| Friday, 23rd September 2022, 3:06 pm

ഇവിടെ കിടന്ന് എന്ത് വേണേലും കാണിക്കാം, അതിനുള്ള സ്വാതന്ത്ര്യം എനിക്കവിടെ ഉണ്ട്; ടീമിനെ കുറിച്ച് എംബാപ്പെ

സ്പോര്‍ട്സ് ഡെസ്‌ക്

2018 ലോകകപ്പില്‍ ഫുട്‌ബോള്‍ ലോകം ഏറെ ആരാധനയോടെ നോക്കിയ താരമാണ് കിലിയന്‍ എംബാപ്പെ. ഫ്രാന്‍സിനെ ലോകചാമ്പ്യന്‍മാരാക്കിയതില്‍ പ്രധാന പങ്കുവഹിച്ച അന്നത്തെ കൊച്ചു പയ്യന്‍ ഇന്ന് പി.എസ്.ജിയുടെ മുന്നേറ്റത്തിലെ കുന്തമുനയാണ്.

സൂപ്പര്‍ താരങ്ങളായ മെസിയും നെയ്മറും ടീമിലുണ്ടെങ്കിലും എംബാപ്പയെ ചുറ്റിപ്പറ്റിയാണ് പി.എസ്.ജി തന്ത്രങ്ങള്‍ മെനയുന്നത്. എംബാപ്പെക്ക് ക്ലബ്ബിലെ പ്രത്യേക പരിഗണനയും ഈഗോ പ്രശ്‌നങ്ങളും ഒരു തലക്കല്‍ ഉണ്ടെങ്കിലും താരത്തിന്റെ കളിമികവ് അംഗീകരിക്കാതെ പറ്റില്ല.

വരാനിരിക്കുന്ന ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ഫ്രാന്‍സില്‍ ഗ്രീസ്മാനും ജിറൂഡിനുമൊപ്പം മുന്നേറ്റത്തില്‍ എംബാപ്പെയും കരുത്താവും.

പി.എസ്.ജിയേക്കാളേറെ തനിക്ക് ഫ്രാന്‍സ് ദേശീയ ടീമില്‍ സ്വാതന്ത്ര്യമുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് എംബാപ്പെ.

ലെ എക്യുപ്പെയോടാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

‘ഞാന്‍ വളരെ വ്യത്യസ്തമായി കളിക്കുന്നയാളാണ്. എന്റെ ക്ലബ്ബുമായി ബന്ധപ്പെട്ട് മറ്റു ചില കാര്യങ്ങളാണ് എന്നോടിപ്പോള്‍ ചോദിച്ചിരിക്കുന്നത്. പി.എസ്.ജിയുമായി കംപയര്‍ ചെയ്യുമ്പോള്‍ ദേശീയ ടീമില്‍ എനിക്ക് കൂടുതല്‍ സ്വാതന്ത്ര്യമുണ്ട്.

ഫ്രാന്‍സില്‍ ഒലിവിനെ പോലെ (ജിറൂഡ്) ഒരു ഒമ്പതാം നമ്പറുകാരന്‍ ഉണ്ടെന്ന് കോച്ചിനറിയാം. അവന്‍ എതിരാളികളുടെ ഡിഫന്‍സിനെ കൈപ്പിടിയിലാക്കുന്നവനാണ്. ആ സ്‌പേസില്‍ എനിക്ക് കളിക്കാന്‍ സാധിക്കും,’ എംബാപ്പെ പറയുന്നു.

എന്നാല്‍ പി.എസ്.ജിയില്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും താരം പറയുന്നു.

‘പാരീസില്‍ സ്ഥിതി ഇങ്ങനെ അല്ല. എന്നോട് പൈവോട്ടല്‍ റോളില്‍ കളിക്കാനാണ് ആവശ്യപ്പെടുന്നത്. അവിടെ കാര്യങ്ങള്‍ വ്യത്യസ്തമാണ്,’ താരം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന യുവേഫ നേഷന്‍സ് ലീഗില്‍ മികച്ച പ്രകടനമായിരുന്നു എംബാപ്പെ പുറത്തെടുത്തത്. ഗോളടിച്ചും അടിപ്പിക്കാന്‍ ശ്രമിച്ചും എംബാപ്പെ മത്സരത്തില്‍ നിറഞ്ഞുനിന്നു.

ഓസ്ട്രീയക്കെതിരെ നടന്ന മത്സരത്തിന്റെ 55ാം മിനിട്ടിലായിരുന്നു എംബാപ്പെ ഗോള്‍ നേടിയത്. പത്ത് മിനിട്ടിന് ശേഷം മുന്നേറ്റ നിരയിലെ വമ്പന്‍ ഒലിവര്‍ ജിറൂഡും ഗോള്‍ നേടിയപ്പോള്‍ ഓസ്ട്രിയ തകര്‍ന്നടിഞ്ഞു.

സെപ്റ്റംബര്‍ 25നാണ് ഫ്രാന്‍സിന്റെ അടുത്ത മത്സരം. സെമി ഫൈനല്‍ മത്സരത്തില്‍ ഡെന്‍മാര്‍ക്കാണ് ലെ ബ്ലൂസിന്റെ എതികരാളികള്‍.

Content highlight: Kylian Mbappe about France National Team

Latest Stories

We use cookies to give you the best possible experience. Learn more