ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനക്കെതിരായ ഫൈനല്‍ പോരാട്ടത്തില്‍ ആദ്യ പകുതിയുടെ അന്ത്യം വരെ നിശബ്ദനായി കളിക്കുന്ന എംബാപ്പെയെയാണ് കാണാനായത്. രണ്ടാം പകുതിയില്‍ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയുടെ നെഞ്ചുലക്കുന്ന ഗോള്‍ തൊടുത്തതോടെ എംബാപ്പെ കളിയുടെ ഗതി മാറ്റുകയായിരുന്നു.
തുടര്‍ന്ന് രണ്ട് ഗോളുകള്‍ കൂടി അര്‍ജന്റൈന്‍ വലയിലേക്ക് തെറിപ്പിച്ചതോടെ ലോകകപ്പ് ചരിത്രത്തില്‍ ഫൈനലില്‍ ഹാട്രിക് അടിക്കുന്ന രണ്ടാമത്തെ താരമെന്ന പേരാണ് ഫ്രഞ്ച് സൂപ്പര്‍താരം സ്വന്തമാക്കിയത്. 1966ല്‍ ഇംഗ്ലണ്ട് താരം ജിയോഫ് ഹേസ്റ്റ് ആണ് ഫൈനല്‍ പോരാട്ടത്തില്‍ ഹാട്രിക് നേടിയ ആദ്യ താരം.
അതേസമയം, ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ തകര്‍ത്തതോടെ അര്‍ജന്റീന ചരിത്രത്തിലെ മൂന്നാം ലോകകിരീടമാണ് നേടിയിരിക്കുന്നത്.
120 മിനിട്ടുകള്‍ നീണ്ടുനിന്ന മത്സരത്തില്‍ ഇരു ടീമും 3-3 സമനിലയില്‍ എത്തിയപ്പോള്‍ ഫ്രാന്‍സിനെ പെനാല്‍ട്ടിയില്‍ 4-2ന് തകര്‍ത്താണ് മെസി അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചത്.
ഫൈനല്‍ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോള്‍ അര്‍ജന്റീന ആരാധകര്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ടിനെസില്‍ രക്ഷകനെ കാണുകയായിരുന്നു. കോപ്പ അമേരിക്കയിലും ലോകകപ്പിന്റെ ക്വാര്‍ട്ടറിലും ഷൂട്ടൗട്ടിലും മാര്‍ടിനെസ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഫ്രഞ്ച് പടയും മുട്ടുകുത്തിയത് എമിലിയാനോ മാര്‍ടിനെസിന്റെ കൈക്കരുത്തിന്റെ മുന്നിലാണ്.