ലോകകപ്പ് ഗോള്‍ സ്‌കോറിങ്ങില്‍ പെലെക്കൊപ്പമെത്തി കിലിയന്‍ എംബാപ്പെ
Football
ലോകകപ്പ് ഗോള്‍ സ്‌കോറിങ്ങില്‍ പെലെക്കൊപ്പമെത്തി കിലിയന്‍ എംബാപ്പെ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 27th November 2022, 12:16 am

2022ലെ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിലെത്തി നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ്. ഗ്രൂപ്പ് ഡിയിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ കരുത്തരായ ഡെന്മാര്‍ക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് തോല്‍പ്പിച്ചത്.

സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്.
61ാം മിനുറ്റിലും 86ാം മിനിട്ടിലുമായിരുന്നു എംബാപ്പെയുടെ ഗോളുകള്‍.

ഇതോടെ കുറഞ്ഞ പ്രായത്തില്‍ ഏറ്റവും കൂടുതല്‍ ലോകകപ്പ് ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് എംബാപ്പെ തന്റെ പേരിലാക്കി. ഫുട്‌ബോള്‍ ഇതിഹാസം ബ്രസീലിന്റെ പെലെക്കൊപ്പമാണ് താരം റെക്കോര്‍ഡ് പങ്കുവെച്ചിരുന്നത്.

 

ഏഴ് ഗോളുകളാണ് ഇതുവരെ 23 കാരനായ എംബാപ്പെ ലോകകപ്പില്‍ നേടിയത്. 24 വയസിന് താഴെ പെലെയും ഏഴ് ഗോളുകള്‍ നേടിയിരുന്നു. ഈ ലോകകപ്പില്‍ രണ്ട് മത്സരങ്ങളില്‍ ആകെ മൂന്ന് ഗോളുകളാണ് എംബാപ്പെ നേടിയത്.

തന്റെ 19ാം വയസില്‍ 2018ലെ റഷ്യന്‍ ലോകകപ്പിലാണ് എംബാപ്പെ ആദമയമായി ലോകകപ്പിനിറങ്ങുന്നത്. ഈ ടൂര്‍ണമെന്റില്‍ നാല് ഗോളുകളായിരുന്നു താരം നേടിയിരുന്നത്.

 

അതേസമയം, ഡെന്മാര്‍ക്ക് മികച്ച ചെറുത്തുനില്‍പ്പാണ് മത്സരത്തില്‍ ഫ്രാന്‍സിനെതിരെ കാഴ്ചവെച്ചത്.
കളിയുടെ ആദ്യ പകുതി സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ക്കാണ് മത്സരം സാക്ഷിയായത്.

ആന്‍ഡ്രിയാസ് ക്രിസ്റ്റന്‍സെനാണ് ഡെന്‍മാര്‍ക്കിന് വേണ്ടി ഗോള്‍ നേടിയത്. ഡെന്മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്മൈക്കേല്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ ലോകകപ്പില്‍ ആദ്യമായി യൂറോപ്യന്‍ രാജ്യങ്ങള്‍ ഏറ്റുമുട്ടിയ മത്സരമായിരുന്നു ഇത്.

 


Content Highlight: Kylian Mbappe joins Pele in World Cup goal scoring