| Thursday, 21st December 2023, 1:06 pm

എംബാപ്പെ സഹോദരങ്ങള്‍ ഒരുമിച്ച് പന്തുതട്ടി; പാരീസ് മുന്നേറുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ലീഗ് വണ്ണില്‍ മെറ്റ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പി. എസ്. ജി. മത്സരത്തില്‍ ഇരട്ട ഗോള്‍ നേടി മികച്ച പ്രകടനമാണ് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ നടത്തിയത്.

മത്സരത്തില്‍ എംബാപ്പെയുടെ സഹോദരന്‍ ഏഥാന്‍ എംബാപ്പെ പാരീസിനായി അരങ്ങേറ്റം കുറിച്ചത് ഏറെ ശ്രദ്ധേയമായി. ഏഥാന്‍ എംബാപ്പെ തന്റെ 16 വയസില്‍ പാരീസ് സെയ്ന്റ് ജെര്‍മെനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. മത്സരത്തില്‍ പാരീസ് മിഡ്ഫീല്‍ഡര്‍ മാനുവല്‍ ഉഗാര്‍ട്ടിക്ക് പകരക്കാരനായാണ് ഏഥാന്‍ കളത്തിലിറങ്ങിയത്.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് 16കാരന്‍ കളത്തിലിറങ്ങിയത്. ഏട്ടനും അനിയനും ഒരുമിച്ചൊരു ടീമിനുവേണ്ടി കളിച്ചത് ഏറെ ശ്രദ്ധേയമായി.

എംബാപ്പെയുടെ ഇരട്ടഗോളാണ് പാരീസിന്റെ വിജയത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചത്. ഈ സീസണില്‍ ഫ്രഞ്ച് വമ്പന്മാര്‍ക്കായി 22 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ 22 ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി മിന്നും ഫോമിലാണ് കളിക്കുന്നത്. അടുത്തിടെ 300 ഗോളുകള്‍ എന്ന പുതിയ നാഴിക കല്ലിലേക്കും ഫ്രഞ്ച് സ്‌ട്രൈക്കര്‍ കാലെടുത്തുവെച്ചിരുന്നു.

പാരീസിന്റെ തട്ടകമായ പാര്‍ക്ക് ഡെസ് പ്രിന്‍സസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ ഇരു ടീമിനും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ രണ്ടാം പകുതിയില്‍ 49ാം മിനിട്ടില്‍ വിറ്റിന്‍ഹയിലൂടെയാണ് പാരീസ് ആദ്യ ഗോള്‍ നേടിയത്. 60′, 83′ മിനിട്ടുകളിലായിരുന്നു കിലിയന്‍ എംബാപ്പെയുടെ ഗോളുകള്‍ പിറന്നത്. 72 മിനിട്ടില്‍ മത്തിയൂ ഉഡോളിന്റെ വകയായിരുന്നു സന്ദര്‍ശകരുടെ ആശ്വാസഗോള്‍. ഒടുവില്‍ മത്സരം അവസാനിക്കുമ്പോള്‍ 3-1ന്റെ തകര്‍പ്പന്‍ ജയം സ്വന്തം ആരാധകരുടെ മുന്നില്‍ പി. എസ്. ജി സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ 17 മത്സരങ്ങളില്‍ നിന്നും 12 വിജയവും 4 സമനിലയും ഒരു തോല്‍വിയും അടക്കം 40 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പാരീസ് സെയ്ന്റ് ജെര്‍മെന്‍.

ജനുവരി നാലിന് ട്രോഫി ചാമ്പ്യന്‍സ് ഫൈനലില്‍ പി. എസ്. ജി ടൂളൂസിനെ നേരിടും.

Content Highlight: Kylian Mbappe and his brother playing together for PSG.

Latest Stories

We use cookies to give you the best possible experience. Learn more