കഴിഞ്ഞ ദിവസം ലീഗ് വണ്ണില്‍ നാന്റെസിനെതിരെ നടന്ന മത്സരത്തില്‍ പി.എസ്.ജി തകര്‍പ്പന്‍ ജയം നേടിയിരുന്നു. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ ജയം. മത്സരത്തിന്റെ 92ാം മിനിട്ടില്‍ ഗോള്‍ നേടിക്കൊണ്ട് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ പുതിയ റെക്കോഡിട്ടിരുന്നു. ലീഗ് വണ്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മാറിയിരിക്കുകയാണ് എംബാപ്പെ.
ലീഗ് വണ്ണില്‍ നിന്ന് ഇതുവരെ 201 ഗോളുകളാണ് എംബാപ്പെ അക്കൗണ്ടിലാക്കിയത്. ഉറുഗ്വന്‍ താരമായ എഡിന്‍സന്‍ കവാനിയുടെ പേരിലായിരുന്നു ഈ റെക്കോഡ് മുമ്പുണ്ടായിരുന്നത്. 301 മത്സരങ്ങളില്‍ നിന്നാണ് കവാനി അത്രയും ഗോള്‍ നേടിയത്. എംബാപ്പെ 247 മത്സരങ്ങളില്‍ നിന്നാണ് 201 ഗോള്‍ നേടി കവാനിയുടെ തകര്‍ത്തിരിക്കുന്നത്.
റെക്കോഡിന് പിന്നാലെ എംബാപ്പെയെ പ്രശംസിച്ച് ലയണല്‍ മെസി അയച്ച സന്ദേശമാണ് ഇപ്പോള്‍ തരംഗമാകുന്നത്. ‘റെക്കോഡ് നേട്ടത്തിന് അഭിനന്ദനങ്ങള്‍, എംബാപ്പെ’ എന്നാണ് മെസി താരത്തിനയച്ച സന്ദേശം.
ലീഗ് വണ്ണില്‍ റെക്കോഡിട്ടതിന് പിന്നാലെ എംബാപ്പെ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ചരിത്രം കുറിക്കാനാണ് താന്‍ കളിക്കുന്നതെന്നും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും എംബാപ്പെ പറഞ്ഞു. ഇത് വ്യക്തിഗത നേട്ടമാണെന്നും കൂട്ടായ നേട്ടങ്ങള്‍ക്കായും പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ് മാധ്യമമായ ഗോളിനോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഞാന്‍ കളിക്കുന്നത് ചരിത്രം കുറിക്കാനാണ്. ഞാന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്, എനിക്ക് ഫ്രാന്‍സിന് വേണ്ടിയും ക്യാപിറ്റലിന് വേണ്ടിയും ചരിത്രം സൃഷ്ടിക്കണമെന്ന്. ഞാന്‍ അത് ചെയ്യുന്നുമുണ്ട്. പക്ഷെ എനിക്കിനിയും ഒത്തിരി ദൂരം പോകേണ്ടതായിട്ടുണ്ട്. ഇതൊരു വ്യക്തിഗത നേട്ടമാണ്. കൂട്ടായ നേട്ടങ്ങള്‍ക്കായി ഞാന്‍ ഇനിയും പരിശ്രമിക്കും,’ എംബാപ്പെ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന്റെ 12ാം മിനിട്ടില്‍ മെസിയുടെ ഗോളിലൂടെ പി.എസ്.ജി ലീഡ് എടുക്കുകയായിരുന്നു. 17ാം മിനിട്ടില്‍ ജാവൂന്‍ ഹദ്ജാമിന്റെ ഓണ്‍ ഗോളിലൂടെ പി.എസ്.ജി ലീഡുയര്‍ത്തി. 31ാം മിനിട്ടില്‍ ലുഡോവിച് ബ്ലാസ്റ്റ് നാന്റെസിനായി ഗോള്‍ മടക്കി. 38ാം മിനിട്ടില്‍ ഇഗ്നേഷ്യസ് ഗനാഗോ ഗോള്‍ നേടിയതോടെ നാന്റെസ് സമനില പിടിച്ചു.
എന്നാല്‍ രണ്ടാം പകുതിയില്‍ ഡാനിലോ പെരേര ഗോള്‍ നേടിയതോടെ പി.എസ്.ജി ലീഡ് നേടി. ഇഞ്ച്വറി ടൈമില്‍ എംബാപ്പെയുടെ റെക്കോഡ് ഗോളിലൂടെ പി.എസ്.ജി ജയമുറപ്പിക്കുകയായിരുന്നു.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാര്‍ച്ച് ഒമ്പതിന് ബയേണ്‍ മ്യൂണിക്കിനെതിരെ പി.എസ്.ജിയുടെ രണ്ടാം പാദ മത്സരം നടക്കും.
Content Highlights: Kylian Mbappe’s new record in PSG