| Monday, 18th December 2023, 4:24 pm

സമനിലയിലും പുഞ്ചിരിച്ച് എംബാപ്പെ; ചരിത്രനേട്ടം പോക്കറ്റിലാക്കി ഫ്രഞ്ച് സൂപ്പര്‍താരം

സ്പോര്‍ട്സ് ഡെസ്‌ക്

ലീഗ് വണ്ണില്‍ പാരീസ് സെയ്ന്റ് ജെര്‍മെന് സമനിലകുരുക്ക്. ലോസ്‌ക്കിനെതിരെ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. സമനിലയായെങ്കിലും മത്സരത്തില്‍ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പി.എസ്.ജിയുടെ ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ.

മത്സരത്തില്‍ ഫ്രഞ്ച് വമ്പന്‍മാര്‍ക്കായി എംബാപ്പെയാണ് പി.എസ്.ജിയുടെ ഏകഗോള്‍ നേടിയത്. ഈ ഗോളിന് പിന്നാലെ ഒരുപിടി തകര്‍പ്പന്‍ നേട്ടങ്ങളാണ് എംബാപ്പെയെ തേടിയെത്തിയത്. ലീഗ് വണ്ണിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്കാണ് ഫ്രഞ്ച് സൂപ്പര്‍ താരം നടന്നുകയറിയത്.

180 ഗോളുകളാണ് എംബാപ്പെ ഫ്രഞ്ച് ലീഗില്‍ സ്വന്തമാക്കിയത്. 179 ഗോളുകള്‍ നേടിയ ബിയാന്‍ജി, ആന്‍ഡേഴ്‌സണ്‍ എന്നിവരെ മറികടന്നുകൊണ്ടായിരുന്നു എംബാപ്പെ ഒമ്പതാം സ്ഥാനത്തേക്ക് മുന്നേറിയത്.

മത്സരത്തില്‍ നേടിയ ഗോളോടെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും എംബാപ്പെ സ്വന്തം പേരിലാക്കി മാറ്റി. 2023ല്‍ 50 ഗോളുകള്‍ എന്ന നേട്ടത്തിലേക്കാണ് ഫ്രഞ്ച് സൂപ്പര്‍ താരം കാലെടുത്തുവെച്ചത്. പി.എസ്.ജിക്കായും, ഫ്രാന്‍സ് ദേശീയ ടീമിനായും 50 ഗോളുകളാണ് എംബാപ്പെ അടിച്ചുകയറ്റിയത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരുടീമിനും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ 66ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് എംബാപ്പെയാണ് പി.എസ്.ജിക്കായി ലീഡ് നേടികൊടുത്തത്.

എന്നാല്‍ മത്സരം തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ലോസ്‌ക്ക് സമനില ഗോള്‍ നേടുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 1-1ന്റെ ആവേശകരമായ സമനില ലോസ്‌ക്ക് സ്വന്തമാക്കുകയായിരുന്നു.

സമനിലയോടെ ഫ്രഞ്ച് ലീഗില്‍ 16 മത്സരങ്ങളില്‍ നിന്നും 37 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.

ലീഗ് വണ്ണില്‍ ഡിസംബര്‍ 21ന് മെറ്റ്‌സിനെതിരെയാണ് പാരീസിന്റെ അടുത്ത മത്സരം.

Content Highlight: Kylian Mbappé Most amount of goals scored in 2023

We use cookies to give you the best possible experience. Learn more