പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ്. കഴിഞ്ഞ സീസണിലെ കിരീടനേട്ടങ്ങളുടെ ആവര്‍ത്തനം ഈ സീസണിലും കാര്‍ലോ ആന്‍സലോട്ടിയുടെ കീഴില്‍നേടിയെടുക്കാനാണ് റയല്‍ മാഡ്രിഡ് ഇറങ്ങുന്നത്.
ഒരുപിടി യുവ താരങ്ങളെ ഇതിനോടകം തന്നെ ടീമിലെത്തിച്ചുകൊണ്ട് തങ്ങളുടെ സ്‌ക്വാഡ് ശക്തമാക്കിയിരിക്കുകയാണ് ലോസ് ബ്ലാങ്കോസ്. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയാണ് റയലിന്റെ ഈ സീസണിലെ ശ്രദ്ധേയമായ സൈനിങ്. ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നുമാണ് എംബാപ്പെ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ എത്തിയത്.
ഇപ്പോഴിതാ പരിശീലനത്തിനിടെയുള്ള എംപ്പെയുടെ ഒരു തകര്‍പ്പന്‍ വീഡിയോ ആണിപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പരിശീലനത്തില്‍ ഫ്രഞ്ച് സൂപ്പര്‍ താരം ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ ഗോള്‍ നേടുകയായിരുന്നു.
തന്റെ സഹതാരത്തിന്റെ കാലിനിടയിലൂടെ ഒരു നട്ട്മക്ക് ഷോട്ടിലൂടെയാണ് എംബാപ്പെ ഗോള്‍ കണ്ടെത്തിയത്. വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിട്ടുള്ളത്.
എംബാപ്പെക്ക് പുറമെ ബ്രസീലിയന്‍ വണ്ടര്‍കിഡ് എന്‍ഡ്രിക്കും തുര്‍ക്കിയുടെ യുവതാരം അര്‍ധ ഗുലറും കൂടി ടീമിന്റെ ഭാഗമാകുന്നതോടെ ലോസ് ബ്ലാങ്കോസ് കൂടുതല്‍ കരുത്തുറ്റതായി മാറുമെന്നുറപ്പാണ്. യുവതാരങ്ങള്‍ക്ക് പുറമേ തന്റെ 38ാംവയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യവുമായി ലൂക്ക മോഡ്രിച്ച് ക്യാപ്റ്റന്റെ റോളില്‍ എത്തും.
അതേസമയം പ്രീ സീസണിലെ അവസാനത്തെ രണ്ട് മത്സരങ്ങളില്‍ റയല്‍ മാഡ്രിഡ് പരാജയപ്പെട്ടിരുന്നു. ഇറ്റാലിയന്‍ വമ്പന്‍മാരായ എ.സി മിലാനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ലോസ് ബ്ലാങ്കോസ് തോല്‍വി വഴങ്ങിയത്.
പിന്നീട് ചിരവൈരികളായ ബാഴ്സലോണയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും റയല്‍ തോല്‍വി നേരിട്ടിരുന്നു. എന്നാല്‍ ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി റയല്‍ ശക്തമായി തിരിച്ചുവരികയായിരുന്നു.
ഇനി ഓഗസ്റ്റ് 14ന് നടക്കുന്ന യുവേഫ സൂപ്പര്‍ കപ്പാണ് ഇനി ലോസ് ബ്ലാങ്കോസിന്റെ മുന്നിലുള്ളത്. ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍സും യൂറോപ്പ ലീഗ് ജേതാക്കളുമാണ് സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ നേര്‍ക്കുനേര്‍ എത്തുന്നത്. കലാശപ്പോരാട്ടത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്‌ലാന്‍ഡയാണ് റയലിന്റെ എതിരാളികള്‍.
Content Highlight: Kylian Mbappe Great Performance Video Viral on Social Media