ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ നിന്ന് സൂപ്പര്‍താരം സെര്‍ജിയോ റാമോസിനെ പുറത്താക്കണമെന്ന് കിലിയന്‍ എംബാപ്പെ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഈ സീസണിന്റെ അവസാനം പി.എസ്.ജിയുമായുള്ള റാമോസിന്റെ കരാര്‍ അവസാനിക്കാനിരിക്കെയാണ് എംബാപ്പെ തന്റെ ആവശ്യം മാനേജ്‌മെന്റിനെ അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പാനിഷ് മാധ്യമമായ എല്‍ നാഷണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പ്രായമായ താരങ്ങളെ ക്ലബ്ബില്‍ നിലനിര്‍ത്തേണ്ടയെന്നും ചാമ്പ്യന്‍സ് ലീഗ് നേടാന്‍ സാധിക്കാത്തതിന് കാരണം അവരാണെന്നും എംബാപ്പെ പറഞ്ഞതായി എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന റാമോസുമായുള്ള കരാര്‍ പുതുക്കാനാണ് പി.എസ്.ജി പദ്ധതിയിട്ടിരുന്നതെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ എംബാപ്പെയുടെ അഭിപ്രായം നിര്‍ണായകമായതിനാല്‍ പാരീസില്‍ റാമോസിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സൂപ്പര്‍താരങ്ങള്‍ മെസിയുടെയും നെയ്മറിന്റെയും കാര്യത്തിലും എംബാപ്പെ ഇത്തരത്തിലുള്ള ആവശ്യം ഉന്നയിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എംബാപ്പെക്കും നെയ്മര്‍ക്കുമിടയിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളും വാക് തര്‍ക്കങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
അതേസമയം, മെസിയുടെ ക്ലബ്ബ് ഫുട്‌ബോള്‍ ഭാവി അനിശ്ചിതത്വത്തിലാണ്. വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കുക. കരാര്‍ പുതുക്കുന്നതിനുള്ള കടലാസുകള്‍ പി.എസ്.ജി പലതവണ മേശപ്പുറത്ത് വെച്ചിരുന്നെങ്കിലും മെസി സൈന്‍ ചെയ്യാന്‍ തയ്യാറായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇതിനകം സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ മോഹവില കൊടുത്ത് മെസിയെ ക്ലബ്ബിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. 400 മില്യണ്‍ യൂറോയുടെ ഓഫറാണ് അല്‍ ഹിലാല്‍ മെസിക്ക് മുന്നില്‍ വെച്ച് നീട്ടിയത്. എന്നാല്‍ താരം ഓഫര്‍ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മെസി തിരിച്ച് പോകാനാണ് സാധ്യതയെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ ഫുട്‌ബോളില്‍ തന്നെ തുടരുമെന്നും ബാഴ്‌സലോണയില്‍ കരിയര്‍ അവസാനിപ്പിക്കാനാണ് മെസി പദ്ധതിയിടുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
Content Highlights: Kylian Mbappe asks PSG to exit Sergio Ramos from the club