| Tuesday, 27th June 2023, 10:01 pm

പി.എസ്.ജിയില്‍ നിന്ന് എംബാപ്പെ പടിയിറങ്ങുന്നതോടെ നെയ്മറിന്റെ ഭാവി സുരക്ഷിതമാകും; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ നിന്ന് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ പടിയിറങ്ങുന്നതോടെ ക്ലബ്ബില്‍ നെയ്മറിന്റെ ഭാവി സുരക്ഷിതമാകുമെന്ന് റിപ്പോര്‍ട്ട്. ഈ സീസണിന്റെ അവസാനത്തോടെ എംബാപ്പെ ക്ലബ്ബ് വിടുകയാണെങ്കില്‍ പി.എസ്.ജി നെയ്മറെ നിലനിര്‍ത്തുമെന്നാണ് പി.എസ്.ജി ഹബ്ബിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നെയ്മര്‍ക്ക് സീസണില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായിരുന്നു. താരത്തിനോട് ക്ലബ്ബിലേക്ക് മടങ്ങിയെത്താന്‍ പി.എസ്.ജി അറിയിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

2024 വരെയാണ് എംബാപ്പെക്ക് പി.എസ്.ജിയില്‍ കരാറുള്ളത്. കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷം കൂടി ക്ലബ്ബില്‍ തുടരണമെന്ന് പി.എസ്.ജി എംബാപ്പെയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് സാധ്യമല്ലെന്നും 2024ല്‍ ഫ്രീ ഏജന്റായി തനിക്ക് ക്ലബ്ബ് വിടണമെന്നും എംബാപ്പെ പാരീസിയന്‍സിനെ അറിയിക്കുകയായിരുന്നു.

എന്നാല്‍ താരം തന്റെ തീരുമാനം അറിയിച്ചതോടെ ഈ സീസണില്‍ ക്ലബ്ബ് വിടാന്‍ പി.എസ്.ജി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ക്ലബ്ബ് വിടാന്‍ എംബാപ്പെ തയ്യാറാണെന്നും എന്നാല്‍ കരാറില്‍ പറഞ്ഞതുപ്രകാരം താരത്തിന് നല്‍കാമെന്നേറ്റ ലോയല്‍റ്റി ബോണസ് മുഴുവന്‍ കിട്ടണമെന്ന് അദ്ദേഹം പി.എസ്.ജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സീസണില്‍ എംബാപ്പെ ക്ലബ്ബ് വിടുകയാണെങ്കില്‍ താരത്തിന്റെ ആഗ്രഹ പ്രകാരം സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡുമായി സൈന്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 14 തവണ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് 150 മുതല്‍ 180 മില്യണ്‍ യൂറോയാണ് എംബാപ്പെക്കിട്ടിരിക്കുന്ന മൂല്യം.

മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറെന്റിനൊ പെരെസിന്റെ സ്വപ്നമാണ് എംബാപ്പെയെ ക്ലബ്ബില്‍ എത്തിക്കുക എന്നത്. കഴിഞ്ഞ സീസണില്‍ എംബാപ്പെയെ സൈന്‍ ചെയ്യാനായി റയല്‍ മാഡ്രിഡ് ശ്രമം നടത്തിയിരുന്നെങ്കിലും ട്രാന്‍സ്ഫര്‍ പ്രക്രിയകളുടെ അവസാന നിമിഷം വമ്പന്‍ ഓഫര്‍ നല്‍കി എംബാപ്പെയെ പി.എസ്.ജി തങ്ങളുടെ ക്ലബ്ബില്‍ നിലനിര്‍ത്തുകയായിരുന്നു. ഇക്കാര്യത്തില്‍ റയല്‍ പരിശീലകന്‍ ആന്‍സലോട്ടിക്ക് താരത്തിനോട് ദേഷ്യമുണ്ടെന്ന് നേരത്തെ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നിരുന്നാലും റയല്‍ മാനേജ്‌മെന്റിന് എംബാപ്പെയെ ഇപ്പോഴും വാങ്ങാന്‍ താത്പര്യമുണ്ടെന്നും താരത്തെ സൈന്‍ ചെയ്യാനായി ഇപ്പോഴും സ്പാനിഷ് ക്ലബ്ബ് ശ്രമം തുടരുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Kylian Mbappe exit from PSG will help Neymar’s future to continue with Parisians

Latest Stories

We use cookies to give you the best possible experience. Learn more