| Saturday, 31st December 2022, 10:36 am

വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല, എംബാപ്പെ പടിയിറങ്ങുന്നു; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ നിന്ന് ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ പടിയിറങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ജനുവരിയില്‍ നടക്കാനിരിക്കുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരം ക്ലബ്ബ് വിടുമെന്ന് പി.എസ്.ജിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. സ്പാനിഷ് മാധ്യമമായ സ്‌പോര്‍ട് ആണ് വാര്‍ത്ത പുറത്ത് വിട്ടത്.

പി.എസ്.ജി എംബാപ്പെക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തതില്‍ പ്രതിഷേധിച്ചാണ് താരം ക്ലബ്ബ് വിടാനൊരുങ്ങുന്നത്. റയല്‍ മാഡ്രിഡിലേക്കാണ് എംബാപ്പെ ചേക്കേറാനിരിക്കുന്നതെന്ന അഭ്യൂഹങ്ങളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ റയലിലേക്ക് പോകാനൊരുങ്ങിയ താരത്തെ ഉയര്‍ന്ന പ്രതിഫലം നല്‍കി പി.എസ്.ജി നിലനിര്‍ത്തുകയായിരുന്നു.

എന്നാല്‍ ക്ലബ്ബുമായി ചില വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായതാണ് ഒരു കൂടുമാറ്റത്തിന് താരത്തെ പ്രേരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, പി.എസ്.ജിയില്‍ ലയണല്‍ മെസിയുടെയും നെയ്മറിന്റെയും സാന്നിധ്യം എംബാപ്പെയെ അസ്വസ്ഥനാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മെസിയും നെയ്മറുമുള്ളപ്പോള്‍ തനിക്ക് പി.എസ്.ജിയുടെ പ്രധാന മുഖമായി മാറാന്‍ കഴിയില്ലെന്ന് എംബാപ്പെ മാനേജ്‌മെന്റിനോട് പറഞ്ഞതായും അഭ്യൂഹങ്ങളുണ്ട്.

ലോകകപ്പ് ജേതാവായ ലയണല്‍ മെസിയുടെ കരാര്‍ പി.എസ്.ജി ഒരു വര്‍ഷത്തേക്ക് നീട്ടിയതില്‍ എംബാപ്പെക്ക് വിയോജിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പി.എസ്.ജിയില്‍ തുടരാന്‍ എംബാപ്പെ മൂന്ന് കണ്ടീഷനുകള്‍ ക്ലബ്ബിന് മുന്നില്‍ വെച്ചിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നെയ്മറെ മറ്റേതെങ്കിലും ക്ലബ്ബിന് വില്‍ക്കണം എന്നതാണ് എംബാപ്പെ ഒന്നാമതായി പി.എസ്.ജിക്ക് മുന്നില്‍ വെച്ചിരുന്ന ആവശ്യം.

ക്ലബ്ബില്‍ എംബാപ്പെയെക്കാള്‍ പ്രാധാന്യം നെയ്മറിന് കിട്ടുമോ എന്ന ഭയമാണ് എംബാപ്പെയെകൊണ്ട് ഇങ്ങനെ ഒരു തീരുമാനമെടുപ്പിക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാമതായി, കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയറെ മാറ്റി പകരം ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാനെ ക്ലബ്ബ് പരിശീലകനായി നിയമിക്കണമെന്നതാണ്.

സിദാന്റെ കീഴില്‍ പി.എസ്.ജിക്കും തനിക്കും ചാമ്പ്യന്‍സ് ലീഗ് നേടാന്‍ സാധിക്കും എന്നാണ് എംബാപ്പെ വിശ്വസിക്കുന്നത്.

ടോട്ടന്‍ഹാം മുന്നേറ്റ നിര താരവും ക്യാപ്റ്റനുമായ ഹാരി കെയ്‌നെ പി.എസ്.ജിയിലേക്ക് എത്തിക്കുക എന്നതാണ് താരത്തിന്റെ മൂന്നാമത്തെ ഡിമാന്‍ഡ്. എന്നാല്‍ ഫ്രഞ്ച് താരത്തിന്റെ ഡിമാന്‍ഡുകള്‍ എല്ലാം അംഗീകരിച്ച് താരത്തെ ടീമില്‍ എത്രനാള്‍ പിടിച്ചുനിര്‍ത്താന്‍ സാധിക്കും എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അതേസമയം ഖത്തര്‍ ലോകകപ്പിന് ശേഷം പി.എസ്.ജിയിലേക്ക് തിരിച്ചെത്തിയ താരം ആദ്യ മത്സരത്തില്‍ സ്ട്രാസ്ബര്‍ഗിനെതിരെ പെനാല്‍ട്ടി ഗോള്‍ നേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പി.എസ്.ജിയുടെ ജയം.

ഒരിടവേളക്ക് ശേഷം പുനരാരംഭിച്ച ലീഗ് വണ്ണില്‍ സ്ട്രാസ്ബര്‍ഗിനെതിരെ മികച്ച പ്രകടനമാണ് പി.എസ്.ജി കാഴ്ചവ്വെച്ചത്.

മത്സരം 14 മിനിട്ട് പിന്നിട്ടപ്പോള്‍ തന്നെ ബ്രസീലിയന്‍ പ്രതിരോധ താരം മാര്‍ക്കീന്യോസിന്റെ ഗോളില്‍ പി.എസ്.ജി മുന്നിലെത്തിയെങ്കിലും അതേ മാര്‍ക്കീന്യോസിന്റെ സെല്‍ഫ് ഗോള്‍ മത്സരം 51 മിനിട്ട് പിന്നിട്ടപ്പോള്‍ സ്ട്രാസ്ബര്‍ഗിന് സമനില നേടിക്കൊടുത്തു.

കളിയുടെ അവസാന നിമിഷം മത്സരം അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ ഫ്രഞ്ച് താരം എംബാപ്പെയുടെ പെനാല്‍ട്ടി ഗോളിലാണ് പി.എസ്.ജി മത്സരം വിജയിച്ചത്.

ഒരു മിനിട്ടിനിടയില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് നെയ്മര്‍ പുറത്തായ മത്സരത്തില്‍ മുപ്പത് മിനിട്ടിലധികം പി.എസ്.ജി പത്ത് പേരുമായാണ് കളിച്ചത്.

Content Highlights: Kylian Mbappe leaves PSG on January, report

We use cookies to give you the best possible experience. Learn more