ലീഗ് വണ്ണില്‍ രണ്ടാം സ്ഥാനക്കാരായ ലെന്‍സിനെതിരെ മികച്ച പ്രകടനമാണ് യുവ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ കഴിഞ്ഞ ദിവസം പുറത്തെടുത്തത്. 3-1ന് പി.എസ്.ജി വിജയിച്ച മത്സരത്തില്‍ എംബാപ്പെ ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
മത്സരത്തില്‍ 31ാം മിനിട്ടില്‍ വിറ്റീഞ്ഞയുടെ അസിസ്റ്റില്‍ എംബാപ്പെയായിരുന്നു പി.എസ്.ജിക്കായി ആദ്യം വലകുലുക്കിയത്. 40ാം മിനിട്ടില്‍ മെസി നേടിയ മൂന്നാം ഗോളിനുള്ള അസിസ്റ്റ് നല്‍കിയതും എംബാപ്പെയായിരുന്നു. 9/10 റേറ്റിങ്ങാണ് താരത്തിന് മത്സരത്തിലുണ്ടായത്. അങ്ങനെ ആകെ മൊത്തം എംബാപ്പെ ദിനമായിരുന്നു ശനിയാഴ്ച.
ഇതിനിടയില്‍ ലെന്‍സിന്റെ അഞ്ച് പ്രതിരോധ താരങ്ങള്‍ എംബാപ്പയെ പൂട്ടാന്‍ ശ്രമിക്കുന്ന ചിത്രമാണ് ട്വറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പന്തുമായി കുതിച്ചുപോകുന്ന ഫ്രഞ്ച് യുവ താരത്തെ അഞ്ച് ലെന്‍സ് താരങ്ങള്‍ തടയാന്‍ ശ്രമിക്കുന്നതും പിടിച്ചുവലിക്കുന്നതുമാണ് ചിത്രത്തിലുള്ളത്.
‘കിലിയന്‍ എംബാപ്പെയെ എങ്ങനെ പ്രതിരോധിക്കും’ എന്ന ക്യാപ്ഷനോടെയാണ് ഇ.എസ്.പി.എന്‍ ട്വിറ്ററിലൂടെ ഈ ഫോട്ടോ പങ്കുവെച്ചത്.
🔝 Most goals in Europe’s major leagues across all competitions this season;
അതേസമയം, കഴിഞ്ഞ ദിവസം നേടിയ ഗോളോടെ ലീഗ് വണ്ണില്‍ ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിയുടെ എക്കാലത്തെയും ടോപ് സ്‌കോററായി എംബാപ്പെ മാറിയിരുന്നു. പാരീസ് സെന്റ് ജെര്‍മെന്റിനായി എംബാപ്പെയുടെ 139ാമത്തെ ഗോളാണ് കഴിഞ്ഞ ദിവസം നേടിയത്. ഉറൂഗ്വന്‍ താരമായ എഡിന്‍സണ്‍ കവാനിയുടെ 138 ഗോളുകള്‍ എന്ന റെക്കോര്‍ഡാണ് എംബാപ്പെ മറികടന്നത്.