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ സീസണിലും എംബാപ്പെയെ സൈന്‍ ചെയ്യാനായി റയല്‍ മാഡ്രിഡ് ശ്രമം നടത്തിയിരുന്നെങ്കിലും ആ ശ്രമം വിജയിച്ചിരുന്നില്ല. ട്രാന്‍സ്ഫര്‍ പ്രക്രിയകളുടെ അവസാന നിമിഷം വമ്പന്‍ ഓഫര്‍ നല്‍കി എംബാപ്പെയെ പി.എസ്.ജി തങ്ങളുടെ ക്ലബ്ബില്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു.

ഇതില്‍ റയല്‍ പരിശീലകന്‍ ആന്‍സലോട്ടിക്ക് താരത്തിനോട് ദേഷ്യമുണ്ടെന്ന് നേരത്തെ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിരുന്നാലും റയല്‍ മാനേജ്‌മെന്റിന് എംബാപ്പെയെ ഇപ്പോഴും വാങ്ങാന്‍ താത്പര്യമുണ്ടെന്നും താരത്തെ സൈന്‍ ചെയ്യാനായി ഇപ്പോഴും സ്പാനിഷ് ക്ലബ്ബ് ശ്രമം തുടരുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ലീഗ് വണ്ണില്‍ 28 മത്സരങ്ങളില്‍ നിന്നും 21 വിജയങ്ങളുമായി 66 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് പി. എസ്.ജി. ഏപ്രില്‍ മൂന്നിന് ലിയോണിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights: Kylian Mbappe should leave PSG, claims Jamie Carragher