| Monday, 12th February 2024, 8:21 am

ഐ.പി.എല്‍ ലേലത്തില്‍ ആര്‍ക്കും വേണ്ടാത്തവന്‍ ഇന്ന് ടൂര്‍ണമെന്റിന്റെ താരം; അടുത്ത എന്റിനിയാകാന്‍ പോന്ന പ്രോട്ടിയാസിന്റെ വജ്രായുധം

സ്പോര്‍ട്സ് ഡെസ്‌ക്

അണ്ടര്‍ 19 ലോകകപ്പ് 2024ന്റെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തെരഞ്ഞെടുക്കപ്പെട്ട് സൗത്ത് ആഫ്രിക്കയുടെ സൂപ്പര്‍ താരം ക്വേന മഫാക്ക. ടൂര്‍ണമെന്റിലുടനീളം പ്രോട്ടിയാസിനായി മികച്ച രീതിയില്‍ പന്തെറിഞ്ഞതിന് പിന്നാലെയാണ് ഈ അംഗീകാരം 17കാരനെ തേടിയെത്തിയത്.

ഇന്ത്യയുടെ സൗമി പാണ്ഡേ, മുഷീര്‍ ഖാന്‍, നായകന്‍ ഉദയ് സഹരണ്‍, ഓസ്‌ട്രേലിയന്‍ നായകന്‍ ഹ്യൂഗ് വെയ്ബ്ജന്‍, തന്റെ സഹതാരമായ സ്റ്റീവ് സ്റ്റോക് എന്നിവരെയെല്ലാം മറികടന്നാണ് മഫാക്ക ടൂര്‍ണമെന്റിന്റെ താരമായി മാറിയത്.

ഈ ലോകകപ്പില്‍ 21 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ലോകകപ്പ് റെക്കോഡിനേക്കാള്‍ ഒരു വിക്കറ്റ് മാത്രം കുറവ്. 2014ല്‍ ബംഗ്ലാദേശ് സൂപ്പര്‍ താരം അനാമുല്‍ ഹഖാണ് അണ്ടര്‍ 19 ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവുമധികം വിക്കറ്റ് നേടി റെക്കോഡിട്ടത്. 22 വിക്കറ്റാണ് ബംഗ്ലാ താരം സ്വന്തമാക്കിയത്.

പല റെക്കോഡുകളും സ്വന്തമാക്കിയാണ് മഫാക്ക ടൂര്‍ണമെന്റിന്റെ താരമായി മാറിയത്. ഇതില്‍ പ്രധാനം ഒരു ലോകകപ്പില്‍ മൂന്ന് ഫൈഫറുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ്. ശ്രീലങ്ക (6/21), സിംബാബ്‌വേ (5/34), വെസ്റ്റ് ഇന്‍ഡീസ് (5/38) എന്നിവര്‍ക്കെതിരെയാണ് മഫാക്ക ഫൈഫര്‍ നേടിയത്.

ലോകകപ്പിന്റെ കഴിഞ്ഞ സീസണിലും പ്രോട്ടിയാസ് താരം ഡെവാള്‍ഡ് ബ്രെവിസായിരുന്നു ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

അണ്ടര്‍ 19 ലോകകപ്പിന്റെ ഓരോ എഡിഷനിലും ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടവര്‍

(വര്‍ഷം – താരം – ടീം എന്നീ ക്രമത്തില്‍)

1988 – Not Awarded

1998 – Not Awarded

2000- യുവരാജ് സിങ് – ഇന്ത്യ

2002 – തതേന്റ തൈബു – സിംബാബ്‌വേ

2004 – ശിഖര്‍ ധവാന്‍ – ഇന്ത്യ

2006 – ചേതേശ്വര്‍ പൂജാര – ഇന്ത്യ

2008 – ടിം സൗത്തീ – ന്യൂസിലാന്‍ഡ്

2010 – ഡൊമനിക് ഹെന്‍ഡ്രിക്‌സ് – സൗത്ത് ആഫ്രിക്ക

2012 – വില്‍ ബോസിസ്‌റ്റോ – ഓസ്‌ട്രേലിയ

2014 – ഏയ്ഡന്‍ മര്‍ക്രം – സൗത്ത് ആഫ്രിക്ക

2016 – മെഹ്ദി ഹസന്‍ – ബംഗ്ലാദേശ്

2018 – ശുഭ്മന്‍ ഗില്‍ – ഇന്ത്യ

2020- യശസ്വി ജെയ്‌സ്വാള്‍ – ഇന്ത്യ

2022 – ഡെവാള്‍ഡ് ബ്രെവിസ് – സൗത്ത് ആഫ്രിക്ക

2024 – ക്വേന മഫാക്ക – സൗത്ത് ആഫ്രിക്ക

ഇതിന് പുറമെ 2023 ഐ.പി.എല്‍ താരലേലത്തിലും മഫാക്കയുടെ പേര് ചര്‍ച്ചയായിരുന്നു. ലേലത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടമാണ് താരത്തെ തേടിയെത്തിയത്. എന്നാല്‍ ഒരാള്‍ പോലും താരത്തെ ടീമിലെടുക്കുന്നതില്‍ താത്പര്യം കാണിച്ചിരുന്നില്ല.

എന്നാല്‍ ഐ.പി.എല്ലിന്റെ സൗത്ത് ആഫ്രിക്കന് കൗണ്ടര്‍പാര്‍ട്ടായ എസ്.എ20യില്‍ മഫാക്ക കളിക്കുന്നുണ്ട്. പാള്‍ റോയല്‍സിന് വേണ്ടിയാണ് താരം പന്തെറിയുന്നത്.

വരും വര്‍ഷങ്ങളില്‍ സൗത്ത് ആഫ്രിക്കയുടെ ഫാസ്റ്റ് ബൗളിങ് നിരയിലെ കരുത്തനായി മറാന്‍ മഫാക്കക്ക് സാധിക്കുമെന്ന് ഉറപ്പാണ്. ഇതിഹാസ താരങ്ങളായ മഖായ എന്റിനിയെ പോലെയോ ഡെയ്ല്‍ സ്‌റ്റെയ്‌നെ പോലെയോ മഫാക്കയും വളരുമെന്നും 22 യാര്‍ഡില്‍ പന്ത് കൊണ്ട് മായാജാലം കാണിക്കുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Kwena Maphaka won player of the tournament award in Under 19 World Cup

We use cookies to give you the best possible experience. Learn more