പി.എസ്.ജിയില്‍ എംബാപ്പെയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് എംബാപ്പെ അടുത്ത സീസണോടെ ക്ലബ്ബ് വിടുമെന്ന കാര്യം പി.എസ്.ജിയെ അറിയിച്ചത്.
2024 വരെയാണ് താരത്തിന് പാരീസിയന്‍ ക്ലബ്ബുമായി കരാര്‍ ഉണ്ടായിരുന്നതെങ്കിലും കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരണമെന്ന് പി.എസ്.ജി എംബാപ്പെയോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.
എന്നാല്‍ താരം തന്റെ തീരുമാനം അറിയിച്ചതോടെ ഈ സീസണില്‍ തന്നെ ക്ലബ്ബ് വിടണമെന്ന് പി.എസ്.ജി എംബാപ്പെയോട് ആവശ്യപ്പെടുകയായിരുന്നു. ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള താരം ഫ്രീ ഏജന്റായി ക്ലബ്ബ് വിടുമ്പോഴുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടി പി.എസ്.ജി താരത്തെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പി.എസ്.ജി വിടുന്നതോടെ എംബാപ്പെ സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാനാണ് സാധ്യത. ലോസ് ബ്ലാങ്കോസുമായുള്ള കരാര്‍ നടന്നിട്ടില്ലെങ്കില്‍ താരം പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലിവര്‍പൂളിലേക്ക് ചേക്കേറുമെന്നും അഭ്യൂഹങ്ങളുണ്ട്.
വിഷയത്തില്‍ മീഡിയ ഔട്‌ലെറ്റായ ഇന്‍ഡിപെന്‍ഡന്റ് നല്‍കിയ റിപ്പോര്‍ട്ട് ശ്രദ്ധ നേടുകയാണിപ്പോള്‍. എംബാപ്പെ പ്രീമിയര്‍ ലീഗ് ക്ലബ്ബിലേക്കാണ് നീങ്ങുന്നതെങ്കില്‍ അത് ലിവര്‍പൂളിലേക്ക് ആയിരിക്കില്ലെന്നും താരം ആഴ്‌സണലുമായി സൈനിങ് നടത്താനാണ് സാധ്യതയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആഴ്‌സണലിനോടാണ് എംബാപ്പെക്ക് കൂടുതല്‍ താത്പര്യമെന്നും എന്നാല്‍ ഇതൊരു വിദൂര സാധ്യതയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റയലില്‍ കളിക്കുകയെന്ന ദീര്‍ഘകാലത്തെ സ്വപ്‌നം സാക്ഷാത്കരിക്കാനാണ് താരം ശ്രമിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Content Highlights: Kylian Mbappe is more interested with Arsenal among Premiere League Clubs