ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനക്കെതിരെ മുന്‍ലോക ചാമ്പ്യന്മാര്‍ക്ക് ജയിക്കാനായില്ലെങ്കിലും അസാധ്യ പ്രകടനമായിരുന്നു ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ കാഴ്ചവെച്ചത്. മത്സരത്തിന്റെ ആദ്യ പകുതി തീരുവോളം നിശബ്ദനായി കളിച്ച എംബാപ്പെ രണ്ടാം പാദത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവായിരുന്നു നടത്തിയത്.
തുടര്‍ന്ന് ഖത്തര്‍ ലോകകപ്പില്‍ ലയണല്‍ മെസിയെ കടത്തിവെട്ടി എട്ട് ഗോളുകള്‍ നേടിയ എംബാപ്പെ ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനാവുകയായിരുന്നു.
കിരീട ഫേവറിറ്റുകളായ ഫ്രഞ്ച് പടക്ക് ലയണല്‍ മെസിയുടെ സംഘത്തിന് മുന്നില്‍ മുട്ടുകുത്തേണ്ടി വന്നെങ്കിലും നിരവധി ആരാധകരാണ് 23കാരനായ എംബാപ്പെയെ പ്രശംസിച്ച് രംഗത്തെത്തിയത്. അതേസമയം വിശ്വകിരീടം നിലനിര്‍ത്താന്‍ സാധിക്കാത്തതിനാല്‍ താരത്തെ വിമര്‍ശിച്ചവരുമുണ്ട് കൂട്ടത്തില്‍.
അഭിനന്ദിച്ചവരോടും വിമര്‍ശിച്ചവരോടുമായി ‘ഞങ്ങള്‍ മടങ്ങി വരും’ എന്ന മൂന്ന് വാചകങ്ങളാണ് എംബാപ്പെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. താരത്തിന് പിന്തുണയറിയിച്ച് നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയത്.
🔹 WC winner at 19
🔹 WC Golden Boot winner at 23
🔹 First hat-trick in a WC final in 56 years
🔹 No player has scored more goals in WC finals
🔹 First man to score 7+ goals at a single WC since Ronaldo in 2002
ഈ പ്രായത്തിനുള്ളില്‍ 12 ലോകകപ്പ് ഗോളുകള്‍ നേടാനായത് നിസാര കാര്യമല്ലെന്നും ഖത്തര്‍ ലോകകപ്പില്‍ ടീമിന് മുന്നേറാന്‍ സാധിക്കാതിരുന്നത് എംബാപ്പെയുടെ പിഴവ് കൊണ്ടല്ലെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.
ലോകകപ്പ് ഫൈനലില്‍ രണ്ട് ഗോളുകള്‍ക്ക് ലീഡുയര്‍ത്തിയ അര്‍ജന്റീനക്കെതിരെ 80ാം മിനിട്ടില്‍ എംബാപ്പെ ഗോള്‍ തൊടുത്തതോടെ കളിയുടെ ഗതി മാറുകയായിരുന്നു. തുടര്‍ന്ന് രണ്ട് ഗോളുകള്‍ കൂടി അര്‍ജന്റൈന്‍ വലയിലേക്ക് തെറിപ്പിച്ചതോടെ ലോകകപ്പ് ചരിത്രത്തില്‍ ഫൈനലില്‍ ഹാട്രിക് അടിക്കുന്ന രണ്ടാമത്തെ താരമെന്ന പേരാണ് ഫ്രഞ്ച് സൂപ്പര്‍താരം സ്വന്തമാക്കിയത്.