റയല്‍ മാഡ്രിഡ് ഏറെ നാളായി ടീമിലെത്തിക്കാന്‍ ശ്രമിക്കുന്ന താരമാണ് പി.എസ്.ജിയുടെ മുന്നേറ്റ നിരയിലെ വിശ്വസ്തനും ഫ്രാന്‍സ് ഇന്റര്‍നാഷണലുമായ കിലിയന്‍ എംബാപ്പെ. മുമ്പ് താരത്തെ സൈന്‍ ചെയ്യുന്നതിനടുത്ത് വരെ ചര്‍ച്ചകളെത്തിയിരുന്നെങ്കിലും വമ്പന്‍ ഓഫറുകള്‍ നല്‍കി പി.എസ്.ജി എംബാപ്പെയെ ടീമില്‍ നിലനിര്‍ത്തുകയായിരുന്നു.
സൗഹൃമത്സരത്തില്‍ പി.എസ്.ജി റിയാദ് ഇലവനെ നേരിടുന്നതിന്റെ ഭാഗമായി താരമിപ്പോള്‍ സൗദി അറേബ്യയിലാണ്. കിങ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്.
മത്സരത്തിന് മുമ്പ് ആരാധകരെ കാണുകയും ഓട്ടോഗ്രാഫുകള്‍ സൈന്‍ ചെയ്യുന്നതിന്റെയുമിടയില്‍ ഒരു ആരാധകര്‍ റയലില്‍ ചേരാന്‍ വിളിച്ചു പറയുകയായിരുന്നു. തംബ്‌സ് അപ് നല്‍കിക്കൊണ്ടാണ് എംബാപ്പെ അയാളോട് പ്രതികരിച്ചത്.
ഒരു തവണ പരാജയപ്പെട്ടെങ്കിലും എംബാപ്പെക്കായുള്ള ശ്രമം റയല്‍ ഉപേക്ഷിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. താരം പി.എസ്.ജി വിടാന്‍ തീരുമാനിച്ചാല്‍ ആദ്യത്തെ ഓഫര്‍ മുന്നോട്ട് വെക്കുന്നത് റയല്‍ ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അത്‌ലറ്റിക് മരിയോ കോര്‍ട്ടഗാനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പി.എസ്.ജിയുമായി എംബാപ്പെയുടെ കരാര്‍ 2024 കഴിയാനിരിക്കെ ഒരു ഫ്രീ ട്രാന്‍സ്ഫറിന് ശ്രമിക്കാതെ 2023 സമ്മറില്‍ തന്നെ താരത്തെ ടീമിലെത്തിക്കാനാണ് റയല്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി പാരീസ് ഭീമന്‍മാര്‍ 400 മില്യണ്‍ യൂറോ വരെ ട്രാന്‍സ്ഫര്‍ ഫീസായി ആവശ്യപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ലീഗ് വണ്ണില്‍ പി.എസ്.ജി രണ്ടാമത്തെ തോല്‍വിയേറ്റുവാങ്ങിയിരിക്കുകയാണ്. ജനുവരി 16ന് റെന്നെസുമായി നടന്ന മത്സരത്തിലാണ് പി.എസ്.ജിക്ക് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്.
എതിരില്ലാത്ത ഒരു ഗോളിനാണ് പി.എസ്.ജി പരാജയപ്പെട്ടത്. റെന്നെസിനെതിരെ തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരാന്‍ പി.എസ്.ജിക്കായി.
19 മത്സരത്തില്‍ നിന്നും 15 വിജയവും രണ്ട് വീതം തോല്‍വിയും സമനിലയുമായി 47 പോയിന്റുമായാണ് പി.എസ്.ജി ഒന്നാം സ്ഥാനത്ത് തുടരുന്നത്.
ലീഗ് വണ്ണില്‍ റെയിംസിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. ലീഗ് വണ്ണില്‍ ഇരുവരും നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍ രഹിത സമനിലയില്‍ മത്സരം അവസാനിക്കുകയായിരുന്നു.