| Thursday, 6th June 2024, 10:03 am

സാക്ഷാൽ സിനദിൻ സിദാനെ മറികടന്ന് എംബാപ്പയുടെ മുന്നേറ്റം; അടിച്ചുകയറിയത് ഫ്രഞ്ച് ഫുട്‍ബോളിന്റെ ചരിത്രത്തിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന യൂറോകപ്പിന് മുന്നോടിയായി ഉള്ള സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം. ലക്‌സംബര്‍ഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പട തകര്‍ത്തുവിട്ടത്.

മത്സരത്തില്‍ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ രണ്ട് അസിസ്റ്റുകളും ഒരു ഗോളും നേടി മിന്നും പ്രകടനമാണ് നടത്തിയത്. സ്റ്റെഡ് സെയ്ന്റ് സിഫോറിയന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ റാണ്ടല്‍ കൊലോ മുലാനിയാണ് ഫ്രാന്‍സിനായി ആദ്യ നേടിയത്.

രണ്ടാം പകുതിയില്‍ 70ാം മിനിട്ടില്‍ ജോനാഥന്‍ ക്ലോസിലൂടെ ഫ്രഞ്ച് പട രണ്ടാം ഗോളും കണ്ടെത്തി. ഈ രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കിയത് എംബാപ്പെയായിരുന്നു. 85ാം മിനിട്ടില്‍ എംബാപ്പെ ഫ്രാന്‍സിനായി മൂന്നാമത്തെ ഗോളും നേടി.

മത്സരത്തില്‍ നേടിയ രണ്ട് അസിസ്റ്റുകള്‍ക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് എംബാപ്പെ സ്വന്തമാക്കിയത്. ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലേക്കാണ് എംബാപ്പെ കുതിച്ചു കയറിയത്. 28 അസിസ്റ്റുകളാണ് താരം ഫ്രാന്‍സിനായി നേടിയിട്ടുള്ളത്.

ഇതോടെ 26 അസിസ്റ്റുകള്‍ ഫ്രാന്‍സ് ദേശീയ ടീമിനൊപ്പം നേടിയ ഇതിഹാസ താരം സിനദിന്‍ സിതാനെയും 27 അസിസ്റ്റുകള്‍ സ്വന്തമാക്കിയ തിയറി ഒന്റ്‌റിയെയും മറികടന്നു കൊണ്ടായിരുന്നു എംബാപ്പെയുടെ മുന്നേറ്റം. 30 അസിസ്റ്റുകള്‍ സ്വന്തമാക്കിയിട്ടുള്ള അന്റോയിന്‍ ഗ്രീസ്മാനാണ് ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്.

മത്സരത്തില്‍ 62 ശതമാനം പന്ത് കൈവശം വച്ച ഫ്രഞ്ച് പട 21 ഷോട്ടുകളാണ് ണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ ഏഴെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് മൂന്ന് ഷോട്ടുകള്‍ മാത്രമേ ലക്‌സംബര്‍ഗിന് നേടാന്‍ സാധിച്ചത്. ഇതില്‍ ഒന്ന് മാത്രമാണ് ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിക്കാന്‍ ആയത്.

ജൂണ്‍ 10ന് കാനഡയ്‌ക്കെതിരെയാണ് ഫ്രാന്‍സിന്റെ അടുത്ത സൗഹൃദമത്സരം നടക്കുന്നത്. അതേസമയം യൂറോകപ്പില്‍ ഗ്രൂപ്പ് ഡിയിലാണ് എംബാപ്പെയും കൂട്ടരും ഇടം നേടിയത്. പോളണ്ട്, നെതര്‍ലാന്‍ഡ്സ്, ഓസ്ട്രിയ എന്നീ ടീമുകളാണ് ഫ്രഞ്ച് പടയ്‌ക്കൊപ്പം ഗ്രൂപ്പ് ഡിയില്‍ കിരീട പോരാട്ടത്തിനായി മത്സരിക്കുന്നത്.

ജൂണ്‍ 18നാണ് ഫ്രാന്‍സിന്റെ യൂറോപ്പിലെ ആദ്യ മത്സരം നടക്കുന്നത്. മെര്‍ക്കുറി സ്പീല്‍ അറീനയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഓസ്ട്രിയയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.

Content Highlight: Kylian Mbappe great record Acheievement in France Team

We use cookies to give you the best possible experience. Learn more