| Thursday, 29th December 2022, 3:49 pm

'ഇല്ല, ആ വേദനയിൽ നിന്ന് എളുപ്പം മറികടക്കാനാവില്ല'; മനസ് തുറന്ന് എംബാപ്പെ

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ താരമാണ് ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെ​. വേൾഡ് കപ്പ് കഴിഞ്ഞ് പി.എസ്.ജിയിലേക്ക് തിരിച്ചെത്തിയ താരം ആദ്യ മത്സരത്തിൽ സ്ട്രാസ്‌ബർഗിനെതിരെ പെനാൽട്ടി ​ഗോൾ നേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് പി.എസ്.ജിയുടെ ജയം.

ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടാനായെങ്കിലും അർജന്റീനയോട് തോൽവി വഴങ്ങി വിശ്വകിരീടം നിലനിർത്താൻ കഴിയാതെ പോയത് എംബാപ്പെയെ വളരെയധികം നിരാശനാക്കിയിരുന്നു.

പി.എസ്.ജിയിൽ വിജയഗോൾ നേടിയതിന് ശേഷം ലോകകപ്പ് ഫൈനൽ തോറ്റതിന്റെ നിരാശയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. താൻ ഒരിക്കലും ഖത്തർ ലോകകപ്പിലെ തോൽവി മറികടക്കില്ലെന്നാണ് എംബാപ്പെ പറഞ്ഞത്.

അതേസമയം, ലോകകപ്പ് വിജയത്തിന് ശേഷം അർജന്റീനയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് എംബാപ്പെയെ അപമാനിച്ചതും തുടർന്ന് ഫ്രഞ്ച് ആരാധകർ അർജന്റീനയുടെ ലോകകപ്പ് ജേഴ്സിയെ അപമാനിച്ചതുമൊക്കെ വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.

എന്നാൽ തന്നെ സംബന്ധിച്ച് അത് വലിയ കാര്യമല്ലെന്നും ക്ലബ്ബിനായി മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് തന്റെ ലക്ഷ്യമെന്നുമാണ് വിഷയത്തിൽ എംബാപ്പെ പ്രതികരിച്ചത്.

കൂടാതെ ലയണൽ മെസിയുടെ തിരിച്ചു വരവിനായി തങ്ങൾ കാത്തിരിക്കുകയാണ്. അദ്ദേഹം കൂടി എത്തിച്ചേർന്നതിന് ശേഷം നന്നായി സ്കോർ ചെയ്യാനും മത്സരങ്ങൾ വിജയിക്കാനും തങ്ങൾ തുടർന്നും ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരിടവേളക്ക് ശേഷം പുനരാരംഭിച്ച ലീഗ് വണ്ണിൽ സ്‌ട്രോസ്‌ബർഗിനെതിരെ മികച്ച പ്രകടനമാണ് പി.എസ്.ജി കാഴ്ചവ്വെച്ചത്. മത്സരം 14 മിനിട്ട് പിന്നിട്ടപ്പോൾ തന്നെ ബ്രസീലിയൻ പ്രതിരോധ താരം മാർക്കീന്യോസിന്റെ ഗോളിൽ പി.എസ്.ജി മുന്നിലെത്തിയെങ്കിലും അതേ മാർക്കീന്യോസിന്റെ സെൽഫ് ഗോൾ മത്സരം 51 മിനിട്ട് പിന്നിട്ടപ്പോൾ സ്‌ട്രോസ്‌ബർഗിന് സമനില നേടിക്കൊടുത്തു.

കളിയുടെ അവസാന നിമിഷം മത്സരം അവസാനിക്കാൻ മിനിട്ടുകൾ മാത്രം ബാക്കി നിൽക്കെ ഫ്രഞ്ച് താരം എംബാപ്പെയുടെ പെനാൽട്ടി ഗോളിലാണ് പി.എസ്.ജി മത്സരം വിജയിച്ചത്.

ഒരു മിനിട്ടിനിടയിൽ രണ്ട് മഞ്ഞക്കാർഡ് കണ്ട് നെയ്‌മർ പുറത്തായ മത്സരത്തിൽ മുപ്പത് മിനിട്ടിലധികം പി.എസ്‌.ജി പത്ത് പേരുമായാണ് കളിച്ചത്.

അറുപത്തിയൊന്നാം മിനിട്ടിൽ ഒരു ഫൗളിന് മഞ്ഞക്കാർഡ് ലഭിച്ച നെയ്മർ അതിനു തൊട്ട് പിന്നാലെ ബോക്‌സിലേക്ക് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഡൈവ് ചെയ്യുകയായിരുന്നു.

ഇതോടെ റഫറി അടുത്ത മഞ്ഞക്കാർഡും ചുവപ്പുകാർഡും നൽകി താരത്തെ പുറത്താക്കി. റഫറിയോട് രൂക്ഷമായി പെരുമാറികൊണ്ടാണ് നെയ്മർ മൈതാനം വിട്ടത്.

Content Highlights: Kylian Mbappe about Qatar World cup 2022

We use cookies to give you the best possible experience. Learn more