| Tuesday, 20th June 2023, 9:59 pm

ആ ക്രൈറ്റീരിയ എല്ലാം ഞാന്‍ പാലിക്കുന്നുണ്ട്... ബാലണ്‍ ഡി ഓര്‍ നേടാന്‍ മെസിയേക്കാള്‍ അര്‍ഹതയുണ്ടെന്ന് കരുതുന്നതായി 'പഴയ സുഹൃത്ത്'

സ്പോര്‍ട്സ് ഡെസ്‌ക്

2023 ബാലണ്‍ ഡി ഓര്‍ നേടാന്‍ താനും എന്തുകൊണ്ടും അര്‍ഹനാണെന്ന് പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പര്‍ താരവും മെസിയുടെ മുന്‍ ടീം മേറ്റുമായ കിലിയന്‍ എംബാപ്പെ. ലയണല്‍ മെസി, എര്‍ലിങ് ഹാലണ്ട് എന്നിവര്‍ക്കൊപ്പം ഫ്രണ്ട് റണ്ണറായി താനുമണ്ടാകുമെന്നാണ് എംബാപ്പെ വിശ്വസിക്കുന്നത്.

പി.എസ്.ജിക്കൊപ്പം മികച്ച സീസണായിരുന്നു എംബാപ്പെക്കുണ്ടായിരുന്നത്. ദേശീയ ടീമിനൊപ്പവും മികച്ച പ്രകടനമാണ് എംബാപ്പെ പുറത്തെടുത്തത്. തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഫ്രാന്‍സിനെ ഫൈനലിലെത്തിച്ച എംബാപ്പെക്ക് എന്നാല്‍ കിരീടം നേട്ടം ആവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല.

ഫൈനലിലെ ഹാട്രിക് നേട്ടമടക്കം ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടിയതിന്റെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയാണ് എംബാപ്പെ ലോകകപ്പിനോട് വിട പറഞ്ഞത്.

പി.എസ്.ജിയെ വീണ്ടും ലീഗ് വണ്‍ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച എംബാപ്പെക്ക് പാരീസിയന്‍സിനെ ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടിക്കാന്‍ സാധിച്ചിരുന്നില്ല.

എന്നിരുന്നാലും ബാലണ്‍ ഡി ഓറിന് താനും അര്‍ഹനാണെന്നാണ് എംബാപ്പെ വിശ്വസിക്കുന്നത്. ടി.എഫ്1ന് നല്‍കിയ അഭിമുഖത്തിലാണ് എംബാപ്പെ ഇക്കാര്യം സംസാരിച്ചത്.

‘ബാലണ്‍ ഡി ഓറോ? വ്യക്തിഗത പുരസ്‌കാരങ്ങളെ കുറിച്ച് സംസാരാക്കാന്‍ എപ്പോഴും ബുദ്ധിമുട്ടാണ്, കാരണം നിങ്ങള്‍ സ്വയം നിങ്ങളെ തന്നെ മുമ്പോട്ട് കൊണ്ടുവരണം. അത് ചുറ്റുമുള്ളവര്‍ക്ക് അത്രയ്ക്കങ്ങോട്ട് പിടികിട്ടാത്ത കാര്യമാണ്.

ഞാന്‍ ബാലണ്‍ ഡി ഓറിന് അര്‍ഹനാണോ? എന്തൊക്കെയാണ് പുതിയ മാനദണ്ഡങ്ങള്‍? അത് എന്തൊക്കെയാണ് പറയുന്നത്? ശ്രദ്ധ നേടുക, ഗോളടിച്ചുകൂട്ടി ടീമിന് ഇംപാക്ട് ഉണ്ടാക്കുക ഇതൊക്കെയല്ലേ?

എനിക്ക് തോന്നുന്നത് ആ മാനദണ്ഡങ്ങളില്‍ ഞാന്‍ ഉറപ്പായും ഉള്‍പ്പെടുന്നുണ്ടെന്നാണ്. അതുകൊണ്ടുതന്നെ ഞാന്‍ അതെയെന്ന് മറുപടി നല്‍കും. പക്ഷേ എല്ലാം വോട്ടിങ്ങിലൂടെയല്ലേ തീരുമാനിക്കുന്നത്, ഞാന്‍ എപ്പോഴും ശുഭാപ്തി വിശ്വാസം കാത്തുസൂക്ഷിക്കുകയാണ്,’ എംബാപ്പെ പറഞ്ഞു.

സീസണില്‍ പി.എസ്.ജിക്കായി 40 മത്സരത്തില്‍ കളത്തിലറങ്ങിയ എംബാപ്പെ 41 ഗോള്‍ നേടുകയും പത്ത് ഗോളിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.

ലോകകപ്പില്‍ ഫ്രാന്‍സിനായി എട്ട് ഗോള്‍ നേടിയ എംബാപ്പെ, സീസണിലെ മറ്റ് അന്താരാഷ്ട്ര മത്സരങ്ങിളില്‍ നിന്നുമായി ആറ് ഗോളും നേടിയിട്ടുണ്ട്.

Content highlight: Kylian Mbappe says he deserves to win the Ballon d’Or

We use cookies to give you the best possible experience. Learn more