ലാ ലിഗയില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ അലാവസിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് ആവേശകരമായ വിജയം സ്വന്തമാക്കിയിരുന്നു. മത്സരം വിജയിച്ചെങ്കിലും റയല്‍ മാഡ്രിഡ് ആരാധകര്‍ക്ക് നിരാശ നല്‍കുന്ന സംഭവവികാസങ്ങളാണ് മൈതാനത്ത് അരങ്ങേറിയത്.
ലോസ് ബ്ലാങ്കോസിന്റെ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ പരിക്കുപറ്റി പുറത്തായിരിക്കുകയാണ്. മത്സരത്തില്‍ ഫ്രഞ്ച് താരത്തിന്റെ ഇടതുകാലിന് പരിക്കേല്‍ക്കുകയായിരുന്നു. ഇതിനു പിന്നാലെ എംബാപ്പെയെ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി പിന്‍വലിക്കുകയായിരുന്നു.
ഇപ്പോള്‍ എംബാപ്പെ എത്രനാള്‍ പുറത്തിരിക്കേണ്ടി വരുമെന്ന് ക്ലബ്ബ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ മാധ്യമ പ്രവര്‍ത്തകനായ മരിയോ കോര്‍ട്ടെഗാനയുടെ റിപ്പോര്‍ട്ട് പ്രകാരം ഫ്രഞ്ച് സൂപ്പര്‍താരത്തിന് മൂന്നാഴ്ച കളത്തിനു പുറത്ത് വിശ്രമം ആവശ്യമാണെന്നാണ് പറയുന്നത്.
ഈ സീസണില്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌നില്‍ നിന്നുമാണ് എംബാപ്പെ റയല്‍ മാഡ്രിഡിന്റെ തട്ടകത്തിലെത്തുന്നത്. ഇതിനോടകം തന്നെ റയലിനായി ഒമ്പത് മത്സരങ്ങളില്‍ നിന്നും ഏഴ് ഗോളുകളും ഒരു അസിസ്റ്റുമാണ് താരം നേടിയത്.
സ്പാനിഷ് ലീഗില്‍ സെപ്റ്റംബര്‍ 29ന് അത്ലറ്റികോ മാഡ്രിഡിനെതിരെയാണ് റയലിന്റെ അടുത്ത മത്സരം. ഈ മത്സരത്തില്‍ ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ച് എത്തുമെന്നാണ് പറയുന്നത്. മാഡ്രിഡ് എക്‌സ്ട്രായുടെ റിപ്പോര്‍ട്ട് പ്രകാരം നാല് മിഡ്ഫീല്‍ഡര്‍മാരെ അണിനിരത്തിയുള്ള ഫോര്‍മേഷനില്‍ ആയിരിക്കും റയല്‍ അടുത്ത മത്സരത്തില്‍ ഇറങ്ങുക എന്നാണ് പറയുന്നത്.
നിലവില്‍ ലാലീഗയും ഏഴ് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും രണ്ട് സമനിലയും അടക്കം 17 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ലോസ് ബ്ലാങ്കോസ്. ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവുമായി 21 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ളത് ബാഴ്‌സലോണയാണ്.
Content Highlight: Kylian Mbappe Injury Upade of Real Madrid