കീവ്: ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ ഇന്നലെ അര്‍ധരാത്രിയോടെ വ്യോമാക്രമണം ശക്തമാക്കി റഷ്യ. ഡ്രോണുകളും ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് പത്തോളം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വലിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ബി.ബി.സിയും റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സെന്‍ട്രല്‍ ജില്ലകളിലാണ് റോക്കറ്റുകള്‍ പതിച്ചതെന്ന് സിറ്റി മേയര്‍ വിറ്റാലി ക്ലിഷ്‌ക്കോ പറഞ്ഞതായും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. സമീപകാലത്ത് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്നും കുറഞ്ഞ സമയത്തിനകം ഇത്രയധികം മിസൈല്‍ വര്‍ഷം ഒന്നിച്ചുണ്ടാകുന്നത് അപൂര്‍വമായാണെന്നും ഉക്രേനിയന്‍ സൈനിക തലവന്‍ സെര്‍ഹിയ് പോപ്‌കോ പറഞ്ഞു.
തലസ്ഥാന നഗരം കേന്ദ്രീകരിച്ചുള്ള വ്യോമാക്രമണം പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ശത്രു മിസൈലുകളെ ഭൂരിഭാഗവും ആകാശത്ത് വെച്ച് തന്നെ നശിപ്പിക്കാനായെന്നും ഉക്രൈന്‍ അവകാശപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി യൂറോപ്യന്‍ പര്യടനങ്ങളിലായിരുന്നു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് എന്നിവരുമായും മറ്റു പടിഞ്ഞാറന്‍ സഖ്യരാജ്യങ്ങളുടെ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ബില്യണ്‍ കണക്കിന് ഡോളറുകളുടെ ആയുധങ്ങള്‍ ഉക്രൈന് നല്‍കാനും ധാരണയായിരുന്നു.
ഉക്രൈന് കൂടുതല്‍ ആയുധങ്ങള്‍ വാഗ്ദാനം ചെയ്തു ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ ആക്രമണം കടുപ്പിച്ചത്.