| Saturday, 20th May 2023, 1:24 pm

മെസിയും നെയ്മറുമില്ല; പിന്നാലെ എംബാപ്പെയും പടിയിറങ്ങുന്നു? ട്രാന്‍സ്ഫര്‍ ഭീതിയില്‍ വലഞ്ഞ് പി.എസ്.ജി

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയിക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ഈ സീസണിന്റെ അവസാനത്തോടെ പി.എസ്.ജി വിടുമെന്ന കാര്യത്തില്‍ ഏതാണ്ട് തീരുമാനമായി കഴിഞ്ഞു. ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന് 2025 വരെ ക്ലബ്ബുമായി കരാര്‍ ഉണ്ടെങ്കിലും നിലവില്‍ പാരീസിയന്‍ ക്ലബ്ബില്‍ വലിയ സംഘര്‍ഷമനുഭവിക്കുന്നതിനാല്‍ താരവും ക്ലബ്ബ് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായതിനാല്‍ ഈ സീസണില്‍ നെയമറിനെ പുറത്തിരുത്തിയിരുന്നു.

സൂപ്പര്‍ ട്രയോയില്‍ അവശേഷിച്ചിരുന്ന ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയും പി.എസ്.ജി വിടാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ താരം റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാന്‍ സാധ്യതയുണ്ടെന്നും ലോസ് ബ്ലാങ്കോസിന്റെ നമ്പര്‍ വണ്‍ ടാര്‌ഗെറ്റ് എംബാപ്പെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറെന്റിനൊ പെരെസിന്റെ സ്വപ്ന ട്രാന്‍സ്ഫര്‍ ആണ് എംബാപ്പെയെ ക്ലബ്ബില്‍ എത്തിക്കുക എന്നത്. കഴിഞ്ഞ സീസണില്‍ തന്നെ ഇക്കാര്യത്തില്‍ ഫ്ളോറെന്റീനൊ പെരെസ് നീക്കം നടത്തിയിരുന്നെങ്കിലും അത് നടന്നില്ല. എന്നാല്‍ വീണ്ടും താരത്തിനായി രംഗത്തെത്തിയ പെരെസ് 150 മില്യണ്‍ യൂറോ ( 1320 കോടി രൂപ ) യൂറോയാണ് വാഗ്ദാനം ചെയ്തത്.

സൂപ്പര്‍താരങ്ങളുടെ ക്ലബ്ബ് മാറ്റം പി.എസ്.ജിയെ സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സൂപ്പര്‍താരങ്ങളുടെ വിടവാങ്ങല്‍ പി.എസ്.ജിയുടെ അറ്റാക്കിങ് നിരയില്‍ സൃഷ്ടിക്കുന്ന വിടവ് പി.എസ്.ജിയില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

അതേസമയം, ഫ്രഞ്ച് ലീഗ് വണ്ണില്‍ അജാസിയോക്കെതിരെ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ ജയമാണ് പി.എസ്.ജി സ്വന്തമാക്കിയിരിക്കുന്നത്.
എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു പാരീസിയന്‍ ക്ലബ്ബിന്റെ ജയം. മത്സരത്തില്‍ മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കാന്‍ കിലിയന്‍ എംബാപ്പെക്ക് സാധിച്ചിരുന്നു.

പി.എസ്.ജിയുടെ ജയത്തിന് ശേഷം താരത്തെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. ഇതുവരെ കളിച്ച 51 മത്സരങ്ങളില്‍ നിന്ന് 49 ഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഒരു ഗോള്‍ കൂടി നേടുന്നതോടെ ഈ സീസണിലെ ആകെ ഗോള്‍ നേട്ടം 50 തികയ്ക്കും.

മത്സരത്തിന്റെ 22ാം മിനിട്ടില്‍ ഫാബിയാന്‍ റൂയിസിന്റെ ഗോളിലൂടെ പി.എസ്.ജി ലീഡെടുക്കുകയായിരുന്നു. 33ാം മിനിട്ടില്‍ അഷ്റഫ് ഹക്കീമി പാരിസിയന്‍സിന്റെ സ്‌കോര്‍ 2-0 ആക്കി ഉയര്‍ത്തി. രണ്ടാം പാദത്തിലാണ് എംബാപ്പെയുടെ ഇരട്ട ഗോള്‍ പിറക്കുന്നത്. 47, 54 മിനിട്ടുകളിലായിരുന്നു താരം പന്ത് വലയിലെത്തിച്ചത്. മത്സരത്തിന്റെ 73ാം മിനിട്ടില്‍ മുഹമ്മദ് യൂസുഫിന്റെ ഓണ്‍ ഗോളിലൂടെ പോയിന്റ് 5-0 ആയി.

ലീഗ് വണ്ണില്‍ ഇതുവരെ നടന്ന 35 മത്സരങ്ങളില്‍ നിന്ന് 81 പോയിന്റമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പി.എസ്.ജി. ആറ് പോയിന്റ് വ്യത്യാസത്തില്‍ ആര്‍.സി ലെന്‍സ് ആണ് രണ്ടാം സ്ഥാനത്ത്.

മെയ് 22ന് ഓക്സെറെക്കതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights: Kylian Mbappe leaves PSG after Lionel Messi and Neymar in the end of the season, report

We use cookies to give you the best possible experience. Learn more