| Sunday, 4th December 2022, 7:19 pm

എംബാപ്പെയോ ലെവൻഡോസ്കിയോ? ക്വാർട്ടറിലേക്ക് ആര് മുന്നേറും?

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരങ്ങൾ ആരംഭിച്ചപ്പോൾ നെതർലൻഡ്സ്, അർജന്റീന എന്നീ ടീമുകൾക്ക് ക്വാർട്ടർ ഫൈനൽ ബർത്ത് ഉറപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഇരു ടീമുകളും ഡിസംബർ 10ന് നടക്കുന്ന മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടും.

ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8:30 ന് നടക്കുന്ന മൂന്നാം പ്രീ ക്വാർട്ടർ മത്സരത്തിൽ ഗ്രൂപ്പ്‌ ഡി ചാമ്പ്യൻമാരായ ഫ്രാൻസും ഗ്രൂപ്പ്‌ സി യിലെ രണ്ടാം സ്ഥാനക്കാരായ പോളണ്ടുമാണ് പരസ്പരം ഏറ്റുമുട്ടുക. ഇന്നത്തെ മത്സരത്തോടെ കിലിയൻ എംബാപ്പെ, റോബർട്ട്‌ ലെവൻഡോസ്കി എന്നീ സൂപ്പർ താരങ്ങളിൽ ഒരാൾ മാത്രമേ ഖത്തറിന്റെ മൈതാനങ്ങളിൽ ഇനി ഉണ്ടാകുകയുള്ളൂ.

കളി കണക്കിലും ഇതുവരെയുള്ള ലോകകപ്പ് മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലും ഫ്രാൻസിന് തന്നെയാണ് ഇന്നത്തെ മത്സരത്തിൽ മുൻ‌തൂക്കം ഉണ്ടാകുക. അക്രമണ ഫുട്ബോൾ കളിക്കുന്ന ഫ്രാൻസിനെ പിടിച്ച് നിർത്തുക എന്നത് ഏതൊരു ടീമിന്റെ ഡിഫൻസീവ് യൂണിറ്റിനെയും വെള്ളം കുടിപ്പിക്കുന്ന കാര്യമാണ്.

ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ മത്സരത്തിൽ തന്നെ ഫ്രാൻസിന്റെ ആക്രമണഫുട്ബോളിന്റെ ശക്തി ഫുട്ബോൾ ആസ്വാദകർ തിരിച്ചറിഞ്ഞതാണ്. ഏഴ് ഷോട്ട് ഓൺ ടാർഗറ്റ് ഉൾപ്പടെ 23തവണയാണ് ഫ്രാൻസ് ഓസ്ട്രേലിയയൻ പ്രതിരോധമുഖത്ത് അപകടം സൃഷ്ടിച്ചത്. അതിൽ തന്നെ നാല് ഷോട്ടുകൾ ഗോളാക്കി മാറ്റാനും ഫ്രഞ്ച് പടക്കായി.

ഡെന്മാർക്കിനെതിരെയുള്ള ഫ്രാൻസിന്റെ മത്സരവും ഗംഭീരം തന്നെയായിരുന്നു ശക്തരായ ടീം തന്നെയായ ഡെന്മാർക്കിനെതിരെ 2-1 ന്റെ വിജയമാണ് നേടാൻ സാധിച്ചതെങ്കിലും ഏഴ് ഓൺ ടാർഗറ്റ് ഷോട്ട് ഉൾപ്പടെ 21 ഷോട്ട് ഡെന്മാർക്ക് പോസ്റ്റിനെ ലക്ഷ്യമാക്കി ഉതിർക്കാൻ ഫ്രാൻസിനായി.

ടുണീഷ്യ ക്കെതിരായ മൂന്നാം മത്സരത്തിൽ അപ്രതീക്ഷിതമായ തോൽവി വഴങ്ങേണ്ടി വന്നെങ്കിലും സൂപ്പർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചുള്ള ഫസ്റ്റ് ഇലവനാണ് ആ മത്സരത്തിൽ കളത്തിലിറങ്ങിയത്. കളി കൈ വിട്ടുപോകും എന്ന അവസ്ഥയിൽ ഫ്രഞ്ച് സൂപ്പർ താരങ്ങൾ പകരക്കാരായി മത്സരത്തിൽ ഇറങ്ങിയെങ്കിലും ടുണീഷ്യൻ പ്രതിരോധപ്പൂട്ട് പൊളിക്കാൻ അവർക്ക് വേണ്ടത്ര സമയം അവശേഷിച്ചിരുന്നില്ല.

പ്രതിരോധത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന ചില പിഴവുകൾ ഒഴിച്ച് നിർത്തിയാൽ ഫ്രാൻസ് സ്ഥിരതയുള്ള ടീം തന്നെയാണ്. എന്നാൽ ഈ പ്രതിരോധ പിഴവുകൾ ശ്രദ്ധിച്ചില്ലെങ്കിൽ ലോകകപ്പ് പോലുള്ള വേദിയിൽ ഫ്രാൻസിന് വലിയ വില കൊടുക്കേണ്ടി വന്നേക്കാം.
മികച്ച ഫോമിൽ കളിക്കുന്ന കിലിയൻ എംബാപ്പെ നയിക്കുന്ന ഫ്രഞ്ച് മുന്നേറ്റ നിരയിൽ ഒലിവർ ജിറൂദ് ആകും സ്ട്രൈക്കർ പൊസിഷനിൽ ഉണ്ടാകുക.

എംബാപ്പെ, ഡെമ്പലെ, ഗ്രീസ്മാൻ എന്നിവർ ജിറൂദിന് കൃത്യമായി ബോൾ എത്തിച്ച് കൊടുത്താൽ മുന്നേറ്റത്തിൽ ഫ്രാൻസിന് പിന്നെ ഒന്നും നോക്കേണ്ട കാര്യമില്ല. കോന്റെ , വരാനെ എന്നിവരടങ്ങുന്ന പ്രതിരോധ നിര കൂടി കാര്യങ്ങൾ ഭംഗിയാക്കിയാൽ പോളണ്ടിന് ഞായറാഴ്ചത്തെ മത്സരം പാട്ടും പാടി ജയിക്കാം.

മറുവശത്ത് പോളണ്ട് തട്ടി മുട്ടി കഷ്ടപ്പെട്ടാണ് പ്രീ ക്വാർട്ടർ വരെയെത്തിയത് മെക്സിക്കോയോടുള്ള ആദ്യ മത്സരത്തിൽ സമനില നേടാൻ സാധിച്ചെങ്കിലും വളരെ നിരാശാജനകമായ പ്രകടനമാണ് പോളണ്ട് കാഴ്ച വെച്ചത്. സൗദിയോട് വിജയിച്ച രണ്ടാം മത്സരത്തിലും സൗദിക്ക് മേൽ ഒരു ഘട്ടത്തിലും മൈതാനത്ത് പന്തിന് മേൽ ആധിപത്യം പുലർത്താൻ പോളിഷ് പടക്കായില്ല.

സൗദിയുടെ മെക്സിക്കോക്കെതിരെയുള്ള ഗോളിന്റെ ബലത്തിൽ പ്രീ ക്വാർട്ടർ കടന്ന പോളണ്ട് ലെവൻഡോസ്കിയുടെ വ്യക്തിഗത മികവിന് പുറമെ ഒരു ടീമായി ഒത്തിണങ്ങി കളിച്ചില്ലെങ്കിൽ ഇന്നത്തെ മത്സരം പോളണ്ടിന്റെ ഈ ലോകകപ്പിലെ അവസാന മത്സരമായി മാറിയേക്കാം.

Content Highlights:Kylian Mbappe or Robert Lewandowski  who will march quarter final

We use cookies to give you the best possible experience. Learn more