| Wednesday, 12th October 2022, 1:19 pm

മുറുക്കി പിടിച്ചോ, ഇല്ലെങ്കി ഞാനിപ്പൊ പോകും; എംബാപ്പെ പി.എസ്.ജി വിടുമെന്ന് വീണ്ടും അഭ്യൂഹം

സ്പോര്‍ട്സ് ഡെസ്‌ക്

പി.എസ്.ജി താരം കിലിയൻ എംബാപ്പെ ക്ലബ്ബ് വിടാനൊരുങ്ങുന്നതായി വീണ്ടും അഭ്യൂഹം. അടുത്ത ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ പി.എസ്.ജി വിടുമെന്നാണ് സൂചന.

ടീമിന്റെ നിലവിലെ സാഹചര്യത്തിൽ താരം തൃപ്തനല്ലെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. സഹതാരമായ നെയ്മറുമായ് രമ്യതയിലല്ലെന്ന വാർത്തയും വ്യാപകമായിരുന്നു. പിന്നീട് ലയണൽ മെസിയോടും അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്.

നമ്പർ 9 പൊസിഷനിൽ കളിപ്പിക്കുന്നതിനെതിരെ താരത്തിന് പരാതിയുണ്ടെന്നാണ് സൂചന. കഴിഞ്ഞ മെയ് മാസത്തിലാണ് എംബാപ്പെ പി.എസ്.ജിയുമായുള്ള കരാർ നീട്ടിയത്.

എംബാപ്പയെ നോട്ടമിട്ട് റയൽ മാഡ്രിഡും മറ്റ് വമ്പൻ ക്ലബ്ബുകളും രംഗത്തെത്തിയിരുന്നെങ്കിലും അവസാന നിമിഷമാണ് എംബാപ്പെ പി.എസ്.ജിക്കൊപ്പം തുടരാൻ തീരുമാനിച്ചത്. ഇത്തവണയും എംബാപ്പെയെ വിൽക്കാൻ ടീം ഒരുക്കമാകില്ലെന്നാണ് സൂചന.

എന്നാൽ പി.എസ്.ജിക്ക് കടുത്ത സമ്മർദ്ദം തന്നെ നടത്തേണ്ടി വരും. ഫ്രാൻസിന് വേണ്ടി ലോകകപ്പും യുവേഫ നേഷൻസ് ലീഗും സ്വന്തമാക്കിയ കൈലിയൻ എംബാപ്പെയെ സ്വന്തമാക്കാൻ ലിവർപൂൾ രംഗത്തെത്തുമെന്നും റിപ്പോർട്ടുണ്ട്.

അതേസമയം ഇന്നലെ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗിൽ പുതിയ റെക്കോഡിട്ടിരിക്കുകയാണ് താരം. മത്സരത്തിൽ പാരീസ് സെന്റ് ഷെർമാങ് ബെൻഫിക്കയോട് സമനിലയിൽ പിരിയുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ പോലെ ഇത്തവണയും 1-1 ആണ് സ്‌കോർ.

കിലിയൻ എംബാപ്പെയാണ് ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ പി.എസ്.ജിക്കായി ഗോൾ നേടിയത്. 39ാം മിനിറ്റിൽ എംബാപ്പെ സ്‌കോർ ചെയ്തതോടെ പി.എസ്.ജിക്കായി ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടി എന്ന റെക്കോർഡ് താരം സ്വന്തമാക്കി. 62ാം മിനിട്ടിൽ യാവോ മരിയോയുടെ പെനാൽറ്റി ഗോളിലാണ് ബെൻഫിക്ക സമനില പിടിച്ചത്.

നാല് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി പി.എസ്.ജി ഗ്രൂപ്പിൽ ഒന്നാമതെത്തി. നെറ്റ് ഗോളുകളുടെ കണക്കിൽ പിന്നിൽ ഉള്ള ബെൻഫിക്കയാണ് രണ്ടാം സ്ഥാനത്ത്.അടുത്ത മത്സരത്തിൽ പി.എസ്.ജി മക്കാബി ഹൈഫയെ നേരിടുമ്പോൾ യുവന്റ്റസ് ആണ് ബെൻഫിക്കയുടെ എതിരാളി.

Content Highlights: Kylian Mbappe is about to leave PSG

We use cookies to give you the best possible experience. Learn more