ഫ്രഞ്ച് ഫസ്റ്റ് ഡിവിഷൻ ഫുട്ബോൾ ലീഗായ ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ് പാരിസ് ക്ലബ്ബായ പി.എസ്. ജി.
ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്ത് തുടരാൻ സാധിക്കുന്നുണ്ടെങ്കിലും ക്ലബ്ബിന്റെ സമീപ കാലത്തെ പ്രകടനങ്ങൾ ഒട്ടും ആശാവഹമല്ല. അവസാനം കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും ക്ലബ്ബ് പരാജയപ്പെട്ടു.
ഇതിൽ തുടർച്ചയായ രണ്ട് ലീഗ് പരാജയങ്ങളും ഉൾപ്പെടുന്നു. അതിനാൽ തന്നെ ഒന്നോ രണ്ടോ മത്സരങ്ങൾ കൊണ്ട് പോയിന്റ് ടേബിളിലെ സ്ഥാനങ്ങൾ മാറിമറിയുന്ന ലീഗിൽ പി.എസ്.ജിയുടെ നില ഗൗരവമേറിയതാണ്.
എന്നാലിപ്പോൾ പി.എസ്.ജി പുറത്ത് വിട്ട ഒരു പ്രൊമോഷണൽ വീഡിയോയുടെ പേരിൽ ക്ലബ്ബ് അധികൃതരുമായി ചർച്ച നടത്തുകയാണ് ഫ്രഞ്ച് സൂപ്പർ താരമായ എംബാപ്പെ.
കഴിഞ്ഞ ബുധനാഴ്ചയാണ് 2023-2024 സീസണിലെ സീസൺ ടിക്കറ്റ് വിൽപനക്കുള്ള പ്രൊമോഷണൽ വീഡിയോ പി.എസ്.ജി പുറത്തിറക്കിയത്.
ഇതോടെയാണ് തന്നെ അറിയിക്കാതെ വീഡിയോ പുറത്ത് വിട്ടതിനെതിരേയും തന്റെ ദൃശ്യങ്ങൾ മാത്രം ഉപയോഗിച്ചതിനുമെതിരെയാണ് താരം ക്ലബ്ബ് ഉന്നതരുമായി ചർച്ചകൾ നടത്തിയത്.
“ഞാൻ ആ വീഡിയോയെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ആ വീഡിയോ പബ്ലിഷ് ചെയ്തതും എന്റെ അനുവാദത്തോടെയല്ല. പി.എസ്.ജിയൊരു മികച്ച ക്ലബ്ബും അത്പോലെ തന്നെ എന്റെ കുടുംബവുമൊക്കെയാണ് പക്ഷെ അത് കിലിയൻ സെന്റ് ജർമനല്ല,’ എംബാപ്പെ പറഞ്ഞു.
എംബാപ്പെയുടെ എതിർപ്പിനെ തുടർന്ന് ക്ലബ്ബ് വീഡിയോ പിൻവലിച്ചിരുന്നെങ്കിലും താരം ക്ലബ്ബിന്റെ നടപടിയിൽ അസംതൃപ്തനാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സ്പോർട്ടാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ക്ലബ്ബുമായി നിലവിൽ ചെറിയ തോതിൽ ബന്ധം വഷളായിരിക്കുന്ന എംബാപ്പെയോട് ക്ലബ്ബ് അധികൃതർ മാപ്പ് പറഞ്ഞേക്കുമെന്നും റിപ്പോർട്ടുകളിലുണ്ട്.
അതേസമയം അടുത്ത സീസണിൽ എംബാപ്പെ പാരിസ് വിട്ട് മറ്റ് മറ്റേതെങ്കിലും തട്ടകത്തിലേക്ക് ചേക്കേറിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
റയൽ മാഡ്രിഡിലേക്കായിരിക്കും എംബാപ്പെ പോകാൻ സാധ്യത കൂടുതലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Content Highlights: Kylian Mbappe has reportedly held strong discussions with psg in promotional video issue reports