| Friday, 2nd February 2024, 8:45 am

52 പന്തില്‍ 116*; പാഴായത് ടി-20യിലെ ഏറ്റവും മികച്ച ഇന്നിങ്‌സ്; അവസാന പ്രതീക്ഷയും അവസാനിക്കുകയാണോ?

സ്പോര്‍ട്സ് ഡെസ്‌ക്

എസ്.എ20യില്‍ പ്രിട്ടോറിയ ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തി എം.ഐ കേപ്ടൗണ്‍ വിജയം സ്വന്തമാക്കിയിരുന്നു. സൂപ്പര്‍സ്‌പോര്‍ട് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 34 റണ്‍സിനാണ് മുംബൈ ഫ്രാഞ്ചൈസി വിജയിച്ചുകയറിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേപ്ടൗണ്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് നേടി. റിയാന്‍ റിക്കല്‍ടണ്‍, ഡെവാള്‍ഡ് ബ്രെവിസ്, കെയ്‌റോണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് കേപ് ടൗണിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

റിക്കല്‍ടണ്‍ 45 പന്തില്‍ 90 റണ്‍സടിച്ച് പുറത്തായപ്പോള്‍ 32 പന്തില്‍ പുറത്താകാതെ 66 റണ്‍സുമായി ഡെവാള്‍ഡ് ബ്രെവിസും ഏഴ് പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും അടക്കം 385.71 സ്‌ട്രൈക്ക് റേറ്റില്‍ പുറത്താകാതെ 27 റണ്‍സ് നേടി പൊള്ളാര്‍ഡും തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രിട്ടോറിയയുടെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ഫില്‍ സോള്‍ട്ട് നാല് പന്തില്‍ അഞ്ച് റണ്‍സ് നേടി പുറത്തായപ്പോള്‍ റിലി റൂസോ ബ്രോണ്‍സ് ഡക്കായും കോളിന്‍ അക്കര്‍മാന്‍ ഗോള്‍ഡന്‍ ഡക്കായും മടങ്ങി.

മൂന്നാം നമ്പറിലിറങ്ങിയ കൈല്‍ വെരായ്‌നെ മാത്രമാണ് ക്യാപ്പിറ്റല്‍സ് നിരയില്‍ ചെറുത്തുനിന്നത്. 52 പന്തില്‍ പുറത്താകാതെ 116 റണ്‍സാണ് താരം നേടിയത്. വെരായ്‌നെയുടെ ടി-20 കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് കേപ് ടൗണിനെതിരെ പിറവിയെടുത്തത്.

ഒമ്പത് സിക്‌സറും ഏഴ് ബൗണ്ടറിയും അടക്കം 223.08 സ്‌ട്രൈക്ക് റേറ്റിലാണ് വെരായ്‌നെ റണ്ണടിച്ചുകൂട്ടിയത്.

ടീമില്‍ ഒപ്പമുണ്ടായിരുന്നവരില്‍ ഒരാള്‍ക്ക് പോലും പിന്തുണ നല്‍കാന്‍ സാധിക്കാതെ വന്നതോടെ വെരായ്‌നെയുടെ സെഞ്ച്വറി പാഴാവുകയും പ്രിട്ടോറിയ ക്യാപ്പിറ്റല്‍സ് പരാജയം രുചിക്കുകയുമായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് പ്രിട്ടോറിയക്ക് നേടാന്‍ സാധിച്ചത്.

മറ്റാരും സഹായിക്കാനില്ലാത്ത സാഹചര്യത്തിലും സമ്മര്‍ദത്തെ അതിജീവിച്ച് ബാറ്റ് വീശിയതാണ് ഈ ഇന്നിങ്‌സിനെ ഏറെ സ്‌പെഷ്യലാക്കുന്നത്. എസ്.എ20യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായി ഇതോടെ വെരായ്‌നെയുടെ പ്രകടനം വാഴ്ത്തപ്പെട്ടു കഴിഞ്ഞു.

ഈ പരാജയത്തോടെ പ്രിട്ടോറിയ ക്യാപ്പിറ്റല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും ഏതാണ്ട് അവസാനിച്ച മട്ടാണ്. ഒമ്പത് മത്സരത്തില്‍ നിന്നും രണ്ട് ജയവും ആറ് തോല്‍വിയും ഉള്‍പ്പെടെ പത്ത് പോയിന്റോടെ അവസാന സ്ഥാനത്താണ് ക്യാപ്പിറ്റല്‍സ്.

ഒമ്പത് മത്സരത്തില്‍ നിന്നും 13 പോയിന്റോടെ നാലാം സ്ഥാനത്താണ് കേപ് ടൗണ്‍.

എസ്.എ20യുടെ പ്ലേ ഓഫിന് നിലവില്‍ മൂന്ന് ടീമാണ് യോഗ്യത നേടിയിരിക്കുന്നത്. ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി മൂന്ന് ടീമാണ് ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നത്.

Content Highlight: Kyle Verreynne’s brilliant innings against MI Cape Town

We use cookies to give you the best possible experience. Learn more