| Sunday, 9th July 2023, 11:41 am

എന്തുകൊണ്ട് പി.എസ്.ജിക്ക് ചാമ്പ്യന്‍സ് ലീഗ് നേടാനാകുന്നില്ല?; കനത്ത മറുപടി നല്‍കി എംബാപ്പെ

സ്പോര്‍ട്സ് ഡെസ്‌ക്

പി.എസ്.ജിയില്‍ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. 2024ല്‍ തനിക്ക് ക്ലബ്ബ് വിട്ടുപോകണമെന്ന് എംബാപ്പെ ക്ലബ്ബിനെ അറിയിച്ചതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാവുകയായിരുന്നു. ഫ്രീ ഏജന്റായി പോകാന്‍ അനുവദിക്കില്ലെന്നും ഈ സീസണില്‍ തന്നെ താരത്തെ വില്‍ക്കുമെന്നുമായിരുന്നു എംബാപ്പെയുടെ തീരുമാനത്തോടുള്ള പി.എസ്.ജിയുടെ പ്രതികരണം.

വിഷയത്തിന് പിന്നാലെ എംബാപ്പെ നല്‍കിയ അഭിമുഖം ശ്രദ്ധ നേടുകയാണിപ്പോള്‍. അഭിമുഖത്തിനിടെ പി.എസ്.ജിക്ക് എന്തുകൊണ്ട് ചാമ്പ്യന്‍സ് ലീഗ് നേടാനാകുന്നില്ലെന്ന ചോദ്യത്തിന് താരം ശക്തമായ മറുപടി നല്‍കിയിരുന്നു. അതിനുള്ള ഉത്തരം തന്റെ പക്കല്‍ ഇല്ലെന്നും ഇക്കാര്യം ക്ലബ്ബ് രൂപീകരിച്ചവരോട് തന്നെ ചോദിക്കണമെന്നുമായിരുന്നു എംബാപ്പെയുടെ പ്രതികരണം. സ്‌പോര്‍ട്‌സ് മാധ്യമമായ ഫ്രാന്‍സ് ഫുട്‌ബോള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ഇത് നിങ്ങള്‍ എന്നോടല്ല ചോദിക്കേണ്ടത്. എനിക്കറിയില്ല പി.എസ്.ജി എന്തുകൊണ്ട് ചാമ്പ്യന്‍സ് ലീഗ് നേടുന്നില്ല എന്ന്. ഞങ്ങളെ കൊണ്ട് പറ്റുന്നത് പോലെയെല്ലാം ചെയ്തിട്ടുണ്ട്. ഇത് നിങ്ങള്‍ ആ ക്ലബ്ബ് ഉണ്ടാക്കിയവരോടോ അല്ലെങ്കില്‍ സ്‌ക്വാഡ് രൂപപ്പെടുത്തിയവരോടെ ചോദിക്കൂ,’ എംബാപ്പെ പറഞ്ഞു.

ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള താരം ഫ്രീ ഏജന്റായി ക്ലബ്ബ് വിടുമ്പോഴുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടിയാണ് പി.എസ്.ജി താരത്തെ വില്‍ക്കാന്‍ തീരുമാനിച്ചത്. പി.എസ്.ജി വിടുന്നതോടെ എംബാപ്പെ സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാനാണ് സാധ്യത. ലോസ് ബ്ലാങ്കോസുമായുള്ള കരാര്‍ നടന്നിട്ടില്ലെങ്കില്‍ താരം പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലിവര്‍പൂളിലേക്ക് ചേക്കേറുമെന്നും അഭ്യൂഹങ്ങളുണ്ട്.

വിഷയത്തില്‍ മീഡിയ ഔട്ലെറ്റായ ഇന്‍ഡിപെന്‍ഡന്റ് നല്‍കിയ റിപ്പോര്‍ട്ട് ശ്രദ്ധ നേടുകയാണിപ്പോള്‍. എംബാപ്പെ പ്രീമിയര്‍ ലീഗ് ക്ലബ്ബിലേക്കാണ് നീങ്ങുന്നതെങ്കില്‍ അത് ലിവര്‍പൂളിലേക്ക് ആയിരിക്കില്ലെന്നും താരം ആഴ്സണലുമായി സൈനിങ് നടത്താനാണ് സാധ്യതയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആഴ്സണലിനോടാണ് എംബാപ്പെക്ക് കൂടുതല്‍ താത്പര്യമെന്നും എന്നാല്‍ ഇതൊരു വിദൂര സാധ്യതയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റയലില്‍ കളിക്കുകയെന്ന ദീര്‍ഘകാലത്തെ സ്വപ്നം സാക്ഷാത്കരിക്കാനാണ് താരം ശ്രമിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Content Highlights: Kylian Mbappe on PSG issues

We use cookies to give you the best possible experience. Learn more