റൊണാള്‍ഡോ വീണു, ഇനി മെസി; കണക്കുകള്‍ കഥ പറയും, ഇത് ഫ്രാന്‍സിന്റെ ലോകകപ്പ് ഹീറോ
2022 Qatar World Cup
റൊണാള്‍ഡോ വീണു, ഇനി മെസി; കണക്കുകള്‍ കഥ പറയും, ഇത് ഫ്രാന്‍സിന്റെ ലോകകപ്പ് ഹീറോ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 5th December 2022, 12:32 pm

മെസിയും റൊണാള്‍ഡോയും തങ്ങളുടെ അഞ്ച് ലോകകപ്പുകളില്‍ നിന്നുമായി നേടിയ പല റെക്കോഡുകളും തന്റെ രണ്ടാമത് മാത്രം വേള്‍ഡ് കപ്പില്‍ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് കിലിയന്‍ എംബാപ്പെ മുന്നേറുന്നത്.

2018 റഷ്യ ലോകകപ്പില്‍ തന്റെ വേള്‍ഡ് കപ്പ് ക്യാമ്പെയ്‌നുകള്‍ക്ക് തുടക്കം കുറിച്ച എംബാപ്പെ ഇതിനോടകം തന്നെ ഒമ്പത് ഗോളുകളാണ് തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്. 2006 മുതല്‍ ലോകകപ്പില്‍ കളിക്കുന്ന, കളിച്ച എല്ലാ ലോകകപ്പിലും ഗോള്‍ സ്വന്തമാക്കിയ ഇതിഹാസ താരവും പോര്‍ച്ചുഗല്‍ ക്യാപ്റ്റനുമായ റൊണാള്‍ഡോ എട്ട് ഗോള്‍ മാത്രമാണ് ഇതുവരെ ലോകകപ്പില്‍ നിന്നും സ്വന്തമാക്കിയത് എന്നറിയുമ്പോഴാണ് എംബാപ്പെയുടെ നേട്ടത്തിന്റെ തിളക്കം വ്യക്തമാകുന്നത്.

കഴിഞ്ഞ മത്സരത്തിലെ ഗോളിന് പിന്നാലെ അഞ്ച് ലോകകപ്പില്‍ നിന്നും ഒമ്പത് ഗോള്‍ നേടിയ മെസിയുടെ റെക്കോഡിനൊപ്പമെത്താനും താരത്തിനായി. ഇനിയുമേറെ ലോകകപ്പുകള്‍ ബാക്കിയുള്ള എംബാപ്പെക്ക് മുമ്പില്‍ മെസിയുടെയും റൊണാള്‍ഡോയുടെയും പല റെക്കോഡുകളും പഴങ്കഥയാകുമെന്നുറപ്പാണ്.

മികച്ച ഫോമിലാണ് പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ മുന്നേറ്റ നിരയിലെ സൂപ്പര്‍ താരം കളിക്കുന്നത്. ലീഗ് വണ്ണിലും ചാമ്പ്യന്‍സ് ലീഗിലും ഗോളടി ശീലമാക്കിയ എംബാപ്പെ ലോകകപ്പിലും ആ നേട്ടം തുടരുകയാണ്.

2018 റഷ്യ ലോകകപ്പില്‍ നാല് ഗോളുകള്‍ നേടിയ താരം ഖത്തര്‍ ലോകകപ്പില്‍ ഗോള്‍ നേട്ടം ഇതിനോടകം തന്നെ അഞ്ചാക്കി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതോടെ മറ്റൊരു നേട്ടവും താരത്തെ തേടിയെത്തിയിരിക്കുകയാണ്. തുടര്‍ച്ചയായി രണ്ട് ലോകകപ്പുകളില്‍ നാലിലേറേ ഗോളുകള്‍ നേടുന്ന ആദ്യ ഫ്രഞ്ച് താരം എന്ന നേട്ടമാണ് എംബാപ്പെ സ്വന്തം പേരിലാക്കിയിരിക്കുന്നത്.

ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തേയും ഇതിഹാസ താരമായ പെലെക്ക് ശേഷം ഒരു ലോകകപ്പില്‍ അഞ്ച് ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാനും 23 വയസുകാരനായ എംബാപ്പെക്ക് സാധിച്ചു.

നാല് ലോകകപ്പുകളില്‍ നിന്നും 16 ഗോളുകള്‍ നേടിയ ജര്‍മനിയുടെ ക്ലോസെയാണ് ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരം. 23 വയസ് മാത്രം പ്രായമുള്ള താരത്തിന് ഇനി ഏറ്റവും ചുരുങ്ങിയത് മൂന്ന് ലോകകപ്പെങ്കിലും കളിക്കാന്‍ സാധിക്കും. പരിക്കുകള്‍ വില്ലനാവാതിരിക്കുകയും ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെ അലട്ടാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ ക്ലോസേയുടെ റെക്കോഡ് എംബാപ്പെ ക്ലോസ് ചെയ്യുമെന്നുറപ്പാണ്.

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിന്റെ 68ാം മിനിട്ടില്‍ ഗോള്‍ നേടിക്കൊണ്ടാണ് എംബാപ്പെ ഖത്തറിലെ ഗോളടിക്ക് തുടക്കമിട്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തില്‍ എംബാപ്പെ ഇരട്ട ഗോള്‍ നേടിയിരുന്നു.

പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ പോളണ്ടിനെതിരെയായിരുന്നു ഫ്രാന്‍സിന്റെ മത്സരം. മത്സരത്തിന്റെ 74, 91 മിനിട്ടുകളിലായിരുന്നു എംബാപ്പെ ഫ്രാന്‍സിനായി സ്‌കോര്‍ ചെയ്തത്.

ഒരു ലോകകപ്പില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കുന്ന താരം എന്ന റെക്കോഡും ഒരുപക്ഷേ എംബാപ്പെക്ക് മുമ്പില്‍ തകര്‍ന്നുവീണേക്കാം. സ്വീഡനില്‍ വെച്ച് നടന്ന 1958 ലോകകപ്പില്‍ 13 ഗോളുകള്‍ സ്വന്തമാക്കിയ ഫ്രാന്‍സിന്റെ തന്നെ എക്കാലത്തേയും ഇതിഹാസ താരമായ ഫോണ്ടയിന്റെ പേരിലാണ് ആ റെക്കോഡുള്ളത്.

ഇനിയുള്ള ഒറ്റ മത്സരവും തോല്‍ക്കാതിരുന്നാല്‍ പരമാവധി മൂന്ന് മത്സരങ്ങളാണ് ഫ്രാന്‍സിന് കളിക്കാന്‍ സാധിക്കുക. താരം ഇതേ ഫോമില്‍ തന്നെ കളി തുടരുകയാണെങ്കില്‍ ആ റെക്കോഡും എംബാപ്പെയുടെ പോക്കറ്റിലിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

ഇതിനോടൊപ്പം തന്നെ ഫ്രാന്‍സിനായി ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാനെ മറികടക്കാനും എംബാപ്പെക്ക് സാധിച്ചു. 108 മത്സരത്തില്‍ നിന്നും 31 ഗോള്‍ നേടിയ സിദാനെ മറികടന്നുകൊണ്ട് 33 ഗോളാണ് താരം ഫ്രാന്‍സിനായി നേടിയത്.

ഫ്രാന്‍സിന് വേണ്ടി മാത്രമല്ല, ക്ലബ്ബ് മത്സരങ്ങളിലും എംബാപ്പെ ഗോളടി ശീലമാക്കിയിരിക്കുകയാണ്. പി.എസ്.ജിക്കായി കളിച്ച 236 മത്സരത്തില്‍ നിന്നും 190 ഗോള്‍ നേടിയ എംബാപ്പെ മുന്‍ ക്ലബ്ബ് എ.എസ്. മൊണോക്കോക്ക് വേണ്ടി കളിച്ച 60 മത്സരത്തില്‍ നിന്നും  27 ഗോളാണ് സ്വന്തമാക്കിയത്.

ഈ ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയിലും മുമ്പന്‍ എംബാപ്പെ തന്നെയാണ്. ഈ പ്രകടനം തന്നെ വരും മത്സരങ്ങളിലും തുടര്‍ന്നാല്‍ ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ബൂട്ടിന് എംബാപ്പെ തന്നെയായിരിക്കും അര്‍ഹനാവുക.

ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ എംബാപ്പെക്ക് പിന്നിലുള്ള താരങ്ങളെല്ലാം തന്നെ മൂന്ന് ഗോളാണ് നേടിയിട്ടുള്ളത്. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി, സ്‌പെയ്‌നിന്റെ സൂപ്പര്‍ താരം ആല്‍വരോ മൊറാട്ട, ഇംഗ്ലണ്ടിന്റെ ആഴ്‌സണല്‍ താരം ബുക്കായോ സാക്ക, ഇംഗ്ലണ്ടിന്റെ തന്നെ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, നെതര്‍ലന്‍ഡ്‌സ് താരം കോഡി ഗാഗ്‌പോ, ഫ്രാന്‍സിന്റെ ഒലിവര്‍ ജിറൂഡ്, ഇക്വഡോറിന്റെ എന്നെര്‍ വലന്‍സിയ എന്നിവരാണ് എംബാപ്പെക്ക് പിന്നിലുള്ള മറ്റ് താരങ്ങള്‍.

സെനഗലിനെ തോല്‍പിച്ചെത്തിയ ഇംഗ്ലണ്ടിനെയാണ് ഫ്രാന്‍സിന് ക്വാര്‍ട്ടറില്‍ നേരിടാനുള്ളത്. കിരീടം നിലനിര്‍ത്താനൊരുങ്ങിയെത്തിയ ഫ്രാന്‍സും പലതും തെളിയിക്കാനെത്തിയ ഇംഗ്ലണ്ടും ഏറ്റുമുട്ടുന്ന മത്സരം തീ പാറുമെന്നുറപ്പാണ്.

 

Content Highlight: Kylian Mbappe’s World Cup Run