'ഈ സീസണിലും പി.എസ്.ജിയില്‍ തുടരാനോ? എങ്കില്‍ ഞാന്‍ ആവശ്യപ്പെടുന്ന പണം വേണം'; ആവശ്യം ഉന്നയിച്ച് എംബാപ്പെ
Football
'ഈ സീസണിലും പി.എസ്.ജിയില്‍ തുടരാനോ? എങ്കില്‍ ഞാന്‍ ആവശ്യപ്പെടുന്ന പണം വേണം'; ആവശ്യം ഉന്നയിച്ച് എംബാപ്പെ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th May 2023, 9:03 am

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഈ സീസണിന്റെ അവസാനത്തോടെ സൂപ്പര്‍താരം ലയണല്‍ മെസി പി.എസ്.ജിയുടെ പടിയിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ പാരീസിയന്‍ ക്ലബ്ബിന്റെ അറ്റാക്കിങ് നിരയില്‍ വലിയ വിടവുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കഴിഞ്ഞ ഫെബ്രുവരിയില്‍ കണങ്കാലിന് പരിക്കേറ്റ നെയ്മര്‍ ശസ്ത്രക്രിയക്ക് വിധേയനാവുകയും താരത്തിന് സീസണില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പുറത്ത് നില്‍ക്കേണ്ടി വരികയും ചെയ്തിരുന്നു. ലോകകപ്പിന് ശേഷം പി.എസ്.ജിക്കായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്നതിനാല്‍ താരത്തെ വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ പുറത്താക്കാന്‍ പാരീസിയന്‍സ് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്.

ആരാധകരെ കോരിത്തരിപ്പിച്ചിരുന്ന പി.എസ്.ജിയുടെ സൂപ്പര്‍ ട്രയോയില്‍ അവശേഷിക്കുന്നത് കിലിയന്‍ എംബാപ്പെ മാത്രമാണ്. കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ സാന്ത്യാഗോ ബെര്‍ണബ്യൂവിലേക്ക് ചേക്കേറാനിരുന്ന താരത്തെ മോഹവില നല്‍കി പി.എസ്.ജി തങ്ങളുടെ തട്ടകത്തില്‍ നിലനിര്‍ത്തുകയായിരുന്നു. ക്ലബ്ബില്‍ മെസി, നെയ്മര്‍ തുടങ്ങി പരിചയ സമ്പന്നരായ താര നിര ഉണ്ടായിട്ടും എംബാപ്പെയെ മുന്‍ നിര്‍ത്തിയായിരുന്നു പി.എസ്.ജി തന്ത്രങ്ങള്‍ മെനഞ്ഞിരുന്നത്. ക്ലബ്ബിനായി മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന താരത്തെ ഈ സീസണിലും നിലനിര്‍ത്താനാണ് പി.എസ്.ജിയുടെ തീരുമാനം.

നിലവില്‍ 2024 വരെയാണ് പാരീസിയന്‍ ക്ലബ്ബുമായി എംബാപ്പെക്ക് കരാര്‍ ഉള്ളത്. എന്നാല്‍ താരങ്ങള്‍ക്കിടയിലുണ്ടായ സ്വരച്ചേര്‍ച്ചകള്‍ക്കും ഡ്രസിങ് റൂം തര്‍ക്കങ്ങള്‍ക്കും പിന്നാലെ എംബാപ്പെ നേരത്തെ തന്നെ ക്ലബ്ബ് വിടുമെന്ന കാര്യത്തില്‍ സൂചന നല്‍കിയിരുന്നു. താരത്തെ ക്ലബ്ബില്‍ നിലനിര്‍ത്താന്‍ പി.എസ്.ജി കിണഞ്ഞ് പരിശ്രമിക്കുകയാണെന്നാണ് ഫ്രഞ്ച് ഔട്‌ലെറ്റായ ആര്‍.എം.സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ വേതനം നല്‍കാമെങ്കില്‍ പി.എസ്.ജിയില്‍ തുടരാമെന്ന് എംബാപ്പെ മാനേജ്‌മെന്റിനെ അറിയിച്ചതായി എല്‍ എക്വിപ്പെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ 180 മില്യന്‍ യൂറോയാണ് എംബാപ്പെയുടെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് മൂല്യം. 90 മില്യണ്‍ യൂറോയുടെ കരാറിലാണ് കഴിഞ്ഞ സീസണില്‍ പി.എസ്.ജി താരവുമായുള്ള കരാര്‍ പുതുക്കിയത്. ലോകകപ്പിലും ക്ലബ്ബ് ഫുട്‌ബോളിലും പ്രകടന മികവ് തെളിയിച്ച 24കാരനെ സ്വന്തമാക്കാന്‍ നിരവധി ക്ലബ്ബുകള്‍ രംഗത്തുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ മെട്രോ റിപ്പോര്‍ട്ട് ചെയ്തത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, റയല്‍ മാഡ്രിഡ് തുടങ്ങിയ വമ്പന്‍ ക്ലബ്ബുകള്‍ താരത്തെ നോട്ടമിട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സീസണില്‍ എംബാപ്പെയെ എന്ത് വില കൊടുത്തും ക്ലബ്ബില്‍ നിലനിര്‍ത്താനാണ് പി.എസ്.ജിയുടെ തീരമാനമെന്നും കരാര്‍ അവസാനിച്ചതിന് ശേഷം താരത്തിന് ക്ലബ്ബില്‍ തുടരുകയോ ഫ്രീ ഏജന്റായി മടങ്ങുകയോ ചെയ്യാമെന്ന് പാരീസിയന്‍ ക്ലബ്ബ് അധികൃതകര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

പി.എസ്.ജിക്കായി ഇതുവരെ കളിച്ച 258 മത്സരങ്ങളില്‍ നിന്ന് 211 ഗോളുകളും 97 അസിസ്റ്റുമാണ് എംബാപ്പെ അക്കൗണ്ടിലാക്കിയിരിക്കുന്നത്. ക്ലബ്ബിനായി ഇതുവരെ മൂന്ന് കോപ്പ ഡി ഫ്രാന്‍സ് ടൈറ്റിലുകളും ഒരു ലീഗ് വണ്‍ ട്രോഫിയും നേടിക്കൊടുക്കാന്‍ എംബാപ്പെക്ക് സാധിച്ചിട്ടുണ്ട്.

Content Highlights: Kylian Mbappe demands higher salary to continue with PSG