| Thursday, 15th December 2022, 4:26 pm

'വിഷമിക്കേണ്ട ബ്രോ, നിന്നെയോര്‍ത്ത് എല്ലാവരും അഭിമാനിക്കുകയാണ്'; വൈറലായി എംബാപ്പെ ഹക്കീമിക്കയച്ച കുറിപ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഫ്രാന്‍സ്-മൊറോക്കോ സെമി ഫൈനല്‍ പോരാട്ടത്തിന് ശേഷം ഏറെ ചര്‍ച്ചയായിരിക്കുന്നത് രണ്ട് ഉറ്റ സുഹൃത്തുക്കള്‍ക്കിടയിലെ ചങ്ങാത്തമാണ്. മത്സരശേഷം ഫ്രാന്‍സിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയും മൊറോക്കയുടെ മിന്നും താരം അഷ്‌റഫ് ഹക്കിമിയുമാണ് ജനഹൃദയങ്ങളില്‍ കുടിയേറിയിരിക്കുന്നത്.

ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിന് വേണ്ടി ബൂട്ടുകെട്ടുന്ന എംബാപ്പെയും ഹക്കീമിയും ദേശീയ ടീമിന് വേണ്ടി പരസ്പരം കൊമ്പുകോര്‍ക്കുമ്പോള്‍ ഇരുവരുടെയും സൗഹൃദത്തെ അത് ബാധിക്കുമോ എന്ന ആശങ്കയും ആരാധകര്‍ക്കിടയില്‍ വ്യാപിച്ചിരുന്നു.

എന്നാല്‍ വാശിയേറിയ പോരാട്ടത്തില്‍ രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സ് മൊറോക്കയെ പരാജയപ്പെടുത്തിയതിന് ശേഷവും ഇരുവര്‍ക്കുമിടയിലെ ചങ്ങാത്തം ദൃഢമായിരിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.

മത്സരത്തിന് ശേഷം എംബാപ്പെയും ഹക്കിമിയും കളിക്കളത്തില്‍ വെച്ച് കെട്ടിപ്പിടിക്കുന്നതും ജേഴ്‌സി കൈമാറുന്നതും ഫുട്‌ബോള്‍ ആരാധകരുടെ മനം നിറച്ച കാഴ്ചയായിരുന്നു.

ഇപ്പോള്‍ ഏറെ തരംഗമായിരിക്കുന്നത് എംബാപ്പെയുടെ ട്വീറ്റ് ആണ്. ഉറ്റ സുഹൃത്തിനെ ആശ്വസിപ്പിക്കുന്നതും മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചതിന് ഹക്കിമിയെ അഭിനന്ദിക്കുകയുമാണ് എംബാപ്പെ തന്റെ ട്വീറ്റിലൂടെ.

‘സങ്കടപ്പെടേണ്ട ബ്രോ, നിന്റെ പ്രകടനം കണ്ട് എല്ലാവരും അഭിമാനം കൊള്ളുകയാണ്. നീ ചരിത്രം കുറിച്ചിരിക്കുകയാണ്,’ എന്നാണ് എംബാപ്പെ ട്വീറ്റ് ചെയ്തത്.

അതേസമയം, ഖത്തര്‍ ലോകകപ്പിന്റെ രണ്ടാം സെമിയില്‍ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഫ്രാന്‍സിന്റെ വിജയം. പ്രതിരോധ താരം തിയോ ഹെര്‍ണാണ്ടസും രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന റണ്ടാല്‍ കോലോ മുവാനിയുമാണ് ഫ്രാന്‍സിന്റെ ഗോള്‍ സകോറര്‍മാര്‍.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ അര്‍ജന്റീനയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഫ്രാന്‍സിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പ്രവേശനമാണിത്.

മൊറോക്കന്‍ പ്രതിരോധത്തെ കീഴ്പ്പെടുത്തി തിയോ ഹെര്‍ണാണ്ടസാണ് അഞ്ചാം മിനിട്ടില്‍ തന്നെ വല കുലുക്കിയത്. ഈ ലോകകപ്പില്‍ മൊറോക്കന്‍ പോസ്റ്റിലേക്ക് എതിരാളികള്‍ അടിച്ച ആദ്യ ഗോളാണിത്. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ കാനഡക്ക് മൊറോക്കൊക്കെതിരെ ഗോള്‍ നേടാന്‍ കഴിഞ്ഞിരുന്നെങ്കിലും, അത് ഓണ്‍ ഗോളായിരുന്നു. 79ാം മിനിട്ടില്‍ റണ്ടാല്‍ കോലോ മുവാനിയിലൂടെയാണ് ഫ്രാന്‍സ് ലീഡ് ഉയര്‍ത്തിയത്.

സെമി ഫൈനലില്‍ മികച്ച പ്രകടനമാണ് ലോകകപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമായി സെമി ഫൈനലില്‍ എത്തിയ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കൊ പുറത്തെടുത്ത്. കളിയുടെ ഏകദേശം മുഴുവന്‍ മേഖലയിലും ഏറക്കുറെ മുന്നില്‍ നില്‍ക്കാന്‍ മെറോക്കന്‍ ടീമിനായി.

ഡിസംബര്‍ 15ന് ഇന്ത്യന്‍ സമയം രാത്രി 8.30ന് നടക്കുന്ന ലോകകപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സ് അര്‍ജന്റീനയെ നേരിടും.

Content Highlights: kylian Mbappe’s tweet for Achraf Hakimi

We use cookies to give you the best possible experience. Learn more