പാരിസ് ക്ലബ്ബായ പി.എസ്.ജിയുടെ മുന്നേറ്റനിരയിലെ കുന്തമുനയാണ് എംബാപ്പെ. ഫ്രഞ്ച് ദേശീയ ടീമിലും ക്ലബ്ബിലുമായി മിന്നും പ്രകടനം കാഴ്ച വെച്ച എംബാപ്പെ പി.എസ്.ജിയിൽ തുടരില്ല എന്ന അഭ്യൂഹങ്ങൾ പുറത്ത് വന്നതിന് പിന്നാലെ താരവുമായുള്ള കരാർ ക്ലബ്ബ് പുതുക്കിയിരുന്നു.
എന്നാലിപ്പോൾ എംബാപ്പെയെയും താരത്തിന്റെ സുഹൃത്തായ അച്ച്റഫ് ഹക്കീമിയേയും ടീമിലെത്തിക്കാൻ എംബാപ്പെയുടെ മാതാവായ ഫയ്സ ലമരി റയൽ മാഡ്രിഡ് പ്രസിഡന്റായ ഫ്ലോറന്റീനോ പെരസിനോട് ആവശ്യപ്പെട്ടു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
എൽ നാഷണലാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എംബാപ്പെ റയലിലേക്കെത്തിയാൽ താരത്തിനും റയലിനും അത് നേട്ടമാണെന്നും, എംബാപ്പെയുടെ കൂടെ അച്ച്റഫ് ഹക്കീമിയെക്കൂടി ഉൾക്കൊള്ളിക്കണമെന്നും ഫയസ ലാമരി ക്ലബ്ബിനോട് ആവശ്യപ്പെട്ടെന്നാണ് എൽ നാഷണൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എംബാപ്പെയെയും അച്ച്റഫ് ഹക്കീമിയേയും ടീമിലെത്തിക്കാൻ മുമ്പ് റയൽ വലിയ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഇരു താരങ്ങളെയും മികച്ച ഓഫർ നൽകി റയൽ ക്ലബ്ബിൽ പിടിച്ച് നിർത്തുകയായിരുന്നു. കരീം ബെൻസെമക്ക് പകരം എംബാപ്പെയേയും ഡാനി കർവജാളിന് പകരം ഹക്കീമിയേയും ടീമിലെത്തിക്കാനാണ് റയൽ ശ്രമം നടത്തിയിരുന്നത്.
അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ഹക്കീമി തന്റെ മുൻ ക്ലബ്ബായ റയലുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.
എന്നാൽ ക്ലബ്ബിന്റെ മുൻ നിര താരമായ എംബാപ്പെയേ വലിയ ഓഫറുകൾ നൽകിയാണ് പി.എസ്.ജി തങ്ങളുടെ ക്യാമ്പിൽ പിടിച്ച് നിർത്തിയിരിക്കുന്നത്. ചാമ്പ്യൻസ് ലീഗും ലീഗ് വൺ കിരീടത്തുടർച്ചയും ലക്ഷ്യമിടുന്ന ക്ലബ്ബ് എംബാപ്പെയുടെ സാന്നിധ്യത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്.
അതേസമയം ലീഗ് വണ്ണിൽ 24 മത്സരങ്ങളിൽ നിന്നും 18 വിജയങ്ങളുമായി 57 പോയിന്റോടെ ടേബിൾ ടോപ്പറാണ് പി.എസ്.ജി.