ഫ്രഞ്ച് ദേശീയ ടീമിന്റെ മുന്‍ നിര താരങ്ങളില്‍ ശ്രദ്ധേയനായ കളിക്കാരനാണ് യുവതാരം കിലിയന്‍ എംബാപ്പെ. ഫ്രഞ്ച് മുന്‍ നിര ക്ലബ്ബായ പി.എസ്.ജിയില്‍ കളിക്കുന്ന താരം ക്ലബ്ബിനായും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. എംബാപ്പെ 2017ല്‍ പുറത്തുവിട്ട ബെസ്റ്റ് ഇലവന്റെ ലിസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍.
മെസിയും റൊണാള്‍ഡോയും ഇടം പിടിച്ച പട്ടികയില്‍ ഫ്രഞ്ച് ഇതിഹാസ താരം സിനദിന്‍ സിദാനുമുണ്ട്. ഇറ്റലിയുടെ ഇതിഹാസ താരമായ ബുഫണ്‍ ഗോളിയായ ഇലവനില്‍ കഫു, സെര്‍ജിയോ റാമോസ്, പൗലോ മാല്‍ദീനി എന്നീ താരങ്ങളുമുണ്ട് പട്ടികയില്‍. പി.എസ്.ജിയുടെ മുന്നേറ്റ നിരയിലെ അവഗണിക്കാനാവാത്ത സാന്നിധ്യമായ നെയ്മറും പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
നെയ്മറും എംബാപ്പെയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ല എന്ന ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് നെയ്മറെയും ചേര്‍ത്ത് മികച്ച ലോക ഇലവനെ എംബാപ്പെ പ്രഖ്യാപിച്ചിരിക്കുന്നത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റൊണാള്‍ഡോ, നെയ്മര്‍, മെസി, സിദാന്‍, റൊണാള്‍ഡീഞ്ഞോ, റോബര്‍ട്ടോ കാര്‍ലോസ്, മാല്‍ദീനി, സെര്‍ജിയോ റാമോസ്, കഫു, ബുഫന്‍ മുതലായ താരങ്ങളാണ് എംബാപ്പെ പ്രഖ്യാപിച്ച ലോക ഇലവനില്‍ ഉള്‍പ്പെടുന്നത്.
അതേസമയം, ഫ്രഞ്ച് ലീഗ് വണ്ണില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് പി.എസ്.ജി കാഴ്ചവെച്ചത്. അജാസിയോക്കെതിരായ ഏറ്റുമുട്ടലില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു പാരീസിയന്‍ ക്ലബ്ബിന്റെ ജയം. മത്സരത്തില്‍ മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കാന്‍ കിലിയന്‍ എംബാപ്പെക്ക് സാധിച്ചിരുന്നു.
പി.എസ്.ജിയുടെ ജയത്തിന് ശേഷം താരത്തെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. ഇതുവരെ കളിച്ച 51 മത്സരങ്ങളില്‍ നിന്ന് 49 ഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഒരു ഗോള്‍ കൂടി നേടുന്നതോടെ ഈ സീസണിലെ ആകെ ഗോള്‍ നേട്ടം 50 തികയ്ക്കും.
ലീഗ് വണ്ണില്‍ ഇതുവരെ നടന്ന 35 മത്സരങ്ങളില്‍ നിന്ന് 81 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പി.എസ്.ജി. ആറ് പോയിന്റ് വ്യത്യാസത്തില്‍ ആര്‍.സി ലെന്‍സ് ആണ് രണ്ടാം സ്ഥാനത്ത്.
മെയ് 22ന് ഓക്സെറെക്കതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.
Content Highlights: Kylian Mbappe chooses the best eleven players