ഫ്രഞ്ച് ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലീഗ് വണ്ണിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് പാരിസ് ക്ലബ്ബായ പി.എസ്. ജി.
ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബാപ്പെയുടെ ചിറകിലേറിയാണ് ക്ലബ്ബിന്റെ ജൈത്രയാത്ര. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ചിര വൈരികളായ മാഴ്സയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെ ലീഗിലെ തങ്ങളുടെ ഒന്നാം സ്ഥാനം കൂടുതൽ സുരക്ഷിതമാക്കാൻ പി.എസ്.ജിക്ക് സാധിച്ചു.
എന്നാലിപ്പോൾ താൻ എന്നെങ്കിലും ഇറ്റലിയിൽ കളിക്കുകയാണെങ്കിൽ എ.സി മിലാനിലാകും കളിക്കുക എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് എംബാപ്പെ.
സീരി.എയിലേക്ക് എന്നെങ്കിലും കളിക്കാൻ വരുമോ എന്നൊരു ആരാധകന്റെ ചോദ്യത്തിനോടാണ് ഇറ്റലിയിൽ കളിക്കുന്നെങ്കിൽ അത് എ.സി മിലാനിലായിരിക്കുമെന്ന് എംബാപ്പെ മറുപടി നൽകിയത്.
കഴിഞ്ഞ വർഷം ഗസെറ്റോ ഡെല്ലോ സ്‌പോർട് നൽകിയ അഭിമുഖത്തിലും താരം തന്റെ എ.സി മിലാൻ സ്നേഹത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.
തന്റെ വീടിനടുത്ത് ഉണ്ടായിരുന്ന ഒരു ഇറ്റലിക്കാരിയായ മിലാൻ ആരാധികയായ മുത്തശിയിൽ നിന്നാണ് തനിക്ക് എ.സി മിലാനോടുള്ള ഇഷ്ടം കിട്ടിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“എന്റെ മിലാനുമായുള്ള ബന്ധം വളരെ സ്പെഷ്യലാണ്. കുട്ടിയായിരിക്കുമ്പോൾ എന്റെ വീടുമായി അടുത്ത ബന്ധം പുലർത്തിയ ഒരു ഇറ്റാലിയൻ മുത്തശിയുണ്ടായിരുന്നു. അവരും അവരുടെ കുടുംബവുമെല്ലാം മിലാൻ ആരാധകരാണ്.
അത് കൊണ്ട് ഞാനും ഒരുപാട് മിലാൻ മത്സരങ്ങൾ കാണുകയും അവർക്ക് വേണ്ടി ആർപ്പ് വിളിക്കുകയും ചെയ്തിട്ടുണ്ട്,’ എംബാപ്പെ പറഞ്ഞു.
അതേസമയം ഈ സീസണിൽ പി.എസ്.ജിക്കായി ഇതുവരെ 30 ഗോളുകൾ നേടാൻ എംബാപ്പെക്ക് സാധിച്ചിട്ടുണ്ട്.
ലീഗ് വണ്ണിൽ 25 മത്സരങ്ങളിൽ നിന്നും 19 വിജയങ്ങളോടെ 60 പോയിന്റുകളുമായി ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.