| Wednesday, 14th June 2023, 3:59 pm

ഫ്രാന്‍സില്‍ മെസിക്ക് അര്‍ഹിക്കുന്ന ബഹുമാനം കിട്ടിയില്ല; അദ്ദേഹത്തിന്റെ പോക്ക് അത്ര നല്ല വാര്‍ത്തയല്ല: കിലിയന്‍ എംബാപ്പെ

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്‌ബോളില്‍ വളര്‍ന്നുവരുന്ന ഐക്കണുകളില്‍ ഒരാളാണ് ഫ്രഞ്ച് താരമായ കിലിയന്‍ എംബാപ്പെ. 24കാരനായ എംബാപ്പെക്ക് ഇതുവരെ കളിച്ച രണ്ട് ലോകകപ്പിലും ഫൈനല്‍ കളിക്കാന്‍ കഴിഞ്ഞു എന്ന പ്രത്യേകതയുണ്ട്.

ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ കളിക്കുന്ന താരം അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പം രണ്ട് സീസണുകളില്‍ കളിച്ചിട്ടുണ്ട്. പി.എസ്.ജിയില്‍ ഇരുവരുടെയും സൗഹൃദങ്ങളെ സംബന്ധിച്ച് പല അഭ്യൂഹങ്ങളുമുണ്ടായിരന്നു. പി.എസ്.ജി വിട്ട് അമേരിക്കന്‍ സോക്കര്‍ ലീഗായ ഇന്റര്‍ മിയാമിയിലേക്ക് മെസി പോയതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ എംബാപ്പെ.

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് മെസിയെന്നും അദ്ദേഹത്തെ പോലെയൊരാള്‍ പി.എസ്.ജിയില്‍ നിന്ന് പോയാല്‍ അതൊരു നല്ല വാര്‍ത്തയല്ലെന്നും എംബാപ്പെ പറഞ്ഞു. ലാ ഗസറ്റയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു എംബാപ്പെയുടെ പ്രതികരണം.


‘ഫ്രാന്‍സില്‍ മെസിക്ക് അര്‍ഹമായ ബഹുമാനം ലഭിച്ചില്ല. അദ്ദേഹം പോയതില്‍ ഇത്രയധികം ആളുകള്‍ക്ക്(പി.എസ്.ജി ഫാന്‍സ്) എന്ത് കൊണ്ടാണ് ഇത്ര ആശ്വാസം ഉണ്ടായതെന്ന് എനിക്ക് മനസ്സിലാകുന്നില്ല തീര്‍ച്ചയായും അദ്ദേഹം ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ്. അദ്ദേഹത്തെ പോലെയൊരാള്‍ പോയാല്‍ അത് അത്ര നല്ല വാര്‍ത്തയല്ല,’ കിലിയന്‍ എംബാപ്പെ പറഞ്ഞു.

അതേസമയം, പി.എസ്.ജി വിട്ട് റയല്‍ മാഡ്രിഡില്‍ ചേരുമെന്ന വാര്‍ത്ത നിഷേധിച്ച്  എംബാപ്പെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വാര്‍ത്തകള്‍ കള്ളമാണെന്ന് എംബാപ്പെയും ട്വീറ്റ് ചെയ്തു.
‘നുണയാണിത്. പി.എസ്.ജിയില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. അടുത്ത സീസണില്‍ പി.എസ്.ജിയില്‍ തുടരുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്,’ എന്നാണ് ഇതുസംബന്ധിച്ച് പ്രചരിക്കുന്ന ഒരു വാര്‍ത്ത പങ്കുവെച്ച് എംബാപ്പെ ട്വീറ്റ് ചെയ്തിരുന്നത്. പി.എസ്.ജിയില്‍ ഒരു വര്‍ഷത്തെ കരാറാണ് എംബാപ്പെക്ക് അവശേഷിക്കുന്നത്.

Content Highlight:  Kylian Mbappé Talk about lionel messi

We use cookies to give you the best possible experience. Learn more