ഫ്രഞ്ച് കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ ജയം. മത്സരം ആരംഭിച്ച് ഒരു മണിക്കൂറിനിടെ പെയ്‌സ് ഡി കാസലിന്റെ വലയില്‍ ചെന്നുപതിച്ചത് ഏഴ് ഗോളുകള്‍. അതില്‍ അഞ്ചെണ്ണം പറത്തിയത് ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ.
12 മിനിട്ടിനുള്ളിലാണ് എംബാപ്പെ ഹാട്രിക് അടിച്ചത്. ഇതോടെ പി.എസ്.ജിയുടെ ചരിത്രത്തില്‍ ഒരു മാച്ചില്‍ അഞ്ച് ഗോളടിക്കുന്ന താരമെന്ന ഖ്യാതി എംബാപ്പെ നേടി. കളിയുടെ 29, 34, 40, 56, 70 മിനിട്ടുകളിലാണ് എംബാപ്പെയുടെ ഗോളുകള്‍ പിറന്നത്.
മത്സരം കുഞ്ഞന്‍ ടീമിനെതിരെയായതിനാല്‍ ലയണല്‍ മെസിയെ കരക്കിരുത്തിയ കളിയില്‍ നെയ്മറും നേടി ഒരു ഗോളും രണ്ട് അസിസ്റ്റും. 33ാം മിനിട്ടിലാണ് നെയ്മര്‍ സ്‌കോര്‍ ചെയ്തത്. 64ാം മിനിട്ടില്‍ സോളറാണ് മറ്റൊരു ഗോള്‍ നേടിയത്.
മത്സരത്തിന് ശേഷം പെയ്‌സ് ഡി കാസല്‍ ക്യാപ്റ്റന്‍ അലക്‌സിസ് സീമൈജാക്ക് തന്റെ കളിയുടെ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.
കളിക്കിറങ്ങും മുമ്പേ എംബാപ്പെ തൊടുക്കുന്ന ഗോളിനെ കുറിച്ചോര്‍ത്ത് ഉത്കണ്ഠപ്പെട്ടിരുന്നെന്നും അദ്ദേഹത്തോടൊപ്പവും വമ്പന്‍ ടീമായ പി.എസ്.ജിക്കൊപ്പവും കളിക്കാനായതില്‍ അതീവ സന്തോഷവാനാണെന്നും സീമൈജാക്ക് പറഞ്ഞു. മത്സരശേഷം എംബാപ്പെ തന്റെ ജേഴ്‌സി കൈമാറിയത് സീമൈജാക്കിനായിരുന്നു.
ഈ സീസണില്‍ ഇതുവരെ 25 കളിയില്‍ നിന്ന് 24 ഗോളാണ് എംബാപ്പെ അക്കൗണ്ടാലാക്കിയത്. ലോകകപ്പിന് ശേഷം താരത്തിന്റെ ആദ്യ ഹാട്രിക്കായിരുന്നു ഇത്. പി.എസ്.ജിക്കായി ഇതിനകം 196 ഗോളുകളാണ് എംബാപ്പെ നേടിയത്.
തകര്‍പ്പന്‍ ജയവുമായി മടങ്ങിയ പി.എസ്.ജിക്ക് കരുത്തരായ മാഴ്‌സയാണ് പ്രീ ക്വാര്‍ട്ടറിലെ എതിരാളികള്‍.
Content Highlights: Kylian Mbappe becomes the first PSG star who wins five goals in a match