| Thursday, 7th November 2019, 11:11 pm

ടീം ക്യാപ്റ്റന്‍ രവിചന്ദ്രന്‍ അശ്വിനെ ദല്‍ഹിക്കു വിറ്റ് കിങ്‌സ് ഇലവന്‍ പഞ്ചാബ്; പകരം വാങ്ങിയത് ഒരു യുവ സ്പിന്നറെ

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ദല്‍ഹി കാപിറ്റല്‍സിനു വിറ്റു. ഒന്നരക്കോടി രൂപയ്ക്കാണ് പഞ്ചാബ് ക്യാപ്റ്റനായ അശ്വിനെ നല്‍കി, പകരം കര്‍ണാടക സ്പിന്നര്‍ ജഗദീഷ സുചിത്തിനെ പഞ്ചാബ് വാങ്ങിയത്.

ഇതോടൊപ്പം ന്യൂസിലന്‍ഡ് സ്പിന്നര്‍ ട്രെന്‍ഡ് ബോള്‍ട്ടിനെ ദല്‍ഹി പഞ്ചാബ് ആവശ്യപ്പെട്ടെങ്കിലും ദല്‍ഹി നല്‍കിയില്ല. എല്ലാവരും ഈ ഇടപാടില്‍ സന്തോഷവാന്മാരാണെന്നും അശ്വിനും സന്തോഷവാനാണെന്നും പഞ്ചാബ് സഹ ഉടമ നെസ് വാഡിയ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടു പറഞ്ഞു.

ഏഴരക്കോടി രൂപയാണ് അശ്വിന്റെ അടുത്ത ലേലത്തുക. നവംബര്‍ 14-നാണ് അശ്വിനെ ലേലത്തിന് ദല്‍ഹി വെയ്ക്കുന്നുണ്ടോ എന്ന കാര്യത്തില്‍ തീരുമാനമാകൂ.

അശ്വിന്റെ നായകത്വത്തില്‍ കഴിഞ്ഞ രണ്ട് സീസണിന്റെയും തുടക്കത്തില്‍ പഞ്ചാബ് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും പിന്നീട് നിറംമങ്ങി. 2018-ല്‍ ഏഴാമതായും ഈ വര്‍ഷം ആറാമതായുമാണ് അവര്‍ ഫിനിഷ് ചെയ്തത്.

ചെന്നൈ സൂപ്പര്‍ കിങ്‌സുമൊത്താണ് അശ്വിന്‍ ഐ.പി.എല്‍ കരിയര്‍ ആരംഭിച്ചത്. ചെന്നൈയ്ക്ക് വിലക്കേര്‍പ്പെടുത്തിയ രണ്ട് സീസണുകളില്‍ റൈസിങ് പുണെ സൂപ്പര്‍ജൈന്റ്‌സിനൊപ്പമായി പിന്നീട് അദ്ദേഹം. എന്നാല്‍ ചെന്നൈ തിരിച്ചുവന്നശേഷം അശ്വിനെ ലേലത്തില്‍ പിടിച്ചത് പഞ്ചാബാണ്.

2008-ല്‍ പഞ്ചാബ് സെമിയില്‍ പ്രവേശിച്ചിരുന്നു. 2014-ല്‍ ഫൈനലിലെത്തിയെങ്കിലും തോറ്റു.

ഇപ്പോള്‍ ബോര്‍ഡംഗമായി ഇന്ത്യന്‍ മുന്‍ പരിശീലകന്‍ അനില്‍ കുംബ്ലെ എത്തിയതോടെ പഞ്ചാബ് മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

We use cookies to give you the best possible experience. Learn more