| Wednesday, 10th May 2023, 10:10 pm

അങ്ങേര് പുലിയാണ്, ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സൂപ്പര്‍താരത്തിനായി വാദിച്ച് എംബാപ്പെ

സ്പോര്‍ട്സ് ഡെസ്‌ക്

പാരീസ്: സെര്‍ജിയോ റാമോസിന്റെ കരാര്‍ നീട്ടാന്‍ ക്ലബിനോട് ആവശ്യപ്പെട്ട് പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ. സ്പാനിഷ് സ്‌പോര്‍ട്‌സ് മാധ്യമമായ എല്‍ നാഷണലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്പാനിഷ് പ്രതിരോധനിര താരം ക്ലബ്ബിന്റെ ഭാവി പദ്ധതിയുടെ അവിഭാജ്യ ഘടകമാണെന്നാണ് എംബാപ്പെ കണക്കാക്കുന്നതെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021ല്‍ പാരീസിലെ ഒരു ഫ്രീ ഏജന്റായി ചേര്‍ന്ന റാമോസിന്റെ കരാര്‍ ഈ വേനല്‍ക്കാലത്ത് അവസാനിക്കും.

നാല് തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാവായ താരവുമായി ക്ലബ്ബ് വീണ്ടും കരാര്‍ പുതുക്കില്ലെന്ന ഊഹാപോഹങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് റാമോസിന്റെ രക്ഷകനായി ഫ്രഞ്ച് സൂപ്പര്‍താരം എംബാപ്പെ തന്നെ അവതരിച്ചിരിക്കുന്നതെന്ന് സ്പാനിഷ് മാധ്യമമായ എല്‍ നാഷണലും വെളിപ്പെടുത്തി.

അതേസമയം ഒരു വര്‍ഷത്തേക്ക് മാത്രമാകും കരാര്‍ പുതുക്കുകയെന്നും മുന്‍ റയല്‍ താരത്തിന്റെ ശമ്പളം വെട്ടിക്കുറക്കാനിടയുണ്ടെന്നും ഇവര്‍ സൂചിപ്പിക്കുന്നു. റാമോസിന്റെ ശമ്പളം 50 ശതമാനം വരെ വെട്ടിക്കുറച്ചേക്കുമെന്നും എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്ലബ്ബിന്റെ മുന്‍കാല സൈനിങ്ങുകളില്‍ വെച്ച് ഏറ്റവുമധികം കൂറു പുലര്‍ത്തിയ താരമാണ് സെര്‍ജിയോ റാമോസ് എന്നാണ് എംബാപ്പെയുടെ വിലയിരുത്തല്‍. പി.എസ്.ജി ജേഴ്‌സിയില്‍ 54 മത്സരങ്ങള്‍ കളിച്ച താരം ഇതുവരെ അഞ്ച് ഗോളുകളും നേടിയിട്ടുണ്ട്.

ഫ്രഞ്ച് ക്ലബ്ബിന്റെ വരുമാന സ്രോതസ്സില്‍ പ്രധാനിയായ എംബാപ്പെ മെയ് മാസത്തിലാണ് മൂന്ന് വര്‍ഷ കരാര്‍ പുതുക്കിയത്. ഭാവിയില്‍ മെസ്സിയും നെയ്മറുമില്ലാത്ത പി.എസ്.ജിയില്‍ ഏറ്റവും ശക്തനായ സൂപ്പര്‍ സ്റ്റാറായി വിലസാനുള്ള ഒരുക്കത്തിലാണ് ഫ്രഞ്ച് സ്‌ട്രൈക്കറെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നെയ്മര്‍ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ പ്രീമിയര്‍ ലീഗിലേക്ക് കളം മാറ്റിച്ചവിട്ടാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. 31കാരനായ താരത്തിന് പിന്നാലെ സൗദി ലീഗിലെ വമ്പന്‍ ക്ലബ്ബുകളും കൂടിയിട്ടുണ്ട്.

അര്‍ജന്റീനിയന്‍ ഇതിഹാസ താരം ലയണല്‍ മെസ്സിയും സൗദി ലീഗിലേക്ക് പോകുമെന്ന ഊഹാപോഹങ്ങള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. എന്നാല്‍, താരത്തിന്റെ പിതാവ് തന്നെ ഇക്കാര്യം നിഷേധിച്ചതും വലിയ വാര്‍ത്തയായിരുന്നു.

content highlights: Kylian Mbappe asks PSG to renew superstar’s contract

We use cookies to give you the best possible experience. Learn more