| Friday, 30th December 2022, 8:43 pm

അസംബന്ധങ്ങള്‍ക്ക് ചെവി കൊടുക്കാറില്ല; ആദ്യമായി പ്രതികരിച്ച് എംബാപ്പെ

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനക്കെതിരെ ഫൈനലില്‍ തോല്‍വി വഴങ്ങിയതിന് ശേഷം പരിഹാസങ്ങള്‍ക്ക് വിധേയനായ താരമാണ് ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ.

ഫൈനലിന് ശേഷം അര്‍ജന്റൈന്‍ കോച്ച് എമിലിയാനോ മാര്‍ട്ടിനെസ് ആണ് എംബാപ്പെയെ പരിഹസിച്ചത്. സംഭവത്തില്‍ ആദ്യമായി തന്റെ പ്രതികരണമറിയിച്ചെത്തിയിരിക്കുകയാണ് എംബാപ്പെ.

ഇത്തരം അസംബന്ധങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കാറില്ലെന്നും അതുകൊണ്ട് ആരുടെയും അതിരുകടന്ന പ്രകടനം തന്നെ ബാധിക്കില്ലെന്നുമാണ് എംബാപ്പെ പറഞ്ഞത്. അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയെ മത്സരശേഷം താന്‍ അഭിനന്ദിച്ചിരുന്നെന്നും എംബാപ്പെ കൂട്ടിച്ചേര്‍ത്തു.

”എമി മാര്‍ട്ടിനസിന്റെയോ അര്‍ജന്റീനയുടേയും അതിരുകടന്ന ആഹ്ലാദപ്രകടനം തന്നെ ബാധിക്കില്ല. ഇത്തരം അസംബന്ധങ്ങള്‍ക്ക് ശ്രദ്ധകൊടുക്കാറുമില്ല. ലോകകപ്പ് മെസിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. ഇത് സാക്ഷാത്കരിച്ച മെസിയെ ഫൈനലിന് ഞാന്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു,’ എംബാപ്പെ വ്യക്തമാക്കി.

ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടാനായെങ്കിലും അര്‍ജന്റീനയോട് തോല്‍വി വഴങ്ങി വിശ്വകിരീടം നിലനിര്‍ത്താന്‍ കഴിയാതെ പോയത് എംബാപ്പെയെ വളരെയധികം നിരാശനാക്കിയിരുന്നു. ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാന്‍ എംബാപ്പെക്ക് സാധിച്ചിരുന്നു.

അതേസമയം പി.എസ്.ജിയിലേക്ക് തിരിച്ചെത്തിയ താരം ആദ്യ മത്സരത്തില്‍ സ്ട്രാസ്ബര്‍ഗിനെതിരെ പെനാല്‍ട്ടി ഗോള്‍ നേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പി.എസ്.ജിയുടെ ജയം.

ഒരിടവേളക്ക് ശേഷം പുനരാരംഭിച്ച ലീഗ് വണ്ണില്‍ സ്ട്രോസ്ബര്‍ഗിനെതിരെ മികച്ച പ്രകടനമാണ് പി.എസ്.ജി കാഴ്ചവ്വെച്ചത്. മത്സരം 14 മിനിട്ട് പിന്നിട്ടപ്പോള്‍ തന്നെ ബ്രസീലിയന്‍ പ്രതിരോധ താരം മാര്‍ക്കീന്യോസിന്റെ ഗോളില്‍ പി.എസ്.ജി മുന്നിലെത്തിയെങ്കിലും അതേ മാര്‍ക്കീന്യോസിന്റെ സെല്‍ഫ് ഗോള്‍ മത്സരം 51 മിനിട്ട് പിന്നിട്ടപ്പോള്‍ സ്ട്രോസ്ബര്‍ഗിന് സമനില നേടിക്കൊടുത്തു.

കളിയുടെ അവസാന നിമിഷം മത്സരം അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ ഫ്രഞ്ച് താരം എംബാപ്പെയുടെ പെനാല്‍ട്ടി ഗോളിലാണ് പി.എസ്.ജി മത്സരം വിജയിച്ചത്.

ഒരു മിനിട്ടിനിടയില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് നെയ്മര്‍ പുറത്തായ മത്സരത്തില്‍ മുപ്പത് മിനിട്ടിലധികം പി.എസ്.ജി പത്ത് പേരുമായാണ് കളിച്ചത്.

അറുപത്തിയൊന്നാം മിനിട്ടില്‍ ഒരു ഫൗളിന് മഞ്ഞക്കാര്‍ഡ് ലഭിച്ച നെയ്മര്‍ അതിനു തൊട്ട് പിന്നാലെ ബോക്സിലേക്ക് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ഡൈവ് ചെയ്യുകയായിരുന്നു.

ഇതോടെ റഫറി അടുത്ത മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും നല്‍കി താരത്തെ പുറത്താക്കി. റഫറിയോട് രൂക്ഷമായി പെരുമാറികൊണ്ടാണ് നെയ്മര്‍ മൈതാനം വിട്ടത്.

Content Highlights: Kylian Mbappe’s reaction on Emiliano Martinez

We use cookies to give you the best possible experience. Learn more