ആരാധകർക്ക് സന്ദേശവുമായി എംബാപ്പെ; ഇനി പി.എസ്.ജിയിൽ കളി മാറുമെന്ന് സൂചന
football news
ആരാധകർക്ക് സന്ദേശവുമായി എംബാപ്പെ; ഇനി പി.എസ്.ജിയിൽ കളി മാറുമെന്ന് സൂചന
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 20th February 2023, 10:09 am

ഫ്രഞ്ച് ടോപ്പ് ടയർ ലീഗായ ലീഗ് വണ്ണിൽ വീണ്ടും മികച്ച വിജയം സ്വന്തമാക്കിയിരിക്കുകയാണ് പാരിസ് ക്ലബ്ബായ പി.എസ്.ജി.
ഞായറാഴ്ച നടന്ന മത്സരത്തിൽ ലില്ലി ലോസ്കിനെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് പി.എസ്.ജി തകർത്ത്‌ വാരിയത്.

അടിമുടി ആവേശം നിറഞ്ഞ മത്സരത്തിൽ ഒരുവേള 2-0 എന്ന നിലയിൽ മുന്നിലായിരുന്ന പി.എസ്.ജി പിന്നീട് 2-3 എന്ന നിലയിൽ മത്സരത്തിൽ പിന്നിലായിരുന്നു. കളിയുടെ അവസാന നിമിഷത്തിൽ എട്ട് മിനിറ്റിനിടയിൽ എംബാപ്പെ, മെസി എന്നിവർ സ്കോർ ചെയ്ത ഗോളുകളിലാണ് മത്സരം പി.എസ്.ജി വിജയിച്ചത്.

ഫ്രഞ്ച് ക്ലബ്ബിനായി എംബാപ്പെ രണ്ട് ഗോളുകൾ സ്കോർ ചെയ്തപ്പോൾ നെയ്മർ, മെസി എന്നിവർ ക്ലബ്ബിനായി ഓരോ ഗോളുകൾ സ്കോർ ചെയ്തു.


ലോസ്ക് ലില്ലിക്കായി ബഫോഡ് ഡിയാകൈറ്റ്, ജോനാഥാൻ ഡേവിഡ്, ജോനാഥൻ ബാംബ എന്നിവരാണ് ഗോൾ വല ചലിപ്പിച്ചത്.
എന്നാൽ വിജയത്തിന് പിന്നാലെ ആരാധകർക്ക് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ എംബാപ്പെ നൽകിയ സന്ദേശം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. “വിജയത്തിന്റെ ആവേശം” എന്ന് ക്യാപ്ഷൻ നൽകിയിരിക്കുന്ന ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ താരം തന്റെ ഇരട്ട ഗോളുകൾ ആഘോഷമാക്കിയിരിക്കുകയാണ്.

പി.എസ്.ജിയുടെ വരാനിരിക്കുന്ന ജൈത്രയാത്രക്ക് മുന്നോടിയെന്ന രീതിയിലാണ് എംബാപ്പെയുടെ പോസ്റ്റിനെ ആരാധകർ നോക്കിക്കാണുന്നത്. മെസിയും നെയ്മറും എംബാപ്പെയും ഗോളടിച്ച് തകർത്ത മത്സരത്തിലെ മികവ് ആവർത്തിച്ചാൽ പാരിസ് ക്ലബ്ബിന് ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് നേടാൻ കഴിയും എന്ന് തന്നെയാണ് ആരാധക പ്രതീക്ഷ.

മത്സരത്തിൽ മിന്നും പ്രകടനമാണ് എംബാപ്പെ കാഴ്ചവെച്ചത്. രണ്ട് ഗോളുകൾ സ്കോർ ചെയ്തത് കൂടാതെ കളിയിലുടനീളം ആധിപത്യം പുലർത്തുന്ന തരത്തിലുള്ള ശരീരഭാഷയും എംബാപ്പെയുടെ ഭാഗത്ത് നിന്നുമുണ്ടായി.

View this post on Instagram

A post shared by Kylian Mbappé (@k.mbappe)

അതേസമയം 24 മത്സരങ്ങളിൽ നിന്നും 18 വിജയങ്ങളോടെ ലീഗ് വണ്ണിൽ 57 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.
ഫെബ്രുവരി 27ന് മാഴ്സലെയുമായുള്ള ഡെർബി മത്സരമാണ് പി.എസ്.ജിക്ക് അടുത്തതായി കളിക്കാനുള്ളത്.

മാർച്ച് ഒമ്പതിനാണ് ക്ലബ്ബിന്റെ ചാമ്പ്യൻസ് ലീഗിലെ ബയേണിനെതിരെയുള്ള രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരം.

 

Content Higlights:Kylian Mbappe sends celebratory message to fans after victory